പഞ്ചാബിൽ പുതിയ സമവാക്യം? ചെക്ക് വെക്കാൻ ജയിലിൽ നിന്നും അമൃത്പാലിന്റ തന്ത്രം

മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ മൂന്ന് വര്‍ഷത്തിന് ശേഷം അമൃത്പാല്‍ സിങ്ങിന് ലഭിച്ച മൂന്ന് മണിക്കൂര്‍ സന്ദര്‍ശനാനുമതിക്ക് ശേഷമാണ് ഈ സഖ്യചര്‍ച്ചകള്‍ക്ക് വേഗത കൈവന്നത്

ചണ്ഡിഗഡ്: 2027ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെടുന്നു. ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഖാദൂര്‍ സാഹിബ് എംപി അമൃത്പാല്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള അകാലിദള്‍ വാരിസ് പഞ്ചാബ് ദേ (AD-WPD)യുടെ നേതൃത്വത്തില്‍ പഞ്ചാബില്‍ പുതിയ സഖ്യത്തിന്റെ പിറവിക്കാണ് സാധ്യതയേറുന്നത്. ഗിയാനി ഹര്‍പ്രീത് സിങ് അധ്യക്ഷനായ ശിരോമണി അകാലിദള്‍ (പുനര്‍ സുര്‍ജിത്), ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) എന്നിവര്‍ സഖ്യ രൂപീകരണത്തിനായുള്ള ചര്‍ച്ചകള്‍ സജീവമാക്കി.

ശിരോമണി അകാലിദള്‍ (അമൃതസര്‍) കൂടി ഈ മുന്നണിയുടെ ഭാഗമാകാന്‍ സാധ്യതയുണ്ട്. മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ മൂന്ന് വര്‍ഷത്തിന് ശേഷം അമൃത്പാല്‍ സിങ്ങിന് ലഭിച്ച മൂന്ന് മണിക്കൂര്‍ സന്ദര്‍ശനാനുമതിക്ക് ശേഷമാണ് ഈ സഖ്യചര്‍ച്ചകള്‍ക്ക് വേഗത കൈവന്നത്. അതേസമയം, ശിരോമണി അകാലിദളും (SAD) ബിജെപിയും തമ്മിലുള്ള സഖ്യസാധ്യത ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുകയാണ്.

സഖ്യ രൂപീകരണത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകുന്നേരം ഫരീദ്‌കോട്ടില്‍ വെച്ച് അകാലിദള്‍ (പുനര്‍ സുര്‍ജിത്) പ്രസിഡന്റ് ഗിയാനി ഹര്‍പ്രീത് സിങ്ങും പഞ്ചാബ് ബിഎസ്പി പ്രസിഡന്റ് അവതാര്‍ സിങ് കരിംപുരിയും ചര്‍ച്ച നടത്തി. ബിഎസ്പിയും അമൃത്പാല്‍ സിംഗിന്റെ പാര്‍ട്ടിയും തമ്മില്‍ നേരത്തെ തന്നെ സഖ്യമുണ്ടാക്കാന്‍ ധാരണയായിരുന്നു. ഇതിന് പുറമെ ജലന്ധറില്‍ വെച്ച് ഗുര്‍പ്രതാപ് സിങ് വഡാല, സാന്താ സിങ് ഉമൈദ്പുരി എന്നിവരുടെ നേതൃത്വത്തിലുള്ള പുനര്‍ സുര്‍ജിത് പ്രതിനിധി സംഘം വാരിസ് പഞ്ചാബ് ദേ നേതാക്കളായ മന്‍ദീപ് സിങ്, ബാബു സിങ് ബ്രാര്‍, കബല്‍ സിങ് എന്നിവരുമായും ബിഎസ്പി പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പില്‍ സംയുക്തമായി മത്സരിക്കുന്നതിനെക്കുറിച്ചും മുന്നണി രൂപീകരണത്തെക്കുറിച്ചും ഫരീദ്‌കോട്ടിലും ജലന്ധറിലും വിശദമായ ചര്‍ച്ചകള്‍ നടന്നു.

