അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹം; നിയമനിർമാണം ആലോചിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

'രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹങ്ങളിലൂടെ ജനിക്കുന്ന കുട്ടികള്‍ക്ക് ജനിതക വൈകല്യങ്ങളും രോഗങ്ങളുമുണ്ടാവുന്നു'

ന്യൂഡല്‍ഹി: ഉറ്റബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹം തടയാന്‍ നിയമം കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കോടതിക്ക് മാത്രമായി ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാവില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

ബെംഗളൂരുവില്‍ നിന്നുള്ള നിയമവിദ്യാര്‍ഥിനിയായ ചര്‍വി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹങ്ങളിലൂടെ ജനിക്കുന്ന കുട്ടികള്‍ക്ക് ജനിതക വൈകല്യങ്ങളും രോഗങ്ങളുമുണ്ടാവുന്നു. എന്നാല്‍ ഇതൊരു ആചാരമാണെന്നത് കൊണ്ട് മാത്രം ഇത്തരം വിവാഹത്തിന് അനുമതി നല്‍കുന്നതിനെ കോടതി പ്രോല്‍സാഹിപ്പിക്കരുതെന്നായിരുന്നു ഹര്‍ജിക്കാരി ബോധിപ്പിച്ചത്. വിഷയത്തില്‍ അനുകൂലമായ നിയമനിര്‍മാണം നടത്തുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടുന്നതായും വിവിധ മാധ്യമങ്ങളിലൂടെ കൃത്യമായ രൂപരേഖ തയാറാക്കിയുള്ള ബോധവല്‍ക്കരണം നടത്തുന്നത് ആലോചിക്കാവുന്നതാണെന്നും ബെഞ്ച് വ്യക്തമാക്കി.

സമീപകാലത്ത് പുറത്തുവന്ന മെഡിക്കല്‍ പഠനങ്ങളില്‍ രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹബന്ധത്തിലൂടെ ജനിക്കുന്ന കുട്ടികളില്‍ കൂടുതലായും ഹോമോസൈഗോസിറ്റി കണ്ടുവരുന്നു. ഇത് ജനിതക രോഗങ്ങള്‍ക്കും ജന്‍മനായുള്ള അവയവ വൈകല്യങ്ങള്‍ക്കും, കാഴ്ചക്കുറവിനും, കേള്‍വിക്കുറവിനുമെല്ലാം കാരണമാവുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

എന്നാല്‍ വിവാഹം വ്യക്തിയുടെ സ്വകാര്യ തീരുമാനമാണെന്നും വ്യക്തികളാണ് ഇതില്‍ അന്തിമ തീരുമാനം സ്വീകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. നേരത്തെ ഇങ്ങനെയുള്ള വിവാഹബന്ധത്തിലുണ്ടായ ഒരാള്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ച സംഭവത്തിലും ഇതേ നിലപാടായിരുന്നുവെന്നും കോടതി പറഞ്ഞു.

ഒരേ കുടുംബത്തിനുള്ളില്‍ നിന്നുമുള്ള വിവാഹത്തിലൂടെ ജനിച്ചയാളാണ് താനെന്നും 40 ശതമാനത്തോളം കാഴ്ച വൈകല്യം തനിക്കുണ്ടെന്നും ഇത് അനുഭവിക്കേണ്ടി വന്നത് ഇങ്ങനെയൊരു ആചാരമുള്ളത് കൊണ്ട് മാത്രമാണെന്നും ഹര്‍ജിക്കാരി കോടതിയെ അറിയിച്ചു. അതുകൊണ്ട് ഹിന്ദു വിവാഹ നിയമത്തിലെ നാലും അഞ്ചും സെക്ഷന്‍ പ്രകാരം രക്തബന്ധങ്ങള്‍ക്കിടയിലെയോ, സപിണ്ഡ ബന്ധത്തിലെയോ വിവാഹങ്ങള്‍ മതിയായ ആരോഗ്യപരിരക്ഷകളില്ലാതെ നടത്തുന്നത് നിരോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഇത്തരം വിവാഹത്തിന് തീരുമാനിക്കുന്നവര്‍ക്ക് കൗണ്‍സിലിങ്, ഭാവി തലമുറയ്ക്കുണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച ബോധവല്‍ക്കരണം നടത്തണമെന്നും സര്‍ട്ടിഫിക്കറ്റുള്‍പ്പടെ നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അല്ലാതെ ഇത്തരം വിവാഹങ്ങള്‍ നടന്നാല്‍ അത് ഭരണഘടനയിലെ 14,21 അനുച്ഛേദങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Content Highlights: The Supreme Court has asked the Centre to consider legislation on marriages between close blood relatives, citing concerns over genetic disorders while highlighting individual privacy and personal choice

To advertise here,contact us