കെആര്‍ നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് സമരം: 'പരിഹാരം രണ്ടാഴ്ചയ്ക്കുള്ളില്‍', ഉന്നതസമിതി വിഷയം പരിശോധിക്കുകയാണെന്ന് മന്ത്രി
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഉന്നത സമിതിയെ രൂപീകരിച്ചതെന്നും മന്ത്രി
24 Dec 2022 6:58 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശൂര്‍: കെആര്‍ നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രശ്നം രണ്ടാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കുമെന്ന് മന്ത്രി ആര് ബിന്ദു. ഉന്നതതല സമിതി വിഷയം പരിശോധിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഉന്നത സമിതിയെ രൂപീകരിച്ചതെന്നും മന്ത്രി അറിയിച്ചു.
മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറും, എന്‍ കെ ജയകുമാറും ഉള്‍പ്പെടുന്ന ഉന്നതതല കമ്മീഷന് റിപ്പോര്‍ട്ട് തയ്യാറാക്കും. രണ്ട് ആഴ്ച്ചക്കുള്ളില് റിപ്പോര്‍ട്ട് ലഭിക്കും. വിശ്വോത്തര ചലച്ചിത്രകാരന് അടൂരാണ് സ്ഥാപന ചെയര്മാന്. അതുകൊണ്ട് അദ്ദേഹത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് ആദ്യ കമീഷനെ വെച്ചത്. എന്നാല്‍ ഈ കമ്മീഷന് മുന്നില്‍ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ തെളിവെടുപ്പിന് ഹാജരായില്ല. അതിനാല്‍ പൂര്‍ണമായ റിപ്പോര്‍ട്ട് ലഭിച്ചില്ല. തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ട് പുതിയ കമ്മീഷനെ നിയോഗിക്കുകയായിരുന്നുവെന്നും ആര് ബിന്ദു പറഞ്ഞു.
അതേസമയം വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് കെ ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചിടാന്‍ കളക്ടര്‍ ഡോ. പി കെ ജയശ്രീ ഉത്തരവിട്ടു. വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരത്തില്‍ അനിഷ്ട സംഭവങ്ങള്‍ക്ക് സാധ്യതയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഹോസ്റ്റലുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഒഴിയണമെന്നും നിര്‍ദേശമുണ്ട്. സമരം ദോഷകരമായി ബാധിക്കാനിടയുണ്ടെന്നും നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. 2011 ലെ കേരള പൊലീസ് ആക്ടിലെ വകുപ്പ് 81 പ്രകാരമാണ് നടപടിയെന്നും ഉത്തരവില്‍ പറയുന്നു. ക്രിസ്തുമസ് ദിനം മുതല്‍ സമരം ശക്തമാക്കാനായിരുന്നു വിദ്യാര്‍ത്ഥികളുടെ നീക്കം.
Story Highlights: Minister R Bindu's Response On KR Narayanan Institute Protest