
May 18, 2025
09:20 AM
തിരുവനന്തപുരം: ശ്രീനാരാണയ ഗുരു സനാതന ധര്‍മ്മത്തിന്റെ ഭാഗമാണെന്ന് സ്വാമി സച്ചിദാനന്ദ. ഗുരു പരമദൈവമാണ്. ദൈവത്തിന്റെ പ്രത്യക്ഷരൂപമാണ്. സാമൂഹിക പരിഷ്‌കര്‍ത്താവിന്റെ കുടീരം കാണാനല്ല ജനങ്ങള്‍ ശിവഗിരിയിലെത്തുന്നതെന്നും സച്ചിദാനന്ദ സ്വാമി റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞു.
ഗുരു അദ്വൈത സത്യത്തെ പിന്തുടരുന്നയാളാണ്. വിപ്ലവകാരിയാക്കുന്നത് ഗുരുവിനെ ചെറുതാക്കുന്നതിന് തുല്യമാണ്. സനാതന ധര്‍മ്മത്തെ കുറിച്ച് തെറ്റിദ്ധാരണയുണ്ട്. ചാതുര്‍വര്‍ണ്യവും അന്തവിശ്വാസവും സനാതനധര്‍മ്മത്തില്‍ വന്നു ചേര്‍ന്നതാണ്. സനാതന ധര്‍മ്മം ഭാരതസംസ്‌കാരമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ഗുരു സനാതന ധര്‍മത്തിന്റെ വക്താവായിരുന്നില്ലെന്നും സാനാതനധര്‍മ്മത്തെ എതിര്‍ത്തയാളാണ് ഗുരുവെന്നും കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ശിവഗിരിയില്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
സനാതന ധര്‍മത്തിന്റെ വക്താവായിരുന്നില്ല ഗുരുവെന്നും എന്നാല്‍ സനാതന ധര്‍മ്മത്തിന്റെ വക്താവും പ്രയോക്താവുമായി ഗുരുവിനെ മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞുതുടങ്ങിയത്. അത്തരമൊരു മനുഷ്യനെ സനാതനധര്‍മത്തിന്റെ അടയാളമാക്കി മാറ്റാന്‍ ശ്രമിക്കുന്നതുതന്നെ ഗുരുവിനോട് ചെയ്യുന്ന വലിയ നിന്ദയാണ്. സനാതന ഹിന്ദുത്വത്തിന് ജനാധിപത്യം അയിത്തമാണ് എന്നും സനാതന ഹിന്ദുത്വം പഴയ രാജവാഴ്ചയാണ് ആഗ്രഹിക്കുന്നത് എന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
Content Highlights: Sreenarayana Guru is a Part of Sanatana Dharma Swami satchidananda