തിരുവനന്തപുരം: അന്തരിച്ച മുൻ ഗവർണറും സ്പീക്കറും മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന വക്കം പുരുഷോത്തമന് നാടിന്റെ അന്ത്യാഞ്ജലി. വക്കത്തെ കുടുംബ വീട്ടിൽ ഭൗതികദേഹം സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ജന്മനാടിന്റെ സ്നേഹം ഏറ്റുവാങ്ങിയാണ് വക്കം പുരുഷോത്തമൻ യാത്രയായത്. രണ്ടു ദിവസമായി സമൂഹത്തിന്റെ നാനാ തുറകളിൽ നിന്ന് നിരവധി പേർ വക്കത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. രാവിലെ 10.30 ഓടെ വക്കത്തെ കുടുംബവീട്ടിൽ സർക്കാർ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, യുഡിഎഫ് കൺവീനർ എം എം ഹസ്സൻ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. ലക്ഷ്യബോധത്തോടെ രാഷ്ട്രീയ പ്രവർത്തനം നടത്തിയ നേതാവായിരുന്നു വക്കം പുരുഷോത്തമനെന്ന് കെ സുധാകരൻ അനുസ്മരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു വക്കം വിടപറഞ്ഞത്. പരിചയ സമ്പന്നനായ തലമുതിർന്ന നേതാവിനെയാണ് വക്കത്തിന്റെ വേർപാടിലൂടെ കോൺഗ്രസിന് നഷ്ടമായത്.
ആന്ഡമാനില് ലഫ്റ്റനന്റ് ഗവര്ണറും മിസോറാമിലും ത്രിപുരയിലും ഗവര്ണറുമായിരുന്നു. കേരളം കണ്ട ഏറ്റവും കര്ക്കശകാരനായ സ്പീക്കര് എന്ന വിശേഷണത്തിനും അര്ഹനായിരുന്നു. ഏറ്റവും കൂടുതല് കാലം സ്പീക്കറായിരുന്നതിന്റെ ബഹുമതിയും വക്കം പുരുഷോത്തമനാണ്. അഭിഭാഷകനെന്ന നിലയിലും മികവ് പുലര്ത്തിയ പൊതുപ്രവര്ത്തകനായിരുന്നു വക്കം പുരുഷോത്തമന്. കോണ്ഗ്രസിന്റെ വിദ്യാര്ത്ഥി പ്രസ്ഥാനത്തിലൂടെ പൊതുപ്രവര്ത്തന രംഗത്തേക്ക് വന്ന നേതാവാണ് വക്കം പുരുഷോത്തമന്. ആറ്റിങ്ങലില് നിന്ന് അഞ്ചു തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴയില് നിന്ന് രണ്ടുതവണ ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.