നിപ സംശയം: കോഴിക്കോട് അതീവ ജാഗ്രത, സമ്പർക്കപട്ടിക തയ്യാറാക്കി തുടങ്ങി; ഇന്ന് പ്രാദേശിക അവധി

പ്രഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചെങ്കിലും പൂനെ വൈറോളജി ലാബിലെ പരിശോധനയ്ക്ക് ശേഷം മാത്രമെ മരണകാരണം നിപയാണെന്ന് ഉറപ്പിക്കുകയുള്ളു
നിപ സംശയം: കോഴിക്കോട് അതീവ ജാഗ്രത, സമ്പർക്കപട്ടിക തയ്യാറാക്കി തുടങ്ങി; ഇന്ന് പ്രാദേശിക അവധി

കോഴിക്കോട്: നിപ ബാധമൂലം മരിച്ചുവെന്ന് സംശയിക്കുന്ന രണ്ടുപേരും തമ്മില്‍ സമ്പര്‍ക്കമുണ്ടായിരുന്നതായി നിഗമനം. തിങ്കളാഴ്ച മരിച്ച വ്യക്തിക്ക് ഓഗസ്റ്റ് 30 ന് മരിച്ച മരുതോങ്കര സ്വദേശിയുമായി സമ്പര്‍ക്കമുണ്ടായിരുന്നതായാണ് വിലയിരുത്തല്‍. പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചെങ്കിലും പൂനെ വൈറോളജി ലാബിലെ പരിശോധനയ്ക്ക് ശേഷം മാത്രമെ മരണകാരണം നിപയാണെന്ന് ഉറപ്പിക്കുകയുള്ളു. സാമ്പിളുകള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിനിടെ ആയഞ്ചേരി, മരുതോങ്കര ഭാഗങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 30ന് പനി ബാധിച്ച് മരിച്ച വ്യക്തിയുടെ രണ്ട് മക്കള്‍ അടക്കം നാല് ബന്ധുക്കള്‍ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു കുട്ടിയുടെ നില ഗുരുതരം. മരിച്ച വ്യക്തിയുടെ സഹോദരി ഭര്‍ത്താവും മകനുമാണ് ചികിത്സയിലുള്ള മറ്റുള്ളവർ. സ്വകാര്യ ആശുപത്രിയിലാണ് ഇവര്‍ ചികിത്സയിലുള്ളത്. ഇതിനിടെ മരിച്ച രോഗികളുമായി സമ്പർക്കത്തിലുള്ളവരെ ക്വാറന്റൈൻ ചെയ്തു.

ഇതിനിടെ നിപ ബാധിച്ച് മരിച്ചതായി സംശയിക്കുന്നവരുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കി തുടങ്ങി. ഓഗസ്റ്റ് 30ന് ആദ്യ രോഗി മരിക്കുന്നത് കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ വച്ചായിരുന്നു. രണ്ടാമത്തെ രോഗിയുടെ മരണം കോഴിക്കോട് മിംസിലുമായിരുന്നു. അതിനാല്‍ സൂക്ഷ്മമായി സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാനാണ് അധികൃതരുടെ നീക്കം. കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളില്‍പ്പെട്ട പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഉന്നതതല യോഗം ചേരും. ഡിഎംഒയാണ് അടിയന്തിര യോഗം വിളിച്ചത്.

നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പനിബാധ ശ്വാസകോശത്തെ ബാധിക്കുന്നതായി കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഡയറക്ടര്‍ ഡോ അനൂപ് റിപ്പോർട്ടറോട് വ്യക്തമാക്കി. രോഗികള്‍ക്ക് ചുമയും ശ്വാസ തടസ്സവുമുണ്ടാകുന്നത് വ്യാപന സാധ്യത കൂട്ടുന്നുവെന്നും ഡോ അനൂപ് ചൂണ്ടിക്കാണിക്കുന്നു. നേരത്തെ കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിപ തലച്ചോറിനെ ബാധിക്കുന്നതായിരുന്നു. ഇതിന് വ്യാപനസാധ്യത കുറവായിരുന്നെന്നും ഡോക്ടര്‍ അനൂപ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com