സ്‌പ്ലെന്‍ഡര്‍ ആരാധകരെ ഇതിലെ ഇതിലെ..; വന്‍ വിലക്കുറവില്‍ 90ലെ യുവത്വത്തിന്റെ വികാരം വിപണിയിലേക്ക്

ഇരുചക്രവാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ നല്‍കാനാണ് കമ്പനിയുടെ തീരുമാനം.

തൊണ്ണൂറുകളിലെ യുവാക്കളുടെ ഇഷ്ട ബൈക്ക് ഏതായിരുന്നു എന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളൂ, സ്‌പ്ലെന്‍ഡര്‍. അതൊരു ബൈക്ക് മാത്രമായിരുന്നില്ല ഒരു വികാരം കൂടിയായിരുന്നു. ഒരു രാജമല്ലി വിടരുന്ന പോലെ എന്ന പാട്ടുംപാടി സ്‌പ്ലെന്‍ഡര്‍ ഓടിച്ചാണ് കുഞ്ചാക്കോ ബോബന്‍ അനിയത്തിപ്രാവെന്ന സിനിമയിലൂടെ ചോക്ലേറ്റ് ഹീറോയായി മാറുന്നത്. ഇന്നും സ്‌പ്ലെന്‍ഡര്‍ തൊണ്ണൂറിലെ ആ വസന്തങ്ങളുടെ പ്രിയ ബൈക്കുതന്നെയാണ്. ഒപ്പം സാധാരണക്കാരന്റെ കയ്യിലൊതുങ്ങുന്നതും. കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടിയില്‍ ഇളവ് പ്രഖ്യാപിച്ചതോടെ ആകെയൊരു ഉണര്‍വിലാണ് വാഹന വിപണി. ഇളവെല്ലാം ഉപഭോക്താക്കള്‍ക്ക് തന്നെ നല്‍കാനുള്ള വാഹന കമ്പനികളുടെ തീരുമാനമാണ് അതിന് പിന്നില്‍. ഒപ്പം തങ്ങളും പിന്നിലേക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഹീറോ മോട്ടോര്‍കോര്‍പ്..ജനപ്രിയ ബ്രാന്‍ഡായ സ്‌പ്ലെന്‍ഡറിന് ഉള്‍പ്പെടെ വന്‍വിലക്കുറവാണ് ഹീറോ പ്രഖ്യാപിച്ചിരിക്കുന്നത്.

'ഇരുചക്രവാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ നല്‍കാനാണ് കമ്പനിയുടെ തീരുമാനം. പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളെ പ്രധാന ഗതാഗതമാര്‍ഗമായും ഉപജീവനത്തിനായും ഉപയോഗിക്കുന്ന ഗ്രാമപ്രദേശങ്ങളിലും അര്‍ദ്ധനഗരങ്ങളിലും.ഇന്ത്യയിലെ പകുതിയോളം കുടുംബങ്ങള്‍ ദൈനംദിനാവശ്യങ്ങള്‍ക്കായി ഇരുചക്രവാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ഉത്സവകാലം വരാനിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ ചുവടുമാറ്റം കൃത്യമായ സമയത്തുതന്നെയാണ്.'ഹീറോ മോട്ടോകോര്‍പ് സിഇഒ വിക്രം കസ്‌ബെക്കര്‍ പറയുന്നു.

ജിഎസ്ടി ആനുകൂല്യം പൂര്‍ണമായും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന് പിന്നിലെ തങ്ങളുടെ ലക്ഷ്യവും അദ്ദേഹം പറഞ്ഞു. വാഹന വിപണിയില്‍ ഹീറോയുടെ ഉപഭോഗം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം മാത്രമല്ല അതിനുപിന്നില്‍. ഇന്ത്യന്‍ കുടുംബങ്ങളെ ശാക്തീകരിക്കാനും 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനുമാണ് ഹീറോ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

ഹീറോയുടെ തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് 15,743 രൂപ വരെകുറയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ജനപ്രിയ മോഡലുകളായ സ്‌പ്ലെന്‍ഡര്‍ പ്ലസ്, ഗ്ലാമര്‍, സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ എക്‌സ്ടിഇസി, എക്‌സ്ട്രീം റെയ്ഞ്ച്. സ്‌കൂട്ടറുകളായ പ്ലഷര്‍ പ്ലസ്, ഡെസ്റ്റിനി 125, എക്‌സൂം സീരീസ് എന്നിവയ്‌ക്കെല്ലാം വില കുറയുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വിലയില്‍ വന്ന മാറ്റം ഹീറോയ്ക്കുള്ള ഡിമാന്‍ഡ് ഉയര്‍ത്തുമെന്നാണ് ഹീറോയുടെ പ്രതീക്ഷ. കടുത്ത മത്സരം നടക്കുന്ന ഇരുചക്രവിപണിയില്‍ ഹീറോയുടെ സ്ഥാനം അതുറപ്പിക്കുകയും ചെയ്യുമെന്നും ഹീറോ വിശ്വസിക്കുന്നു.

സെപ്റ്റംബര്‍ 22 മുതലാണ് ജിഎസ്ടി ഇളവ് പ്രാബല്യത്തില്‍ വരിക. ചെറുകാറുകള്‍, ബൈക്കുകള്‍, മുച്ചക്ര വാഹനങ്ങള്‍, ബസുകള്‍, ട്രക്കുകള്‍, ആംബുലന്‍സ് എന്നിവയുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായാണ് കുറച്ചിരിക്കുന്നത്. ഇതോടെ എന്‍ട്രിലെവല്‍ കാറുകളായ മാരുതി സുസുക്കി ആള്‍ട്ടോ, ഹ്യൂണ്ടായി ഗ്രാന്‍ഡ്‌ഐ10, ടാറ്റ ടിയാഗോ എന്നിവയ്ക്ക് വലിയ രീതിയില്‍ വിലകുറയും.ഹോണ്ട ഷൈന്‍, ബജാജ് പള്‍സര്‍, ഹോണ്ട ആക്ടീവ, ഹീറോ സ്പളെന്‍ഡര്‍ ബൈക്കും കയ്യിലൊതുങ്ങും.

ആഡംബരവാഹനങ്ങള്‍ (1200 സിസിക്ക് മുകളിലുള്ള പെട്രോള്‍ എന്‍ജിനുകള്‍ അല്ലെങ്കില്‍ 1500 സിസിക്ക് മുകളിലുള്ള ഡീസല്‍ എന്‍ജിനുകള്‍) 350 സിസിയില്‍ കൂടുതലുള്ള ഇരുചക്ര വാഹനങ്ങള്‍ എന്നിവയ്ക്ക് 40 ശതമാനമായിരിക്കും ജിഎസ്ടി.

Content Highlights: Check new prices of Hero Splendor 

To advertise here,contact us