പാര്‍ട്ടികളുടെ പ്രാദേശിക സ്വാധീനവും വോട്ട് ബാങ്കും സംയോജിപ്പിക്കാനാണ് പുതിയ നീക്കം ലക്ഷ്യമിടുന്നത്. 25 നിയമസഭാ മണ്ഡലങ്ങളുള്ള മാഝ (Majha) മേഖലയില്‍ അമൃത്പാല്‍ സിങ്ങിന് ശക്തമായ സ്വാധീനമുണ്ട്. 23 നിയമസഭാ മണ്ഡലങ്ങളുള്ള ദൊവാബ (Doaba) മേഖലയിലെ ദളിത് വോട്ടര്‍മാര്‍ക്കിടയിലാണ് ബിഎസ്പിക്ക് പഞ്ചാബില്‍ കാര്യമായ വേരോട്ടമുള്ളത്. പാന്തിക് (Panthic) സംഘടനകള്‍, കര്‍ഷകര്‍, ദലിത്-പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ശക്തികള്‍ എന്നിവരെ ഒരൊറ്റ പ്ലാറ്റ്ഫോമില്‍ അണിനിരത്താനാണ് ഈ നീക്കത്തിലൂടെ ശ്രമിക്കുന്നത്. കഴിഞ്ഞ അഞ്ച് മാസമായി ബിജെപിയുമായി സഖ്യ ചര്‍ച്ചകള്‍ക്കായി കാത്തിരിക്കുകയായിരുന്നുവെന്നും എന്നാല്‍ ബിജെപി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ശിരോമണി അകാലിദള്‍ (പുനര്‍ സുര്‍ജിത്) ജനറല്‍ സെക്രട്ടറി ഗുര്‍പ്രതാപ് സിങ് വഡാല പറഞ്ഞു.

തെരഞ്ഞെടുപ്പിന് ഇനി രണ്ടര മാസത്തില്‍ താഴെ മാത്രം ബാക്കിയുള്ള സാഹചര്യത്തിലാണ് വാരിസ് പഞ്ചാബ് ദേ, അകാലിദള്‍ (അമൃതസര്‍) എന്നിവരുമായി ചര്‍ച്ച ആരംഭിച്ചതെന്നും, ബിജെപിയുമായുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പരമ്പരാഗത പാര്‍ട്ടികളായ കോണ്‍ഗ്രസും ശിരോമണി അകാലിദളും പഞ്ചാബിനെ ചതിച്ചുവെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും വഡാല ആരോപിച്ചു. മാറ്റം വാഗ്ദാനം ചെയ്ത് ഭരണത്തിലെത്തിയ ആം ആദ്മി പാര്‍ട്ടി (എഎപി) ഒന്നും ചെയ്തില്ലെന്നും ജനങ്ങള്‍ അവരുടെ വ്യാജ വാഗ്ദാനങ്ങളില്‍ മടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും രാഷ്ട്രീയത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് വരെ ഒന്നും പറയാനാകില്ലെന്നും സഖ്യ രൂപീകരണത്തില്‍ പ്രതീക്ഷയുണ്ടെന്നും വാരിസ് പഞ്ചാബ് ദേ മുതിര്‍ന്ന നേതാവ് മന്‍പ്രീത് അയാലി വ്യക്തമാക്കി.

നേരത്തെ, സഖ്യസാധ്യത തേടി പുനര്‍ സുര്‍ജിത് പ്രതിനിധി സംഘം ഡല്‍ഹിയില്‍ ബിജെപി ഉന്നത നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെങ്കിലും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിരുന്നില്ല. സാഹ്നേവാളിലെ റെഹ്‌റു സാഹിബ് ഗുര്‍ദ്വാരയില്‍ വെച്ച് നടന്ന യോഗത്തില്‍ പുനര്‍ സുര്‍ജിത് മേധാവി ഗിയാനി ഹര്‍പ്രീത് സിങ്, ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദലിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ബാദലുമായി സഖ്യമുണ്ടാക്കുന്ന ഏത് പാര്‍ട്ടിയെയും എതിര്‍ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Content Highlight: A new political equation is emerging in Punjab ahead of the 2027 Assembly elections, with Amritpal Singh's Waris Punjab De, Akali Dal (Punar Surjit) led by Giani Harpreet Singh, and the Bahujan Samaj Party exploring the possibility of forming an alliance. The proposed coalition aims to combine the parties' regional influence and vote banks, particularly Amritpal Singh's support in the Majha region and the BSP's Dalit support base in Doaba. Meanwhile, discussions between the Shiromani Akali Dal and BJP remain uncertain, as opposition parties seek to challenge the ruling AAP and reshape Punjab's political landscape.

To advertise here,contact us