'കൈതോലപ്പായ' ആരോപണം; ജി ശക്തിധരന്റെ മൊഴിയെടുത്തേക്കില്ല

ബെന്നി ബെഹന്നാൻ എംപി നൽകിയ പരാതിയിലാണ് മൊഴിയെടുക്കാൻ തീരുമാനിച്ചിരുന്നത്

dot image

തിരുവനന്തപുരം : കൈതോലപ്പായ വിവാദത്തിൽ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരന്റെ മൊഴി ഇന്ന് എടുത്തേക്കില്ല. ബെന്നി ബെഹന്നാൻ എംപി നൽകിയ പരാതിയിലാണ് മൊഴിയെടുക്കാൻ തീരുമാനിച്ചിരുന്നത്. മൊഴിയെടുക്കേണ്ട കന്റോൺമെന്റ് പൊലീസിന്റെ അസൗകര്യത്തെ തുടർന്നാണ് മാറ്റി വെക്കുന്നത്. ഇന്ന് സാധ്യമായില്ലെങ്കിൽ നാളെ ശക്തിധരന്റെ മൊഴിയെടുക്കും. ഫെയ്സ്ബുക്കിലൂടെയാണ് ശക്തിധരൻ ആരോപണം ഉന്നയിച്ചത്.

സിപിഐഎമ്മിലെ ഒരു നേതാവ് കൈതോലപ്പായയിൽ പൊതിഞ്ഞ് 2.0035 കോടി രൂപ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് കടത്തിയെന്നായിരുന്നു ശക്തിധരന്റെ ആരോപണം. ഇതിനിടെ മുഖ്യമന്ത്രിയെ ഉന്നം വച്ച് നടന്ന ആരോപണങ്ങൾ പ്രതിപക്ഷം ഏറ്റെടുക്കുകയും ബെന്നി ബെഹന്നാൻ പരാതി നൽകുകയുമായിരുന്നു. പത്ത് ലക്ഷം രൂപ വീതമുള്ള രണ്ട് പാക്കറ്റ് കോവളത്തെ ഒരു ഹോട്ടലിൽ നിന്ന് ഒരു സിപിഐഎം നേതാവ് കൈപ്പറ്റിയെന്ന ആരോപണവും ശക്തിധരൻ ഉന്നയിച്ചിട്ടുണ്ട്. നേതാക്കൾക്കെതിരെ ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും സൂചന നൽകുകയല്ലാതെ ശക്തിധരൻ പേര് പറഞ്ഞിരുന്നില്ല.

ഇതിനിടെ ഈ ആരോപണങ്ങളെ അവഗണിക്കാൻ നേതാക്കൾക്ക് സിപിഐഎം നിർദ്ദേശം നൽകുകയും ആരോപണങ്ങൾക്ക് പിന്നിലെ ലക്ഷ്യം സുധാകരനെതിരായ കേസുകളെ പ്രതിരോധിക്കലാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് മറുപടി നൽകിയ ശക്തിധരൻ മറ്റൊരു ആരോപണമാണ് ഉന്നയിച്ചത്. കെ സുധാകരനെ കൊല്ലാൻ സിപിഐഎം പദ്ധതിയിട്ടിരുന്നുവെന്നാണ് ശക്തിധരൻ പറഞ്ഞത്. തൊട്ടുതൊട്ടില്ല എന്ന നിലയിലാണ് സുധാകരൻ രക്ഷപ്പെട്ടതെന്നും ആരോപിച്ചിരുന്നു. സുധാകരൻ കൊല്ലപ്പെടേണ്ട ആളാണെന്ന പൊതുബോധം ഇടതുപക്ഷ അനുകൂലികൾക്കിടയിൽ വളർത്തിയിട്ടുണ്ടെന്നും ശക്തിധരൻ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു.

dot image
To advertise here,contact us
dot image