
സംവിധായകനായും നടനായും മലയാളികൾക്ക് പ്രിയങ്കരനായ ആളാണ് ബേസിൽ ജോസഫ്. ഷോർട്ട് ഫിലിമുകളിലൂടെ ആരംഭിച്ച് പിന്നീട് സംവിധാനത്തിലേക്കെത്തി ഇന്ന് നടനായി തിളങ്ങുന്ന ബേസിലിന് വലിയ ഫാൻ ഫോളോയിങ് ഉണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ബേസിലിന്റെ കുട്ടിക്കാലത്തെ ഒരു വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു.
ജി എസ് പ്രദീപിന്റെ പ്രശസ്ത ഷോ ആയ അശ്വമേധം പരിപാടിയിൽ പങ്കെടുക്കുന്ന ബേസിലിനെയാണ് വീഡിയോയിൽ കാണാനാകുന്നത്. സ്റ്റേജിൽ ചുറുചുറുക്കോടെയിരുന്നു ജി എസ് പ്രദീപിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുന്ന ബേസിലിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് വൈറലായത്. ഇപ്പോഴിതാ അശ്വമേധം മാത്രമല്ല, ലേശം സംഗീതവും വശമുണ്ടെന്ന ബേസിലിന്റെ അടുത്ത പോസ്റ്റാണ് ട്രെൻഡിങ് ആകുന്നത്. ഗിറ്റാർ പിടിച്ച് നിൽക്കുന്ന ചിത്രത്തിന് ക്ലാസ്സ്‌മേറ്റ് സിനിമയിലെ 'എന്റെ ഖൽബിലെ' എന്ന പാട്ടാണ് നൽകിയിരിക്കുന്നത്.
പോസ്റ്റിന് പിന്നാലെ രസകരമായ കമന്‍റുകളുമായി മലയാള സിനിമയിലെ അഭിനേതാക്കള്‍ എത്തിയിട്ടുണ്ട്. 'എന്തുകൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല കുഞ്ഞേ?' എന്നാണ് ഗണപതി ചോദിച്ചിരിക്കുന്നത്. '‘വല്ല്യേട്ടൻ’ മാത്രമല്ലാ കൈരളിക്ക് ഒരു ചെറിയേട്ടൻ കൂടി' ഉണ്ടെന്നാണ് രമേഷ് പിഷാരടി പറയുന്നത്. അപ്പൊ 'ഒരു പാട്ടുകൂടി വരാൻ ഉണ്ടെന്ന് മനസ്സിൽ ആയി… കൊച്ചു ടീവിൽ ആണോ' എന്നാണ് സിജു സണ്ണി ചോദിക്കുന്നത്. നസ്‌ലൻ, രജിഷ വിജയൻ, ബിനു പപ്പു തുടങ്ങി നിരധി പേരാണ് ബേസിലിന്റെ പോസ്റ്റിന് താഴെ കമ്മന്റുകളുമായി എത്തുന്നത്.
കഴിഞ്ഞ ദിവസം ബേസിലിന്റെ സഹോദരിയായ ഷിൻസി ജോസഫ് ആണ് ബേസിലിന്റെ അശ്വമേധം പരിപാടിയിലെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. 'കുറെ കാലമായി ഈ ഒരു വീഡിയോ തപ്പി കൈരളിക്ക് മെസേജ് അയക്കുന്നു. അങ്ങനെ ഫൈനലി സംഭവം കിട്ടിപ്പോയി. ലുട്ടാപ്പി സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഞങ്ങളുടെ ചെക്കൻ പണ്ടേ ഒരു പുലി ആണെന്ന് എല്ലാവർക്കും മനസ്സിലായല്ലോ', എന്നായിരുന്നു ഷിന്‍സി വീഡിയോ പങ്കുവെച്ചുകൊണ്ട് എഴുതിയത്.
Content Highlights: Basil joseph new post trending on social media