മേജർ ലീ​ഗ് ക്രിക്കറ്റിൽ വിജയകുതിപ്പ് തുടർന്ന് സാൻ ഫ്രാൻസിസ്കോ; തുടർച്ചയായ ആറാം വിജയം

സിയാറ്റിലിനായി ജെറാൾഡ് കോട്സീ, ഹർമീത് സിങ് എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി

dot image

മേജർ ലീ​ഗ് ക്രിക്കറ്റ് ടൂർണമെന്റിൽ വിജയകുതിപ്പ് തുടർന്ന് സാൻ ഫ്രാൻസിസ്കോ യുണികോൺസ്. ഇന്ന് നടന്ന മത്സരത്തിൽ സിയാറ്റില്‍ ഓര്‍ക്കാസിനെ 32 റൺസിനാണ് സാൻ ഫ്രാൻസിസ്കോ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സാൻ ഫ്രാൻസിസ്കോ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ സിയാറ്റിൽ ഓർക്കസ് 18.2 ഓവറിൽ 144 റൺസിൽ എല്ലാവരും പുറത്തായി.

നേരത്തെ ടോസ് നേടിയ സിയാറ്റിൽ സാൻ ഫ്രാൻസിസ്കോയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 29 പന്തിൽ ഏഴ് ഫോറും രണ്ട് സിക്സറും സഹിതം 52 റൺസ് നേടിയ ക്യാപ്റ്റൻ മാറ്റ് ഷോർട്ട്, 21 പന്തിൽ അഞ്ച് ഫോറും ഒരു സിക്സറും സഹിതം 34 റൺസെടുത്ത ജെയ്ക് ഫ്രെയ്സർ മക്​ഗർ​ഗ്, 31 പന്തിൽ നാല് ഫോറും നാല് സിക്സറും സഹിതം 56 റൺസെടുത്ത റൊമാരിയോ ഷെപ്പോർഡ് എന്നിവരാണ് സാൻ ഫ്രാൻസിസ്കോയെ മികച്ച സ്കോറിലെത്തിച്ചത്. എന്നാൽ മറ്റാർക്കും സാൻ ഫ്രാൻസിസ്കോ നിരയിൽ രണ്ടക്കം കടക്കാൻ സാധിച്ചില്ല. സിയാറ്റിലിനായി ജെറാൾഡ് കോട്സീ, ഹർമീത് സിങ് എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ സിയാറ്റിൽ ഓർക്കസിനായി ഓപണർമാരായ ഷയാൻ ജഹാം​ഗീർ, ഡേവിഡ് വാർണർ എന്നിവർ മികച്ച തുടക്കം നൽകി. 22 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സറും സഹിതം 40 റൺസാണ് ജഹാം​ഗീർ നേടിയത്. ഡേവി‍ഡ് വാർ‌ണർ 20 പന്തിൽ രണ്ട് ഫോറുകൾ സഹിതം 23 റൺസ് സംഭാവന ചെയ്തു. ആദ്യ വിക്കറ്റിൽ ഇരുവരും 66 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ പിന്നീട് വന്നവർക്ക് വലിയ കൂട്ടുകെട്ടുകൾ നിർമിക്കാൻ കഴിയാതെ പോയതാണ് സിയാറ്റിലിന് തിരിച്ചടിയായത്.

ഷിമ്രോൺ ഹെറ്റ്‍മെയർ 16 പന്തിൽ മൂന്ന് ഫോറും ഒരു സിക്സറും സഹിതം 30 റൺസെടുത്തു. സുജിത് നായക് 21 പന്തിൽ ഒരു ഫോർ ഉൾപ്പെടെ 15 റൺസും നേടി. സാൻഫ്രാൻസിസ്കോയ്ക്കായി ഹാരിസ് റൗഫ് നാല് വിക്കറ്റുകൾ വീഴ്ത്തി. മാറ്റ് ഷോർട്ട് മൂന്നും റൊമാരിയോ ഷെപ്പേർഡ് രണ്ടും വിക്കറ്റുകൾ സ്വന്തമാക്കി. സേവ്യർ ബാർലെറ്റിനാണ് ഒരു വിക്കറ്റ്.

ടൂർണമെന്റിൽ കളിച്ച ആറ് മത്സരങ്ങളും വിജയിച്ച് സാൻ ഫ്രാൻസിസ്കോ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്. കളിച്ച അഞ്ചിലും സിയാറ്റിൽ പരാജയപ്പെട്ടു. പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ് സിയാറ്റിലിന്റെ സ്ഥാനം.

Content Highlights: San Francisco Unicorns beat Seattle Orcas by 32 runs

dot image
To advertise here,contact us
dot image