മെഗാസ്റ്റാർ, സൂപ്പർസ്റ്റാർ ഫ്രം കേരള, അമരത്തിന് മികച്ച നടനുള്ള ഫിലിം ഫെയർ വാങ്ങുന്ന മമ്മൂട്ടി; വൈറലായി വീഡിയോ

ബോളിവുഡ് നടി രേഖയുടെ കയ്യിൽ നിന്നാണ് മമ്മൂട്ടി പുരസ്‌കാരം ഏറ്റുവാങ്ങുന്നത്

മെഗാസ്റ്റാർ, സൂപ്പർസ്റ്റാർ ഫ്രം കേരള, അമരത്തിന് മികച്ച നടനുള്ള ഫിലിം ഫെയർ വാങ്ങുന്ന മമ്മൂട്ടി; വൈറലായി വീഡിയോ
dot image

ലോഹിതദാസിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി ഭരതൻ സംവിധാനം ചെയ്ത സിനിമയാണ് അമരം. മലയാളത്തിലെ എവർഗ്രീൻ ക്ലാസിക് ചിത്രമായി കണക്കാക്കപ്പെടുന്ന സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനം ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ 38-ാമത് ഫിലിംഫെയർ പുരസ്കാരത്തിൽ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങുന്ന മമ്മൂട്ടിയുടെ പഴയ വീഡിയോ ആണ് വൈറലാകുന്നത്.

ബോളിവുഡ് നടി രേഖയുടെ കയ്യിൽ നിന്നാണ് മമ്മൂട്ടി പുരസ്‌കാരം ഏറ്റുവാങ്ങുന്നത്. വെള്ള കോട്ടും സ്യൂട്ടും ധരിച്ച മമ്മൂട്ടിയെയാണ് വീഡിയോയിൽ കാണാനാകുന്നത്. നടി മാധൂ ആണ് മമ്മൂട്ടിയെ സ്റ്റേജിലേക്ക് വരവേൽക്കുന്നത്. 'മെഗാസ്റ്റാർ, സൂപ്പർസ്റ്റാർ ഫ്രം കേരള- മമ്മൂട്ടി' എന്ന് പറഞ്ഞുകൊണ്ടാണ് മമ്മൂട്ടിയെ മാധൂ സ്റ്റേജിലേക്ക് വിളിക്കുന്നത്. 1991 ഫെബ്രുവരി ഒന്നിനായിരുന്നു അമരത്തിന്റെ റിലീസ്. മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതപശ്ചാത്തലത്തില്‍ ഇമോഷണല്‍ ഡ്രാമയായി എത്തിയ അമരം തിയേറ്ററില്‍ വലിയ വിജയമായിരുന്നു. 200 ദിവസത്തോളമാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തിയത്. മദ്രാസിലെ തിയേറ്ററുകളിലും 50 ദിവസത്തോളം അമരം നിറഞ്ഞ സദസുകളെ നേടി.

സിനിമയിലെ ഗാനങ്ങളെല്ലാം എവര്‍ഗ്രീന്‍ സോങ്ങ്‌സായി ഇന്നും തുടരുകയാണ്. കൂടാതെ ചിത്രത്തിലെ ഓരോ അഭിനേതാക്കളുടെയും പ്രകടനം അവരുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളുടെ നിരയിലും ഇടംപിടിച്ചിരുന്നു. ഭാര്‍ഗവിയായുള്ള പെര്‍ഫോമന്‍സിലൂടെ കെ പി എ സി ലളിതയ്ക്ക് മികച്ച സഹനടിയ്ക്കുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മുരളിയ്ക്ക് സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാരപട്ടികയില്‍ ആ വര്‍ഷത്തെ മികച്ച ഛായാഗ്രാഹകനായത് മധു അമ്പാട്ടായിരുന്നു.

ചിത്രം നേരത്തെ ചിത്രം റീ റിലീസ് ചെയ്തിരുന്നു. പുറത്തിറങ്ങി 34 വർഷത്തിന് ശേഷം ആണ് സിനിമ വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയത്. 4K ഡോൾബി അറ്റ്മോസിലാണ് സിനിമ റീ റിലീസിന് എത്തിയത്. മോശം വരവേൽപ്പായിരുന്നു സിനിമയ്ക്ക് രണ്ടാം വരവിൽ ലഭിച്ചത്. പലയിടത്തും ആളുകൾ ഇല്ലാത്തതിനാൽ സിനിമയുടെ പ്രദർശനം നിർത്തിവെച്ചിരുന്നു.

Content Highlights: Mammootty receiving filmfare award for best actor from bollywood actor rekha, video goes viral

dot image
To advertise here,contact us
dot image