100 കോടി പടവും കൂടെ ഒരു ലോഡ് സിനിമയും വരുന്നുണ്ടേ…; ഈ വാരം ഒടിടിയിൽ എത്തുന്നത് വമ്പൻ ചിത്രങ്ങൾ

മാരി സെൽവരാജ് ചിത്രമായ ബൈസണും ഈ വാരം ഒടിടിയിൽ എത്തുമെന്നാണ് പ്രതീക്ഷ

100 കോടി പടവും കൂടെ ഒരു ലോഡ് സിനിമയും വരുന്നുണ്ടേ…; ഈ വാരം ഒടിടിയിൽ എത്തുന്നത് വമ്പൻ ചിത്രങ്ങൾ
dot image

തിയേറ്ററിലേത് പോലെ തന്നെ ഒടിടിയിൽ എത്തുന്ന സിനിമകൾക്കും വലിയ തോതിലുള്ള കാഴ്ചക്കാരാണുള്ളത്. തിയേറ്ററിൽ പരാജയമാകുന്ന സിനിമകൾ ഒടിടിയിൽ എത്തുമ്പോൾ വലിയ തരംഗമാകുന്നത് പതിവാണ്. ഇപ്പോഴിതാ ഈ വാരം ഒടിടിയിലെത്തുന്ന സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്.

പ്രദീപ് രംഗനാഥൻ ചിത്രമായ ഡ്യൂഡ് ആണ് ഈ വാരം ഒടിടിയിൽ പുറത്തിറങ്ങുന്ന പ്രധാന സിനിമകളിൽ ഒന്ന്. ഒരു റൊമാന്റിക് ഫൺ എന്റർടൈനർ ആയി ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. തുടരെ പ്രദീപിന്റെ മൂന്നാമത്തെ ചിത്രമാണ് 100 കോടി കളക്ഷൻ നേടുന്നത്. നവംബർ 14 മുതൽ സിനിമ സ്ട്രീമിങ് ആരംഭിക്കും.

നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. പുറത്തിറങ്ങി 28ാമത്തെ ദിവസമാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. തമിഴിലെ മമിതയുടെ ആദ്യ 100 കോടി കൂടെയാണ് സിനിമ. ആദ്യ മൂന്ന് സിനിമകളിൽ നിന്ന് ഹാട്രിക്ക് 100 കോടി നേടുന്ന ഒരു താരം എന്ന നിലയിലേക്ക് ഉയരുകയാണ് പ്രദീപ്. ഡ്യൂഡിൽ മമിത ബൈജു ചെയ്ത വേഷത്തിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

സിദ്ദു ജൊന്നലഗദ്ദ, ശ്രീനിധി ഷെട്ടി, റാഷി ഖന്ന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നീരജ കോണ ഒരുക്കിയ 'തെലുസു കാത' നവംബർ 14 മുതൽ സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. സമ്മിശ്ര പ്രതികരണം നേടിയ സിനിമയ്ക്ക് ബോക്സ് ഓഫീസിൽ വലിയ വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. അക്ഷയ് കുമാർ ചിത്രമായ ജോളി എൽഎൽബി ത്രീയും ഈ വാരം ഒടിടിയിലെത്തും. ജിയോഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നത്. സുഭാഷ് കപൂർ ഒരുക്കിയ സിനിമയിൽ അർഷാദ് വാർസിയും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രം ബോക്സ് ഓഫീസിൽ വിജയിച്ചിരുന്നു.

കിരൺ അബ്ബാവാരം നായകനായി എത്തിയ 'കെ റാമ്പ്' ആണ് ഒടിടിയിൽ എത്തുന്ന മറ്റൊരു ചിത്രം. ആദ്യ ദിനങ്ങളിൽ വലിയ നെഗറ്റീവ് റിവ്യൂസ് ആയിരുന്നു സിനിമയ്ക്ക് ലഭിച്ചത്. സിനിമയിലെ കോമഡികൾ ക്രിഞ്ച് ആണെന്നും വളരെ മോശമാണ് സിനിമയെന്നുമായിരുന്നു അഭിപ്രായങ്ങൾ. എന്നാൽ പതിയെ പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിലും കുതിപ്പ് തുടരാൻ ആരംഭിച്ചു. ആഹാ വീഡിയോയിലൂടെയാണ് സിനിമ നവംബർ 15 മുതൽ പ്രേക്ഷകരിലേക്ക് എത്തുന്നത്.

മാരി സെൽവരാജ് ചിത്രമായ ബൈസണും ഈ വാരം ഒടിടിയിൽ എത്തുമെന്നാണ് പ്രതീക്ഷ. നെറ്റ്ഫ്ലിക്സ് ആണ് സിനിമയുടെ സ്ട്രീമിങ് അവകാശം നേടിയത്. ധ്രുവ് വിക്രമിന്റെ ഗംഭീര പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ് എന്നാണ് കമന്റുകൾ. സിനിമയുടെ കഥയ്ക്കും പശുപതിയുടെ പ്രകടനത്തിനും കയ്യടി ലഭിച്ചിരുന്നു. സ്ഥിരം പ്രേക്ഷകരെ പിടിച്ചിരുത്താൻ സിനിമയ്ക്ക് കഴിയുന്നുണ്ട് എന്നാണ് റിപ്പോർട്ട്. പാ രഞ്ജിത്തിന്റെ നീലം സ്റ്റുഡിയോസിനൊപ്പം അപ്ലോസ് എന്റർടൈൻമെൻറ്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകുന്നു. ധ്രുവിനെ കൂടാതെ അനുപമ പരമേശ്വരൻ, ലാൽ, കലൈയരസൻ, രജിഷ വിജയൻ തുടങ്ങിയവരും അണിനിരക്കുന്നു.

Content Highlights: This week OTT movie release list

dot image
To advertise here,contact us
dot image