ഇൻസ്റ്റഗ്രാമിന് സമാനമായ ഒരു സവിശേഷിത വാട്സ്ആപ്പിലും വരുന്നു;വാട്‌സ്ആപ്പ് സ്റ്റാറ്റസിനായി പുതിയ ഫീച്ചർ ഉടന്‍

ഇന്‍സ്റ്റഗ്രാമിലെ 'ക്ലോസ്ഫ്രണ്ട്‌സി'ന് സമാനമായ ഒരു ഫീച്ചര്‍ വാട്‌സ്ആപ്പിലും വരുന്നു

ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പില്‍ ഒരു പുതിയ ഫീച്ചര്‍ വരുന്നു. ഇതുപയോഗിച്ച് ഇന്‍സ്റ്റഗ്രാമിന്റെ 'ക്ലോസ് ഫ്രണ്ട്സ്' ഓപ്ഷന് സമാനമായി, തിരഞ്ഞെടുത്ത കോണ്‍ടാക്റ്റിലുള്ളവരുമായി ഉപയോക്താക്കള്‍ക്ക് അവരുടെ സ്റ്റാറ്റസ് പങ്കിടാന്‍ കഴിയും. നിലവില്‍ ഈ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്. ആന്‍ഡ്രോയിഡ്, ഐഫോണ്‍ എന്നിവയിലെ ബീറ്റ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുണ്ട്. ഉടന്‍ തന്നെ മറ്റ് ഉപയോക്താക്കള്‍ക്കും ലഭ്യമായേക്കും. പുതിയ ഫീച്ചര്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നും അത് എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അറിയാം.

പുതിയ ഫീച്ചര്‍ എങ്ങനെ

ഈ സവിശേഷിത ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകള്‍ പങ്കിടുന്നതിനായി പ്രത്യേക ഗ്രൂപ്പുകള്‍ സൃഷ്ടിക്കാന്‍ കഴിയും. ഈ ലിസ്റ്റുകളില്‍ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരെയൊക്കെ ഉള്‍പ്പെടുത്താം. ഈ ലിസ്റ്റുകളെ അടിസ്ഥാനമാക്കി ഉപയോക്താക്കള്‍ക്ക് അവരുടെ സ്റ്റാറ്റസ് പങ്കിടാന്‍ ആഗ്രഹിക്കുന്നവരെ തിരഞ്ഞെടുക്കാവുന്നതാണ്.

പുതിയ ഫീച്ചറില്‍ എന്തൊക്കെ മാറ്റമാണ് ഉണ്ടാകുന്നത്

പല ആളുകള്‍ക്കും അവരുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകള്‍ കോണ്‍ടാക്റ്റിലുള്ള എല്ലാവരുമായും പങ്കിടാന്‍ താല്‍പ്പര്യമുണ്ടാവില്ല. എന്നാല്‍ നിലവില്‍, വാട്സ്ആപ്പില്‍ അങ്ങനെ ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഓരോ അപ്ഡേറ്റിനും മുമ്പായി കോണ്‍ടാക്റ്റുകള്‍ തിരഞ്ഞെടുക്കുകയോ അല്ലെങ്കില്‍ എല്ലാ കോണ്‍ടാക്റ്റുകളും തിരഞ്ഞെടുത്ത് ചിലരെ ഒഴിവാക്കുകയോ ചെയ്യേണ്ടതുണ്ട്. ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രക്രീയയാണ്. ഈ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ പുതിയ സവിശേഷത സഹായിക്കും. ഈ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് ഒരു വ്യക്തിഗത കോണ്‍ടാക്റ്റ് ലിസ്റ്റ് സൃഷ്ടിക്കാനുള്ള ഓപ്ഷനുണ്ട്. അതിന്‌ശേഷം, ഒരു സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുകയാണെങ്കില്‍ ആ സ്റ്റാറ്റസ് ആ കോണ്‍ടാക്ടില്‍ ഉള്ളവര്‍ക്ക് മാത്രമേ കാണാന്‍ കഴിയൂ.

ഇങ്ങനെ ചെയ്യുന്നത് മറ്റുള്ളവര്‍ക്ക് അറിയാന്‍ സാധിക്കുമോ?

സ്വകാര്യതാ വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍ ഈ സവിശേഷത പ്രധാനപ്പെട്ടതാണ്. നിങ്ങള്‍ ഒരാളെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുമ്പോള്‍, അവര്‍ക്ക് അതിനെക്കുറിച്ച് അറിയാന്‍ സാധിക്കില്ല. ഈ മുഴുവന്‍ പ്രക്രിയയും സ്വകാര്യമായി തുടരും. ലിസ്റ്റ് സൃഷ്ടിച്ചുകഴിഞ്ഞാല്‍ അത് എഡിറ്റ് ചെയ്യാനും കഴിയും.

വാട്‌സ്ആപ്പ് പ്ലസ് എങ്ങനെ ലഭിക്കും

ഈ സവിശേഷതയ്ക്കൊപ്പം വാട്സ്ആപ്പ് അതിന്റെ പെയ്ഡ് സബ്സ്‌ക്രിപ്ഷനായ വാട്സ്ആപ്പ് പ്ലസും പരീക്ഷിച്ചുവരികയാണ് . യൂറോപ്പിന്റെ ചില ഭാഗങ്ങളില്‍ ഇത് പുറത്തിറക്കിയിട്ടുണ്ട്. പ്രതിമാസം ഏകദേശം 300 രൂപ വിലയുള്ള ഈ പ്ലാന്‍ ഉപയോക്താക്കള്‍ക്ക് എക്സ്‌ക്ലൂസീവ് സ്റ്റിക്കറുകള്‍, 20 ചാറ്റുകള്‍ പിന്‍ ചെയ്യാനുള്ള ഓപ്ഷന്‍, ഒരു പുതിയ ആപ്പ് ഐക്കണ്‍, പ്രത്യേക റിംഗ്ടോണുകള്‍ തുടങ്ങിയ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. ഭാവിയില്‍ കൂടുതല്‍ സവിശേഷതകളും ലഭിച്ചേക്കാം.

Content Highlights: A new feature is coming to WhatsApp. Similar to Instagram's 'Close Friends' option, users will be able to share their status with selected contacts.

To advertise here,contact us