മോഫിയയുടെ മരണം; ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്, ഒളിവില്‍
അതേസമയം കുടുംബം ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
23 Nov 2021 4:16 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആലുവയിലെ മോഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ ഭര്‍ത്താവ് മുഹമ്മദ് സുഹൈലിനും കുടുംബത്തിനും എതിരെ പൊലീസ് കേസെടുത്തു. ഗാര്‍ഹീക പീഡനവും ആത്മഹത്യ പ്രേരണാകുറ്റവും ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അതേസമയം കുടുംബം ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
ഭര്‍ത്താവ് സുഹൈലിനും ഭര്തൃമാതാപിതാക്കള്ക്കുമെതിരെയാണ് മോഫിയ നല്കിയ പരാതിയില്‍ ആരോപണം ഉന്നയിച്ചിരുന്നത്. പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് മാനസീകമായും ശാരീരികമായും തന്നെ ഉപദ്രവിച്ചതായും മോഫിയ പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കുടുംബത്തിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയത്. തുടര്‍ന്നാണ് ഇവര്‍ ഒളിവില്‍ പോയതതെന്നാണ് നിഗമനം.
സ്ത്രീധനത്തിന്റെ പേരില്‍ നേരിടേണ്ടി വന്ന കടുത്ത മാനസികപീഡനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമൊടുവിലാണ് മോഫിയ ആത്മഹത്യ ചെയ്തതെന്ന് അടുത്ത ബന്ധു വ്യക്തമാക്കിയിരുന്നു. പൊലീസ് സ്റ്റേഷനില്‍ നിന്ന് തിരിച്ചെത്തിയ ശേഷം കുറച്ചുനേരം ഒറ്റക്കിരിക്കട്ടെയെന്ന് പറഞ്ഞ് മോഫിയ മുറിയില്‍ കയറി, അല്പ സമയത്തിനുള്ളില്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നുമായിരന്നു ബന്ധുവിന്റെ പ്രതികരണം. സ്ത്രീധനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പറഞ്ഞ് മാനസികവും ശാരീരികവുമായും ഭര്‍ത്താവ് സുഹൈലും കുടുംബവും ഉപദ്രവിക്കുമായിരുന്നു. എല്ലാം ക്ഷമിച്ചും സഹിച്ചും ദിവസങ്ങളോളം മോഫിയ പിടിച്ചു നിന്നു. നിവൃത്തികെട്ടപ്പോഴാണ് വീട്ടുകാരെ വിവരങ്ങള്‍ അറിയിച്ചത്. ഒക്ടോബര്‍ 28ന് ഭര്‍ത്താവ് ആലുവ പള്ളിയില്‍ തലാഖ് നോട്ടീസ് നല്കി. അതില്‍ സഹകരിച്ചിരുന്നില്ല. പിന്നീടാണ് പൊലീസില്‍ പരാതിപ്പെട്ടത്. ഇന്നലെ പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും വീട്ടുകാരെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യയെന്നുമായിരുന്നു ബന്ധുവിന്റെ വെളിപ്പെടുത്തല്‍.
ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്കാന് എത്തിയപ്പോള്‍, പൊലീസ് അവഹേളിച്ചുവെന്നാണ് ആലുവ പൊലീസിനെതിരെ മോഫിയ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. മോഫിയയുടെ ഭര്‍ത്താവിന്റെ വീട്ടുകാരെ വിളിച്ച് വരുത്തി പൊലീസ് സ്റ്റേഷനില്‍ വച്ച് ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ വച്ച് പെണ്‍കുട്ടിയെയും കുടുംബത്തെയും പൊലീസ് അധിക്ഷേപിച്ചു എന്നാണ് ആരോപണം.
- TAGS:
- Mofia Death
- Mofia Parveen