കൊച്ചി മെട്രോയില്‍ ഇനി യാത്ര മാത്രമല്ല ചരക്കുകളും കൊണ്ടു പോകും; പുതിയ പ്രഖ്യാപനവുമായി കെഎംആര്‍എല്‍

യാത്രാ സര്‍വീസുകള്‍ കൂടാതെ ലഘുചരക്ക് ഗതാഗതം ആരംഭിക്കാന്‍ പദ്ധതിയിട്ട് കൊച്ചി മെട്രോ

യാത്രാ സര്‍വീസുകള്‍ കൂടാതെ ലഘുചരക്ക് ഗതാഗതം ആരംഭിക്കാന്‍ പദ്ധതിയിട്ട് കൊച്ചി മെട്രോ. വരുമാനം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കമിടുന്നത്. ഇത് ചെറുകിട ബിസിനസുകാര്‍, കച്ചവടക്കാര്‍, എന്നിവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍. യാത്രക്കാരെ പ്രതികൂലമായി ബാധിക്കാതെ ഇത് നടപ്പാക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) അധികൃതര്‍ വ്യക്തമാക്കി.

'മെട്രോ സൗകര്യങ്ങള്‍ കൂടി പ്രയോജനപ്പെടുത്തി ചരക്ക് ഗതാഗതത്തെ പ്രോത്സാഹിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ തുടര്‍ന്നാണ് ലഘു ചരക്ക് മേഖലയിലേക്ക് കടക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. തിരക്ക് കുറഞ്ഞ സമയങ്ങളില്‍, പ്രത്യേകിച്ച് അതിരാവിലെയും രാത്രിയിലും മാത്രമേ സര്‍വീസുകള്‍ നടത്തൂ' -കെഎംആര്‍എല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'കെഎംആര്‍എല്‍ ഒരു പഠനം നടത്തി നിരക്ക് നിശ്ചയിക്കും. ചരക്ക് ഗതാഗതം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നിയമ ചട്ടക്കൂടും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉടന്‍ തയ്യാറാക്കും. ഈ ഘട്ടത്തില്‍ ഒരു നിശ്ചിത സമയപരിധി നിശ്ചയിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. നിലവിലുള്ള ആലുവ-തൃപ്പൂണിത്തുറ മെട്രോ സൗകര്യം മുഴുവന്‍ ഇതിനായി പ്രയോജനപ്പെടുത്താന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു.'- കെഎംആര്‍എല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നിലവിലുള്ള പ്ലാറ്റ്‌ഫോമുകളുടെ നീളം ഒരു പ്രശ്നമാണെന്നും അധിക കോച്ചുകള്‍ ഘടിപ്പിക്കുന്നതിന് ഇത് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പകരം ട്രെയിനുകളുടെ പിന്‍ഭാഗത്ത് പ്രത്യേക ക്രമീകരണം സാധ്യമാണോ എന്ന് പരിശോധിക്കുന്നുണ്ടെന്നും കെഎംആര്‍എല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: kochi metro plans foray into light freight segment

To advertise here,contact us