ഫോളോവേഴ്‌സ് 2മില്യണിലധികം; തെരഞ്ഞെടുപ്പിൽ ഇന്‍ഫ്‌ളുവൻസർക്ക് ലഭിച്ചത് വെറും 33 വോട്ടുകൾ, സംഭവം രാജസ്ഥാനിൽ

ഫോളോവേഴ്‌സ് 2മില്യണിലധികം; തെരഞ്ഞെടുപ്പില്‍ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് ലഭിച്ചത് വെറും 33 വോട്ടുകള്‍

ജോദ്പൂര്‍: സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഇന്‍ഫ്‌ളുവന്‍സര്‍ക്ക് തെരഞ്ഞെടുപ്പില്‍ ലഭിച്ചത് അപ്രതീക്ഷിത തിരിച്ചടി. രാജസ്ഥാനിലെ ജോദ്പൂരിലാണ് സംഭവം. ജില്ലയിലെ ഇന്‍ഡോണ്‍ കി ധാനി - 11 ഗ്രാമപഞ്ചായത്തിലെ ഓസിയാന്‍ തെഹ്ലിലിലെ സര്‍പഞ്ച് തെരഞ്ഞെടുപ്പിലാണ് ഓം പ്രകാശ് ബിഷ്‌ണോയ് എന്ന ഇന്‍ഫ്‌ളുവന്‍സര്‍ മത്സരിച്ചത്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവിടങ്ങളിലായി രണ്ട് ലക്ഷത്തിലധികം പേരാണ് ബിഷ്‌ണോയിയെ ഫോളോ ചെയ്യുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ലഭിച്ചത് വെറും 33 വോട്ടുകള്‍ മാത്രമാണ്. 1600പേര്‍ക്ക് വോട്ടവകാശമുള്ളയിടത്താണ് അദ്ദേഹത്തിന് ഇത്രയും കുറവ് വോട്ട് ലഭിച്ചത്.

തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അദ്ദേഹത്തിന്റെ ഫോളേവേഴ്‌സിനും ഗ്രാമവാസികള്‍ക്ക് പോലും തോല്‍വി വിശ്വസിക്കാനായില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമൂഹമാധ്യമങ്ങളിലൂടെയടക്കം വലിയ പ്രചാരണമാണ് അദ്ദേഹം നടത്തിയത്. ഇന്‍സ്റ്റയില്‍ 1.4മില്യണ്‍, ഫേസ്ബുക്കില്‍ 2.32 ലക്ഷം, യൂട്യൂബില്‍ അഞ്ച് ലക്ഷം എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ ഫോളോവേഴ്‌സിന്റെ കണക്ക്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം നേരിടാനായിരുന്നു ബിഷ്‌ണോയ്‌യുടെ വിധി. മൂന്ന് പേരാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഗ്രാമത്തിലെ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതായിരുന്നു തന്റെ പ്രധാന പരിഗണന എന്നാണ് ബിഷ്‌ണോയ് പറയുന്നു. ഗ്രാമവാസികള്‍ക്ക് എല്ലാ സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെയും സഹായം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ ഉയർത്തിയാണ് പ്രചരണം നടത്തിയതും. എന്നാൽ എല്ലാം വെറുതെയായി. നിലവില്‍ 1500 ഗോക്കളുള്ള ഒരു ഗോശാല അദ്ദേഹം നടത്തുന്നുണ്ട്. ഇതിനായി വലിയൊരു ഭാഗം ഭൂമി അദ്ദേഹം ദാനം ചെയ്തിരുന്നു.

ജനങ്ങള്‍ നിര്‍ബന്ധിച്ചിട്ടാണ് താന്‍ ഇലക്ഷന് മത്സരിച്ചതെന്നാണ് ബിഷ്ണോയ് പറയുന്നത്. ഇതോടെ അവരുടെ ശക്തമായ പിന്തുണ ലഭിക്കുമെന്ന വിശ്വാസത്തിലായിരുന്നു അദ്ദേഹം. എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ ബിഷ്‌ണോയ്ക്ക് ലഭിച്ചത് 33 വോട്ടും. 10എണ്ണം നോട്ടയായിരുന്നു. ബിഷ്‌ണോയ്ക്ക് ലഭിച്ച വോട്ടില്‍ 11 എണ്ണം കുടുംബത്തിൽ നിന്നാണെന്നും അദ്ദേഹം പറയുന്നു.

ആദ്യമായാണ് ഒരു തെരഞ്ഞെടുപ്പിനെ ബിഷ്‌ണോയ് അഭിമുഖീകരിക്കുന്നത്. തോല്‍വി നേരിടേണ്ടി വന്നെങ്കിലും ഗ്രാമീണരെ സേവിക്കുന്നതില്‍ നിന്നും താന്‍ പിന്‍മാറില്ലെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം സോഷ്യല്‍മീഡിയയിലേത് പോലെയുള്ള പിന്തുണയായിരിക്കില്ല ഇത്തരം മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ലഭിക്കുക എന്ന കാര്യം തനിക്ക് മനസിലായെന്നും അദ്ദേഹം വിശദീകരിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ വോട്ടര്‍മാരുമായി എത്ര അടുത്ത് നില്‍ക്കണമെന്ന് മനസിലായെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: A social media influencer with more than two million followers received just 33 votes in an election in Rajasthan. The result highlights the difference between the influencer's online following and the number of votes received

To advertise here,contact us