'മോഡേൺ റിലീഫ് ബാങ്ക് ഓഫ് കൊച്ചി' തകർന്നിട്ട് 67 വർഷം; അവസാനിക്കാതെ കടക്കാരുടേയും ഉടമസ്ഥരുടേയും നിയമപോരാട്ടം
ബാങ്ക് തകരുകയും ഉടമ ഫ്രാൻസിസും ബാങ്കിന്റെ 782 കടക്കാരും മരിച്ച് അറുപത്തിയേഴു വർഷം കഴിഞ്ഞിട്ടും നിയമ പോരാട്ടം തുടരുകയാണ്.
19 March 2022 8:38 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എറണാകുളം: കൊച്ചിയിലെ 'മോഡേൺ റിലീഫ് ബാങ്ക് ഓഫ് കൊച്ചി' തകർന്നിട്ട് 67 വർഷം പിന്നിട്ടിട്ടും നിയമപോരാട്ടം ഇപ്പോഴും അവസാനിക്കുന്നില്ല. ബാങ്കിന്റെ ഉടമയായ ഫ്രാൻസിസും കേസ് കൈകാര്യം ചെയ്തിരുന്ന ന്യായാധിപന്മാരും മരിച്ചുപോയിട്ടും കേസിലെ നിയമപോരാട്ടം അനന്തമായി നീളുകയാണ്. ഫ്രാൻസിസിന്റെ മകൻ ജോസഫാണ് ഇപ്പോൾ കേസുമായി മുന്നോട്ട് പോകുന്നത്.
ബാങ്ക് തകരുകയും ഉടമ ഫ്രാൻസിസും ബാങ്കിന്റെ 782 കടക്കാരും മരിച്ച് അറുപത്തിയേഴു വർഷം കഴിഞ്ഞിട്ടും നിയമ പോരാട്ടം തുടരുകയാണ്.
ഈ അടുത്ത് എറണാകുളം ഒന്നാം അഡീഷണൽ സബ്‌കോർട്ട് കടക്കാരോട് അവർക്ക് ലഭിക്കാനുള്ള നഷ്ടപരിഹാരം എത്രയാണെന്ന് രേഖപ്പെടുത്തി മുന്നോട്ട് വരാൻ ആവശ്യപ്പെട്ട്കൊണ്ട് ഒരു പത്രപരസ്യം നൽകിയിരുന്നു. കടക്കാരുമായോ അവരുടെ നിയമപരമായ അവകാശികളുമായോ ബന്ധപ്പെടാൻ നിലവിൽ വസ്‌തുവകകളുടെ ഭരണത്തിനു കോടതി നിയോഗിച്ച പികെ രാഘവനോട് കോടതി ആവശ്യപ്പെട്ടു.
'പാപ്പരായ കാലയളവിൽ ഉടമ ഭൂരിഭാഗം സ്വത്തുക്കളും ഒരു സ്ത്രീയുടെ പേരിലേക്ക് മാറ്റിയതായി ഫ്രാൻസിസിന്റെ മകൻ ജോസഫിന് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ മാനുവൽ തോമസ് പറഞ്ഞു. ബാങ്കുടമയും കടക്കാരും തമ്മിലായിരുന്നു തുടക്കത്തിൽ നിയമയുദ്ധം. പിന്നീട് ആ യുവതിയും കടക്കാരും തമ്മിൽ വഴക്കായി. ഉടമയായ ഫ്രാൻസിസിന്റേയും സ്ത്രീയുടെയും മരണശേഷം, അവരുടെ നിയമപരമായ അവകാശികളും കടക്കാരും പോരാട്ടം ഏറ്റെടുത്തുവെന്നും 'അഭിഭാഷകൻ പറഞ്ഞു.
'ഏകദേശം 4 ലക്ഷം രൂപയാണ് മരിച്ച ഫ്രാൻസിസ് തന്റെ കടക്കാർക്ക് നൽകാനുള്ളത്. അന്ന് ഇതിനായി ദേശീയപാത 66ന് സമീപമുളള ഫ്രാൻസിസിന്റെ ഉടമസ്ഥതയിലുള്ള ഭൂരിഭാഗം സ്ഥലങ്ങളും ലേലം ചെയ്തു. വ്യവഹാരത്തിനിടെ പുറപ്പെടുവിച്ച നിരവധി ഉത്തരവുകൾ വിവിധ മേൽക്കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടുവെന്നും അഭിഭാഷകൻ തോമസ് പറയുന്നു. ആദ്യം കേസ് നടത്തിയിരുന്ന മിക്ക അഭിഭാഷകരും മരിച്ചു. കേസിൽ ഒത്തുതീർപ്പുണ്ടാക്കാൻ താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അത് ഫലം കണ്ടിരുന്നെങ്കിലും ബന്ധപ്പെട്ടവർക്കെല്ലാം ഗുണം ചെയ്യുമായിരുന്നു' അദ്ദേഹം പറയുന്നു.
കടക്കാർക്ക് പണം തിരിച്ചുനൽകാനായി ഫ്രാൻസിസിന്റെ സ്വത്തുക്കളുടെ വലിയൊരു ഭാഗം ലേലം ചെയ്തു. തന്റെ പൂർവ്വിക സമ്പത്തിൽ നിന്ന് കുറച്ചെങ്കിലും അവകാശപ്പെടാൻ നിയമപോരാട്ടം തുടരുകയാണ് ഇപ്പോൾ ഫ്രാൻസിസിന്റെ മകൻ ജോസഫ്.
'വ്യവഹാരങ്ങൾ ഉടൻ അവസാനിക്കുകയും പൂർവ്വിക സ്വത്തിൽ തനിക്കൊരു പങ്ക് ലഭിക്കുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ട്. വ്യവഹാരം അവസാനിക്കാൻ എത്ര സമയമെടുക്കുമെന്ന് ആർക്കും അറിയില്ല. എങ്കിലും നല്ല നാളുകൾ ഉടൻ വരുമെന്ന പ്രതീക്ഷയിലാണെന്നും' ജോസഫ് പറഞ്ഞു.
STORY HIGHLIGHTS: Modern Relief Bank of Kochi Case the Legal Battel is Still on