

പ്രായത്തെ വെല്ലുവിളിക്കുന്ന ഫിറ്റ്നസ് നിലനിർത്തുകയാണ് ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ. സ്‌ക്രീനിലെ മികവാർന്ന അഭിനയം കൊണ്ടു മാത്രമല്ല, ശാരീരികമായും മാനസികമായും മറ്റുള്ളവർക്ക് പ്രചോദനം തുടരുന്ന താരം കൂടിയാണ് ഷാരൂഖ്. 60-ാം വയസിലും നടന്റെ ഫിറ്റ്നസ് കണ്ട് അമ്പരന്നിരിക്കുകയാണ് ലോകം. ഇപ്പോഴിതാ ഷാരൂഖ് ഖാൻ ദിവസവും ഏകദേശം 20 മണിക്കൂറോളം ജോലി ചെയ്യുമെന്നും പലപ്പോഴും മൂന്നോ നാലോ മണിക്കൂർ മാത്രമാണ് ഉറങ്ങുന്നതെന്നും പറയുകയാണ് ബോളിവുഡിലെ മുതിർന്ന നടൻ ഗോവിന്ദ് നമദേവ്. ലല്ലൻടോപ്പിന് നൽകിയ അഭിമുഖത്തിലാണ് ഗോവിന്ദ് ഷാരൂഖ് ഖാനെക്കുറിച്ച് പറയുന്നത്. ഷാരൂഖിന് നട്ടെല്ലിന് പ്രശ്നങ്ങൾ ഉണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.
'24 മണിക്കൂറും ജോലി ചെയ്യുന്ന ഒരാൾ, 3-4 മണിക്കൂർ മാത്രം ഉറങ്ങുന്നയാൾ, അതിനിടയിൽ ജിമ്മിൽ പോകുന്നു, ഉദ്ഘാടനങ്ങൾ ചെയ്യുന്നു, ഡയലോഗുകൾ ഓർമ്മിക്കുന്നു, സ്റ്റേജ് പരിപാടികളിൽ പങ്കെടുക്കുന്നു. ഇതെങ്ങനെയുള്ള മനുഷ്യനാണെന്ന് ഞാൻ അതിശയത്തോടെ നോക്കിപ്പോയി. ശാരീരികമായി വലിയ പ്രശ്നങ്ങളുണ്ട് അദ്ദേഹത്തിന്, നട്ടെല്ലിന് പ്രശ്നമുണ്ട്, ധാരാളം പ്രശ്നങ്ങളുണ്ട്.
ഷാരൂഖിൽ നിന്ന് ഒരുപാട് പഠിക്കാനായി. ഫിർ ഭി ദിൽ ഹേ ഹിന്ദുസ്ഥാനിയിൽ ഷാരൂഖ് ഖാനോടൊപ്പം പ്രവർത്തിച്ചത് വലിയ അനുഭവമായിരുന്നു. ഒരാൾക്ക് 24/7 പ്രവർത്തിക്കാൻ കഴിയുമെങ്കിൽ, അത് ഷാരൂഖ് ഖാനാണ്. ഞാൻ അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത സമയത്ത് എല്ലാം ഒരുമിച്ച് ചെയ്യുന്നത് കണ്ട് അതിശയിച്ചുപോയി. പക്ഷെ അതൊന്നും അദ്ദേഹം കാര്യമാക്കുന്നില്ല,' ഗോവിന്ദ് നമദേവ് പറഞ്ഞു.
അതേസമയം, സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന കിംഗ് ആണ് ഇനി പുറത്തിറങ്ങാനുള്ള ഷാരൂഖ് ചിത്രം. സിനിമയുടെ ടൈറ്റിൽ വീഡിയോ നടന്റെ പിറന്നാൾ ദിനം പുറത്തുവന്നിരുന്നു. ഒരു പക്കാ സ്റ്റൈലിഷ് ഷാരൂഖിനെ കാണാൻ ഉറപ്പാണെന്ന് വീഡിയോയിൽ നിന്ന് തന്നെ മനസിലാക്കാം. പത്താൻ സിനിമയ്ക്ക് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന മാസ്സ് ആക്ഷൻ ചിത്രമാണ് കിംഗ്. ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25 പുറത്തിറക്കാനാണ് അണിയറപ്രവർത്തകരുടെ പദ്ധതി. ആദ്യം ഡിസംബർ 4 ന് ആയിരുന്നു റിലീസ് പദ്ധതിയിട്ടിരുന്നത്. എന്നാൽ നവംബർ അവസാന വാരം ബിഗ് ബജറ്റ് ചിത്രം രാമായണ പുറത്തിറങ്ങുന്നതിനാൽ ക്രിസ്മസിലേക്ക് റിലീസ് മാറ്റിവെക്കാൻ കിംഗ് ടീം തീരുമാനിക്കുകയായിരുന്നു എന്ന് ബോളിവുഡ് ഹങ്കാമ റിപ്പോർട്ട് ചെയ്യുന്നു.
ഷാരൂഖ് ഖാന്റെ മകള്‍ സുഹാനാ ഖാന്‍ ആദ്യമായി ബിഗ് സ്‌ക്രീനിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും കിംഗിനുണ്ട്. ദീപിക പദുക്കോണ്‍, അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. വലിയ ബഡ്ജറ്റിൽ ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്. കിംഗിൻ്റെ സംഗീതം ഒരുക്കുന്നത് സച്ചിൻ ജിഗറും പശ്ചാത്തലസംഗീതം ചെയ്യുന്നത് അനിരുദ്ധ് ആണ്. സുജോയ് ഘോഷ് ആയിരുന്നു ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത്. പിന്നീടത് സിദ്ധാർഥ് ആനന്ദ് ഏറ്റെടുക്കുകയായിരുന്നു.
Content Highlights: Namdev said that seeing Shah Rukh’s discipline despite physical discomfort was inspiring, teaching others on set about professionalism and commitment.