ദളപതി വിജയ് പ്രഖ്യാപിച്ച പുതിയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക പതാക വ്യാഴാഴ്ചയാണ് പുറത്തുവിട്ടത്. പാര്‍ട്ടിയുടെ പ്രസിഡന്റ് കൂടിയായ വിജയ് ഉയര്‍ത്തിയ പതാകയുടെ ചിത്രം പുറത്തുവന്നതിന് പിന്നാലെ ചിലര്‍ പരിഹാസവുമായി രംഗത്ത് എത്തിയിരുന്നു.
സ്‌പെയിനിന്റെ ദേശീയ പതാകയോട് സാമ്യം തോന്നുന്നതാണ് തമിഴക വെട്രി കഴകത്തിന്റെ പതാകയെന്നും സ്‌പെയിന്‍ പതാകയില്‍ കേരളത്തിന്റെ ഔദ്യോഗിക ചിഹ്നമായ രണ്ട് ആനകളെ വെച്ചാണ് പാര്‍ട്ടി പതാക തയ്യാറാക്കിയതെന്നുമായിരുന്നു ഉയര്‍ന്ന പരിഹാസം.
എന്നാല്‍ തമിഴക വെട്രി കഴകം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം എവിടെയായിരിക്കുമെന്ന് കൃത്യമായ സൂചന നല്‍കുന്നതാണ് ഇന്ന് പുറത്തിറക്കിയിരിക്കുന്ന പതാക. ഇതിന് പുറമെ വിജയ് പുറത്തിറക്കിയ പാര്‍ട്ടിയുടെ ഔദ്യോഗിക പതാകാ ഗാനത്തിന്റെ വീഡിയോയിലും തന്റെ രാഷ്ട്രീയത്തിന്റെ സൂചനകള്‍ വിജയ് നല്‍കുന്നുണ്ട്.
ചുവപ്പും മഞ്ഞയും പശ്ചാത്തലത്തില്‍ 28 നക്ഷത്രങ്ങള്‍ക്കുള്ളില്‍ ഉള്ള വാഗൈ പൂവും അതിന് ഇരുവശത്തുമായി നില്‍ക്കുന്ന ആനകളുമാണ് പതാകയില്‍ ഉള്ളത്. തമിഴ് ഈഴം എന്നറിയപ്പെടുന്ന തമിഴ് ചരിത്രത്തില്‍ നിന്നാണ് വാഗൈ പൂവും മഞ്ഞയും ചുവപ്പും നിറങ്ങളും തമിഴക വെട്രി കഴകത്തിന്റെ പതാകയിലേക്ക് എത്തുന്നത്. സംഘകാലത്ത് ചേര -ചോള - പാണ്ഡ്യ രാജവംശങ്ങള്‍ ഉപയോഗിച്ചിരുന്ന കൊടികളില്‍ നിന്നുമാണ് ചുവപ്പും മഞ്ഞയും നിറം തമിഴ് ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാവുന്നത്.
തമിഴ് വീരത്തിന്റെയും തമിഴ് വീരന്മാരുടെ ധീരതയുടെയും നിറങ്ങളായിട്ടാണ് മഞ്ഞയും ചുവപ്പും നിറങ്ങള്‍ കണക്കാക്കപ്പെടുന്നത്. തീവ്ര തമിഴ് രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന എല്‍ടിടിഇ സംഘടനയും നാം തമിഴര്‍ കക്ഷി പോലുള്ള പാര്‍ട്ടികളും ഇതേ കളര്‍ പാറ്റേണ്‍ ഉപയോഗിക്കുന്നവരാണ്. ഇതിന് പുറമെ ശ്രീലങ്കയിലെ തമിഴ് ഈഴവും ഇതേ നിറത്തിലുള്ള പതാകയാണ് ഉപയോഗിക്കുന്നത്.
പതാകയിലെ വാഗൈ പൂവും തമിഴ് വീരത്തിന്റെ പര്യായമായിട്ടാണ് കണക്കാക്കുന്നത്. യുദ്ധത്തിനും പോരാട്ടത്തിനും പോയി വിജയികളായി തിരികെ എത്തുന്ന പോരാളികള്‍ക്ക് അവരുടെ വിജയത്തിന്റെ പ്രതീകമായി സംഘകാലത്ത് വാഗൈ പൂവ് കൊണ്ടുള്ള മാലയായിരുന്നു ധരിപ്പിച്ചിരുന്നത്. 'ഇയാവഗൈ' എന്നാണ് സംഘകാലത്ത് ഈ മരത്തിനെ വിളിച്ചിരുന്നത്.
