
മേജർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ലോസ് ഏയ്ഞ്ചൽസ് നൈറ്റ് റൈഡേഴ്സിനെ വീഴ്ത്തി ടെക്സസ് സൂപ്പർ കിങ്സ്. 52 റൺസിനായി ടെക്സസ് സൂപ്പർ കിങ്സിന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ടെക്സസ് സൂപ്പർ കിങ്സ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ലോസ് ഏയ്ഞ്ചൽസിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുക്കാനെ സാധിച്ചുള്ളൂ.
നേരത്തെ ടോസ് നേടിയ ലോസ് ഏയ്ഞ്ചൽസ് ടെക്സസ് സൂപ്പർ കിങ്സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 70 റൺസെടുത്ത ശുഭം രഞ്ജനെ, 43 റൺസെടുത്ത ഡൊണോവൻ ഫെരേര, 38 റൺസെടുത്ത സമിത് പട്ടേൽ എന്നിവരുടെ പ്രകടനമാണ് ടെക്സസിനെ മികച്ച സ്കോറിലെത്തിച്ചത്. ലോസ് ഏയ്ഞ്ചൽസിനായി ആന്ദ്ര റസ്സൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ലോസ് ഏയ്ഞ്ചൽസ് വിജയലക്ഷ്യത്തിലേക്കുള്ള പോരാട്ടം കാഴ്ചവെച്ചില്ല. ടോപ് സ്കോററായ ഉൻമുക്ത് ചന്ദിന് 30 റൺസെടുക്കാൻ 30 പന്തുകൾ വേണ്ടി വന്നു. ജേസൺ ഹോൾഡർ 17 പന്തിൽ പുറത്താകാതെ 26 റൺസെടുത്തു. മേജർ ലീഗ് ക്രിക്കറ്റിൽ കളിച്ച ആറ് മത്സരങ്ങളിൽ ടെക്സസിന്റെ നാലാം വിജയമാണിത്. നൈറ്റ് റൈഡേഴ്സ് അഞ്ച് മത്സരങ്ങളിൽ നാലിലും പരാജയപ്പെട്ടു.
Content Highlights: Texas Super Kings beat Los Angels Knight Riders by 52 runs