ഉത്തര്‍പ്രദേശിലെ എസ്‌ഐആര്‍ ക്രമക്കേട്: മൂന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

EPIC നമ്പര്‍ നിലനിര്‍ത്തി വോട്ടര്‍മാരുടെ പേര് മാത്രം മാറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്

ലഖ്നൌ: ഉത്തര്‍പ്രദേശിലെ പിലിഭിത് മണ്ഡലത്തില്‍ നടന്ന എസ്‌ഐആര്‍ ക്രമക്കേടില്‍ മൂന്ന് തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു. രണ്ട് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍, ഒരു കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. EPIC നമ്പര്‍ നിലനിര്‍ത്തി വോട്ടര്‍മാരുടെ പേര് മാത്രം മാറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. ഉത്തര്‍പ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ (സിഇഒ) വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് മുഴുവന്‍ വോട്ടര്‍ പട്ടികയും പരിശോധിക്കുകയായിരുന്നു. പിലിഭിത് മണ്ഡലത്തില്‍ മാത്രം ആയിരക്കണക്കിന് പേരുകള്‍ മാറ്റി രേഖപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍. കോണ്‍ഗ്രസിന്റെ ആരോപണത്തിന് പിന്നാലെയാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ പിഴവ് സ്ഥിരീകരിച്ചത്.

ക്രമക്കേടിനെ തുടര്‍ന്ന് പിലിഭിത്ത് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പിഴവുകൾ സ്ഥിരീകരിച്ചിരുന്നു. 2026 മെയ് 31 നും ഓഗസ്റ്റ് 29 നും ഇടയില്‍ വോട്ടര്‍ വിശദാംശങ്ങളില്‍ 'തിരുത്തലുകള്‍' വരുത്തുന്നതിനായി കംപ്യൂട്ടര്‍ അസിസ്റ്റന്റ് അപേക്ഷകള്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഫോം 8-ല്‍ ക്രമരഹിതമായി രേഖപ്പെടുത്തിയ എല്ലാ എന്‍ട്രികളും തിരുത്താന്‍ നടപടി സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് ഇആര്‍ഒമാര്‍ക്കെതിരെയും വകുപ്പുതല നടപടികള്‍ക്ക് ഉത്തരവിട്ടിട്ടുണ്ടെന്നും അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെ പങ്കിനെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും സിഇഒ പ്രസ്താവനയില്‍ പറഞ്ഞു.

പിലിഭിത്ത് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ക്രമേക്കേട് ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പിലിഭിത്ത് നിയമസഭാ മണ്ഡലത്തില്‍ എപിക് നമ്പര്‍ മാറാതെ വോട്ടര്‍മാരുടെ പേരുകള്‍ മാത്രം മാറ്റിയെന്നും മണ്ഡലത്തില്‍ താമസിക്കാത്ത 2600 പേരുകള്‍ പുതുതായി ചേര്‍ത്തെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതേ തുടർന്ന് 48 മണിക്കൂറിനുള്ളില്‍ പിഴവുകള്‍ തിരുത്തണമെന്ന് ഉത്തർപ്രദേശ് ഇസിഒ നിര്‍ദേശം നൽകിയിരുന്നു. സംഭവത്തില്‍ രണ്ട് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരെ മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥലം മാറ്റിയിരുന്നു. വോട്ടര്‍ രജിസ്‌ട്രേഷന്‍ കേന്ദ്രത്തിലെ കംപ്യൂട്ടര്‍ ഓപ്പറേറ്ററെയും പിരിച്ചുവിട്ടിരുന്നു.

Content Highlights: A case has been registered against election officials over alleged irregularities in the Special Intensive Revision (SIR) process in Uttar Pradesh.

To advertise here,contact us