
എഎഫ്‌സി വനിതാ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. മംഗോളിയയ്‌ക്കെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. എതിരില്ലാത്ത 13 ഗോളുകളുടെ വന്‍ വിജയമാണ് ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയത്.
തായ്‌ലാന്‍ഡിലെ ചിയാങ് മായിലെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പൂര്‍ണമായും ഇന്ത്യയുടെ ആധിപത്യമായിരുന്നു. ആദ്യ പകുതിയില്‍ 4-0 ന് മുന്നിട്ട് നിന്ന ബ്ലൂ ടൈഗ്രസ്സുകള്‍ രണ്ടാം പകുതിയില്‍ ആക്രമണം കടുപ്പിച്ചു.
സ്‌ട്രൈക്കര്‍ പ്യാരി സാക്‌സ അഞ്ച് ഗോളുകള്‍ (29', 45', 46', 52', 55') സ്വന്തമാക്കി മികച്ച വ്യക്തിഗത പ്രകടനം കാഴ്ചവച്ചു. സൗമ്യ ഗുഗുലോത്ത് (20', 59'), പ്രിയദര്‍ശിനി സെല്ലദുരൈ (73', 86') എന്നിവര്‍ ഇരട്ട ഗോളുകള്‍ വീതം നേടി. സംഗീത ബസ്‌ഫോര്‍ (8'), റിംപ ഹല്‍ദര്‍ (67'), മാളവിക (71'), ഗ്രേസ് ഡാങ്‌മെയ് (75' പെനാല്‍റ്റി) എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.
Content Highlights: India thrashes Mongolia 13-0 in AFC Women’s Asian Cup Qualifier Opener