Top

ഗുജറാത്തില്‍ സ്വാതന്ത്ര്യത്തിന് ശേഷം ബിജെപിയ്ക്ക് ഇത് വരെ വിജയിക്കാന്‍ കഴിയാത്ത എട്ട് സീറ്റുകളുണ്ട്; വിട്ടുകൊടുക്കാതെ കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും

23 Oct 2022 5:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുജറാത്തില്‍ സ്വാതന്ത്ര്യത്തിന് ശേഷം ബിജെപിയ്ക്ക് ഇത് വരെ വിജയിക്കാന്‍ കഴിയാത്ത എട്ട് സീറ്റുകളുണ്ട്; വിട്ടുകൊടുക്കാതെ കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും
X

ഗാന്ധിനഗര്‍: വരുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് ഭരണകക്ഷിയായ ബിജെപി, കോണ്‍ഗ്രസ്, ആംആദ്മി എന്നിവരെല്ലാം. കഴിഞ്ഞ 27 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്നത് ബിജെപിയാണ്. ബിജെപിയുടെ കോട്ട എന്നറിയപ്പെടുമ്പോളും സ്വാതന്ത്ര്യത്തിന് ശേഷം പാര്‍ട്ടിക്ക് ഇത് വരെ വിജയിക്കാന്‍ കഴിയാത്ത എട്ട് സീറ്റുകളുണ്ട് സംസ്ഥാനത്ത്.

ബോര്‍സാദ്, ജഗ്ദിയ, അംക്ലാവ്, ദാനിലിമാഡ, മഹൂദ, ഗാര്‍ബാദ, വ്യാര എന്നീ സീറ്റുകളിലാണ് ബിജെപിക്ക് ഇത് വരെ വിജയിക്കാന്‍ കഴിയാത്തത്. ഇത്തവണ ഈ സീറ്റുകളില്‍ വിജയിക്കുമെന്നാണ് ബിജെപി അവകാശവാദം. 1960ലാണ് മഹാരാഷ്ട്രയില്‍ നിന്ന് മാറി ഗുജറാത്ത് സംസ്ഥാനം രൂപീകരിച്ചത്. 1962ലാണ് ആദ്യമായി തെരഞ്ഞെടുപ്പ് നടന്നത്.

ബോര്‍സാദ് മണ്ഡലത്തില്‍ രണ്ട് ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പെടെ 15 തവണയാണ് തെരഞ്ഞെടുപ്പ് നടന്നത്. 1962ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. അതിന് ശേഷം ഈ സീറ്റില്‍ കോണ്‍ഗ്രസ് മാത്രമാണ് വിജയിച്ചിട്ടുള്ളത്. ജഗ്ദിയ മണ്ഡലത്തില്‍ 13 തവണയാണ് തെരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്. കോണ്‍ഗ്രസ്, ജനതാദള്‍, ബിടിപി എന്നീ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ ഇവിടെ വിജയിച്ചപ്പോള്‍ ബിജെപിക്ക് വിജയം മാറി നിന്നു.

വ്യാര മണ്ഡലത്തില്‍ ഒരു ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പെടെ 14 തവണ തെരഞ്ഞെടുപ്പ് നടന്നു. കോണ്‍ഗ്രസ് എല്ലാ തെരഞ്ഞെടുപ്പിലും വിജയിച്ചു. ഗോത്ര സംവരണ സീറ്റുകളായ മഹൂദയിലും ഗാര്‍ബാദയിലും ബിജെപിക്ക് ഒരിക്കലും വിജയിക്കാനായിട്ടില്ല.

ഈ സീറ്റുകളില്‍ ദനില്‍മാദ സീറ്റ് ഒഴിച്ച് ബാക്കിയെല്ലാം ഗോത്രമേഖലയിലെ സീറ്റുകളാണ്. ഗോത്രമേഖലയിലെ കോണ്‍ഗ്രസ് സ്വാധീനത്തിന് ഒരു പോറലുമേല്‍പ്പിക്കാന്‍ ബിജെപിക്ക് ഇത് വരെ സാധിച്ചിട്ടില്ല.

തെരഞ്ഞെടുപ്പില്‍ സംസ്ഥാനം ഭരിക്കുന്ന ബിജെപിയെ താഴെയിറക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഗുജറാത്തിലെ കോണ്‍ഗ്രസ്. വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഓരോ വീടുകള്‍ കയറിയുള്ള പ്രചരണം നടക്കുന്നതും ശക്തമായ ബൂത്ത് പ്രവര്‍ത്തനം നടക്കുന്നതുമാണ് തങ്ങളുടെ ആത്മവിശ്വാസത്തിന് കാരണമെന്നും അവര്‍ പറയുന്നു.

സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നതിന് വേണ്ടി കോണ്‍ഗ്രസിന് ലഭിക്കാവുന്ന വോട്ടുകള്‍ വിഭജിക്കുന്ന ബിജെപി ബി ടീമായാണ് ആംആദ്മി പാര്‍ട്ടിയും എഐഎംഐഎമ്മും പ്രവര്‍ത്തിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. സംസ്ഥാന ഭരണകക്ഷിക്ക് നേരെ ശക്തമായ വികാരം ജനങ്ങളില്‍ ഉള്ളത് കൊണ്ടാണ് ബിജെപി തങ്ങളുടെ ഗൗരവ് വികാസ് യാത്ര ചുരുക്കിയതെന്നും കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ജഗദീഷ് താക്കൂര്‍ പറഞ്ഞു.

'ഗുജറാത്ത് തെരഞ്ഞെടുപ്പ് ചിത്രത്തിലേ കോണ്‍ഗ്രസ് ഇല്ലയെന്ന വ്യാഖ്യാനം ഉണ്ടാക്കിയിട്ടുണ്ട്. ഞാനൊന്നേ പറയുന്നുള്ളൂ, നിങ്ങള്‍ ഫലം വരുന്നത് വരെ കാത്തിരിക്കൂ. ഞങ്ങള്‍ 182ല്‍ 125 സീറ്റിലധികം നേടി വിജയിച്ച് സര്‍ക്കാര്‍ രൂപീകരിക്കും', ജഗദീഷ് താക്കൂര്‍ പറഞ്ഞു.

'ശരിയായ ബൂത്ത് തല പ്രവര്‍ത്തനവും വീടുകള്‍ കയറിയുള്ള പ്രചരണവുമാണ് ഞങ്ങളുടെ തന്ത്രം. ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നതിന് മുമ്പ് രണ്ട് ദിവസം മുമ്പ് സെപ്തംബര്‍ അഞ്ചിന് രാഹുല്‍ ഗാന്ധി സംസ്ഥാനത്തെത്തി ബൂത്ത് തല പ്രവര്‍ത്തകരെ കണ്ടിരുന്നു. ഞങ്ങളുടെ കയ്യില്‍ ഡാറ്റയുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്', ജഗദീഷ് താക്കൂര്‍ പറഞ്ഞു.

ഒക്ടോബര്‍ 28നും 30നുമായി സംസ്ഥാനത്തെ ഗോത്ര മേഖലകളില്‍ അഞ്ച് ആദിവാസി സമ്മേളനങ്ങളാണ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നിരീക്ഷകന്‍ അശോക് ഗെഹ്‌ലോട്ട് ഈ യോഗങ്ങളില്‍ പങ്കെടുക്കും.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധിയോടും പ്രിയങ്ക ഗാന്ധിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജഗദീഷ് താക്കൂര്‍ പറഞ്ഞു. ഈ മാസം അവസാനത്തോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചേക്കും.

'ബിജെപിയെ പരാജയപ്പെടുത്തുന്നതില്‍ നിന്ന് കോണ്‍ഗ്രസിനെ തടയുക എന്ന ലക്ഷ്യത്തോടെ ഗോവയിലേക്ക് എത്തിയപ്പോള്‍ ആംആദ്മിക്ക് പാര്‍ട്ടിക്ക് ലഭിച്ചത് ആറ് ശതമാനം വോട്ടാണ്. ഉത്തരാഖണ്ഡില്‍ അഞ്ച് ശതമാനം വോട്ട്. ആംആദ്മി പാര്‍ട്ടിയും എഐഎംഐഎമ്മും ബിജെപി ബി ടീമാണ്. അവര്‍ക്ക് താഴെ തട്ടില്‍ പ്രവര്‍ത്തകരില്ല. ബ്ലോക്ക്, ജില്ല പ്രസിഡന്റുമാരില്ല. ബൂത്ത് തലത്തിലില്ല. പണം വാങ്ങി പ്രവര്‍ത്തിക്കുന്നവരാണ് അവരോടൊപ്പമുള്ളത്. കോണ്‍ഗ്രസിന് പ്രശ്‌നം സൃഷ്ടിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്', ജഗദീഷ് താക്കൂര്‍ പറഞ്ഞു.

Story Highlights: eight seats that the saffron party has never been able to win since independence at gujarat

Next Story