ജനാധിപത്യത്തെയും ജനങ്ങളുടെ ശക്തിയെയുമാണ് ആന പ്രതിനിധാനം ചെയ്യുന്നത്. സംഘകാലത്ത് പോരാട്ടത്തിനായി രാജാക്കന്മാര്‍ സഞ്ചരിച്ചിരുന്നത് ആനപ്പുറത്തായിരുന്നു. എന്നാല്‍ ടിവികെയുടെ പതാക ഗാനത്തിന്റെ വീഡിയോയില്‍ തമിഴ് ജനതയെ ദ്രോഹിക്കുന്ന രണ്ട് 'കറുത്ത' ആനകളെയും അവയെ നിയന്ത്രിക്കുന്ന രണ്ട് പേരെയും കാണാം. തമിഴ് നാട്ടിലെ ദ്രാവിഡ പാര്‍ട്ടികളെയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അവര്‍ ജനങ്ങളുടെ ശക്തിയെ വരുതിയിലാക്കി വെച്ചിരിക്കുകയാണ് എന്നായിരിക്കാം ഇതിന്‍റെ അര്‍ത്ഥം.
ഇതിന് പുറമെ വീഡിയോയില്‍ മൂന്ന് നിഴല്‍ രൂപങ്ങള്‍ കാണിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ ജനകീയ മുഖ്യമന്ത്രിമാരായിരുന്ന അണ്ണാ ദുരൈയും എംജിആറും പിന്നെ, വിജയ്‌യുമാണ് ആ നിഴല്‍ രൂപങ്ങള്‍. അണ്ണായ്ക്കും എംജിആറിനും ശേഷം അടുത്ത ജനകീയനായ മുഖ്യമന്ത്രി വിജയ് ആയിരിക്കുമെന്ന തരത്തിലാണ് ടിവികെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
ദ്രാവിഡ രാഷ്ട്രീയത്തില്‍ മാത്രം ഊന്നിയായിരിക്കില്ല തന്റെ രാഷ്ട്രീയമെന്നും പകരം തമിഴ് ദേശീയത മുന്നോട്ട് വെച്ച് പെരിയാര്‍, കാമരാജ്, അംബേദ്കര്‍, എപിജെ അബ്ദുള്‍കലാം എന്നിവരെ ഐക്കണുകളാക്കിയാകും വിജയ് തന്റെ രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോവുകയെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍.
2026 ലെ തെരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യമിടുന്നത്. അന്ന് തമിഴ്‌നാടിന്റെ അധികാര സ്ഥാനത്തേക്ക് എത്താന്‍ സാധിച്ചില്ലെങ്കിലും തമിഴ്‌നാടിന്റെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്താന്‍ സാധിക്കുമെന്നാണ് വിജയ് വിലയിരുത്തുന്നത്. പത്ത് വര്‍ഷം തുടര്‍ച്ചയായി ഭരിക്കുന്ന ഡിഎംകെയെ വിജയ് താഴെ ഇറക്കിയാലും അത്ഭുതപ്പെടാനൊന്നുമില്ല.
കാരണം ഡിഎംകെ മാത്രമാണ് നിലവില്‍ വിജയ്ക്ക് മുന്നിലുള്ള വെല്ലുവിളി. അണ്ണാ ഡിഎംകെ അതിന്റെ തകര്‍ച്ചയുടെ പാതയിലാണ്. ബിജെപിയുടെ രാഷ്ട്രീയം തമിഴ്‌നാട്ടില്‍ വേര് പിടിക്കുന്നില്ല. മുമ്പ് പ്രബലരായിരുന്ന വിജയകാന്തിന്റെ ഡിഎംഡികെ, നാം തമിഴര്‍ കച്ചി, കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം തുടങ്ങിയവയൊന്നും നിലവില്‍ തമിഴ്‌നാടിന്റെ ആധികാര രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിവുള്ളവരല്ല.