
ധനുഷിനെ നായകനാക്കി ശേഖർ കമ്മൂല സംവിധാനം ചെയ്ത കുബേര മികച്ച പ്രതികരണങ്ങളോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഗംഭീര പ്രകടനമാണ് സിനിമയിൽ ധനുഷ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് അഭിപ്രായങ്ങൾ. തമിഴ്നാട്ടിൽ ചിത്രത്തിന് കാര്യമായ നേട്ടമുണ്ടാക്കാനാകുന്നില്ലെങ്കിലും സിനിമയുടെ തെലുങ്ക് പതിപ്പ് വലിയ മുന്നേറ്റമാണ് നടത്തുന്നത്.
ചിത്രമിപ്പോൾ 100 കോടി പിന്നിട്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുകയാണ്. പുറത്തിറങ്ങി അഞ്ച് ദിവസം കൊണ്ടാണ് കുബേര ഈ നേട്ടത്തിലേക്ക് എത്തിയത്. തുടർച്ചായി 100 കോടിയിലെത്തുന്ന രണ്ടാമത്തെ ധനുഷ് സിനിമയാണിത്. നേരത്തെ ധനുഷ് തന്നെ സംവിധാനം ചെയ്ത് അഭിനയിച്ച 'രായൻ' 100 കോടിയോളം കളക്ഷൻ നേടിയിരുന്നു. ചിത്രം ഇന്ത്യയിൽ നിന്ന് ഇതുവരെ 61.13 കോടി നേടിയെന്നാണ് സാക്നിൽക്കിൻ്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇതിൽ തെലുങ്ക് പതിപ്പ് 42.65 കോടിയും തമിഴ്നാട്ടിൽ നിന്ന് 14.75 കോടിയും നേടിയെന്നാണ് റിപ്പോർട്ട്. തെലുങ്കിലും തമിഴിലും ഇറങ്ങിയ സിനിമയുടെ തെലുങ്ക് പതിപ്പിൽ നിന്നാണ് കൂടുതൽ കളക്ഷൻ ലഭിച്ചിരിക്കുന്നത്. മികച്ച പ്രതികരണം നേടിയിട്ടും സിനിമയ്ക്ക് തമിഴ്നാട്ടിൽ കളക്ഷൻ നേടാൻ സാധിക്കാത്തത് ഏവരെയും അത്ഭുതപ്പെടുത്തുന്നുണ്ട്.
ഈ വർഷം ഇറങ്ങുന്ന ധനുഷിന്റെ രണ്ടാമത്തെ ചിത്രമാണ് കുബേര. ആദ്യ ചിത്രമായ 'നിലാവ്ക്ക് എൻ മേൽ എന്നടി കോപം' തിയേറ്ററിൽ സമ്മിശ്ര പ്രതികരണമായിരുന്നു നേടിയിരുന്നത്. ബോക്സ് ഓഫീസ് കളക്ഷനിലും സിനിമ കാര്യമായ നേട്ടം ഉണ്ടാക്കിയില്ല. ധനുഷിന്റെ സംവിധാനം ഈ വർഷം ഏറ്റില്ലെങ്കിലും നായകനായി നടൻ തകർത്തുവെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.
#Kuberaa 4 Days ₹100 CR+ Worldwide!🔥#Dhanush | #Nagarjuna | #RashmikaMandanna | #SekharKammula | #DSP pic.twitter.com/MSVxzXoMYr
— Ragul Writing 𝕏 (@RagulWritingX) June 25, 2025
ധനുഷിന് പുറമേ നായികയായി എത്തിയ രശ്മിക മന്ദാനയുടെയും പ്രധാന കഥാപാത്രം അവതരിപ്പിച്ച നാഗാർജുനയുടെയും പ്രകടനങ്ങളും പ്രശംസ നേടുന്നുണ്ട്. ശേഖർ കമ്മൂലയുടെ അടുത്തിറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രമാണ് ഇത് എന്നും അഭിപ്രായങ്ങളുണ്ട്. സുനിൽ നാരംഗ്, പുസ്‌കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ് ആണ്.
Content Highlights: Dhanush film Kuberaa crossed 100 crores at box office