
May 21, 2025
05:51 AM
ചെന്നെെ: രജനികാന്തിന്റെ ജീവിത പങ്കാളി ലത രജനികാന്തിനെതിരായ വഞ്ചന കേസിൽ വാദം കേൾക്കാൻ സുപ്രീം കോടതിയുടെ അനുമതി. ബെംഗളൂരു ഹൈക്കോടതിക്കാണ് അനുമതി. രജനികാന്ത് നായകനായി 2014 ൽ പുറത്തിറങ്ങിയ 'കൊച്ചടൈയാൻ' മോഷൻ ക്യാപ്ചർ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചത്. ഇതിനായി മീഡിയ വൺ എന്റർടെയ്ൻമെന്റിന്റെ ഉടമസ്ഥൻ മുരളി 6.2 കോടി രൂപ ലോൺ എടുത്തിരുന്നു. ലോണിന് ഗ്യാരന്റി നിന്നത് ലതയായിരുന്നു.
എന്നാൽ വമ്പൻ ബജറ്റിൽ ഒരുക്കിയ 'കൊച്ചടൈയാൻ' സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെടുകയും സാമ്പത്തിക നഷ്ടം നേരിടുകയുമുണ്ടായി. ഇതോടെ മീഡിയ വൺ എന്റർടെയ്ൻമെന്റ് ഉടമ മുരളി വാങ്ങിയ പണം തിരികെ നൽകിയില്ലെന്നാരോപിച്ച് ആഡ് ബ്യൂറോ 2016ൽ ബെംഗളൂരു ഹൈക്കോടതിയിൽ വഞ്ചനാക്കേസ് ഫയൽ ചെയ്തു. വഞ്ചനാശ്രമം, തെളിവ് നശിപ്പിക്കൽ, തെറ്റായ റിപ്പോർട്ട് സമർപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് മുരളിക്കും ലത രജനീകാന്തിനുമെതിരെ കുറ്റപത്രം സമർപ്പിച്ചത്.
തുടർന്ന് കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലത രജനീകാന്ത് കർണാടക ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. കേസ് പരിഗണിച്ച ഹൈക്കോടതി മതിയായ തെളിവുകൾ സമർപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 196 (വ്യാജരേഖ ചമയ്ക്കൽ), 199 (തെറ്റായ മൊഴി കോടതിയിൽ സമർപ്പിക്കൽ), 420 (തട്ടിപ്പ്) എന്നീ വകുപ്പുകൾ മാത്രം റദ്ദാക്കി. എന്നാൽ തെളിവ് നശിപ്പിക്കൽ വകുപ്പുകൾ പ്രകാരം വിചാരണ തുടരാൻ ബെംഗളൂരു ഹൈക്കോടതിയ്ക്ക് അനുമതി നൽകി. ഇതിനിടെയാണ് ബംഗളൂരു കോടതിയുടെ വിചാരണയ്ക്കെതിരെ ലത രജനീകാന്ത് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.