ഗ്യാനേഷ് കുമാറിന്റെ രാജിയ്ക്കായി ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് പൊലീസ്

പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‌റെ രാജിയ്ക്കായി ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം. പീപ്പിള്‍ എഗെയ്ന്‍സ്റ്റ് എസ്‌ഐആര്‍ ആണ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്. ഇടതുസംഘടനകളും പ്രതിഷേധത്തില്‍ അണിചേര്‍ന്നു. കര്‍ഷക സംഘടനകളും മാര്‍ച്ചിന്റെ ഭാഗമായുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കാര്യാലയത്തിന് മുന്നിലാണ് പ്രതിഷേധം. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതോടെ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ജനാധിപത്യത്തെ തിരികെ പിടിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. സിജെപി നേതാക്കള്‍ കൂട്ടായ്മയുടെ ഭാഗമാണെങ്കിലും മാര്‍ച്ചില്‍ പങ്കെടുത്തില്ല. ജാമ്യ ഉപാധിയായി സമാധാന ബോണ്ട് അടക്കം ഉള്ള സാഹചര്യത്തില്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ വീണ്ടും നീക്കം നടക്കുമെന്ന് കണ്ടാണ് സിജെപി താല്‍ക്കാലികമായി മാറി നില്‍ക്കാന്‍ തീരുമാനിച്ചത്.

അതേസമയം, തെരഞ്ഞടുപ്പ് കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ക്യാബിനറ്റ് സെക്രട്ടറിക്ക് കത്തെഴുതിയതായി ക്യാബിനറ്റ് സെക്രട്ടറിയേറ്റ് സ്ഥിരീകരിച്ചു. വിവരാവകാശ പ്രവര്‍ത്തകനായ കമഡോര്‍ ലോകേഷ് ബത്ര നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നടപടിയെടുക്കുന്നത് അനുചിതമെന്ന് ക്യാബിനറ്റ് സെക്രട്ടറി മറുപടി നല്‍കിയതായും രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനാ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളിലുള്ള ഇടപെടലായി വ്യാഖ്യാനിക്കപ്പെടാമെന്നാണ് ക്യാബിനറ്റ് സെക്രട്ടറി ടി വി സോമനാഥന്‍ മറുപടി നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചിനാണ് ക്യാബിനറ്റ് സെക്രട്ടറി മറുപടി നല്‍കിയത്.

കത്തുകളെക്കുറിച്ച് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ അഭിപ്രായം ആരായാന്‍ ഓഗസ്റ്റ് മൂന്നിന് സെക്രട്ടേറിയറ്റ് നിര്‍ദ്ദേശിച്ചതായും രേഖകളില്‍ കാണാം. കമ്മീഷണര്‍മാരില്‍ നിന്ന് ലഭിച്ച കത്തുകള്‍ അവരുടെ വ്യക്തിപരമായ നിലയിലുള്ളതാണെന്നും, അവ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ആശയവിനിമയമല്ലെന്നും ഓഗസ്റ്റ് നാലിലെ മറ്റൊരു രേഖയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കത്തുകള്‍ ലഭിച്ചുവെന്ന് അറിയിച്ചുകൊണ്ടുള്ള ഒരു മറുപടി മാത്രമാണ് ഈ രണ്ട് കമ്മീഷണര്‍മാര്‍ക്കും നല്‍കിയത്.

ഓഗസ്റ്റ് അഞ്ചിലെ ഈ മറുപടിയുടെ പകര്‍പ്പുകള്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പേഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗ് (DoPT) സെക്രട്ടറി, DoPT-യിലെ എസ്റ്റാബ്ലിഷ്മെന്റ് ഓഫീസര്‍, ചീഫ് ഇലക്ഷന്‍ കമ്മീഷണറുടെ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി എന്നിവര്‍ക്ക് അയച്ചുനല്‍കിയിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും മറുപടി പകര്‍പ്പുകള്‍ അയച്ച് നല്‍കി എന്നാണ് വിവരാവകാശ രേഖ ചൂണ്ടിക്കാട്ടുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബിര്‍ സിങ് സന്ധുവും വിവേക് ജോഷിയും അയച്ച കത്തില്‍ ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ (അഡ്മിനിസ്ട്രേഷന്‍) ചുമതല വഹിക്കുന്ന ലിങ്ക് ഓഫീസറായി ഗാര്‍ഗ് ചുമതലയേറ്റ ശേഷമുള്ള പ്രശ്‌നങ്ങളാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കമ്മീഷനുമായോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായോ മുന്‍കൂട്ടി ചര്‍ച്ച ചെയ്യാതെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കിടയിലെ ജോലി വിഭജനം പരിഷ്‌കരിച്ചുകൊണ്ട് ഇദ്ദേഹം ഉത്തരവിറക്കിയെന്ന് സന്ധുവും ജോഷിയും തങ്ങളുടെ കത്തുകളില്‍ ആരോപിച്ചു. കമ്മീഷനുമായി മുന്‍കൂട്ടി ചര്‍ച്ച ചെയ്യാതെയോ അനുമതി വാങ്ങാതെയോ ഇത്തരം തീരുമാനങ്ങള്‍ എടുക്കരുതെന്ന് ആവര്‍ത്തിച്ച് വാക്കാലും രേഖാമൂലവും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ അവ ലംഘിച്ചുകൊണ്ടാണ് ഈ മാറ്റങ്ങള്‍ വരുത്തിയതെന്ന് കത്തിൽ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ പറയുന്നുണ്ട്.

അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തോട് താന്‍ ഒരു ഫയല്‍ ആവശ്യപ്പെട്ടപ്പോള്‍, അത് നല്‍കാന്‍ അവര്‍ തയ്യാറായില്ലെന്നും ജോഷി ആരോപിച്ചു. ഈ മാറ്റങ്ങള്‍ നിലവിലുള്ള കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധമാണെന്നും, 'ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ആന്‍ഡ് അദര്‍ ഇലക്ഷന്‍ കമ്മീഷണേഴ്‌സ് (അപ്പോയിന്റ്‌മെന്റ്, കണ്ടീഷന്‍സ് ഓഫ് സര്‍വീസ് ആന്‍ഡ് ടേം ഓഫ് ഓഫീസ്) ആക്ട്, 2023'-ലെ വ്യവസ്ഥകളെ ലംഘിക്കുന്നതാണെന്നും കമ്മീഷണര്‍മാര്‍ വാദിച്ചു. ഐഎഎസ് ഉദ്യോഗസ്ഥനായ ഗാര്‍ഗിനെ, 2024 സെപ്റ്റംബര്‍ 2-ന് ക്യാബിനറ്റിന്റെ നിയമന സമിതിയാണ് ഇലക്ഷന്‍ കമ്മീഷനിലേക്ക് നിയമിച്ചത്.

Content Highlights: Gyanesh Kumar Resignation Demand Protests Resume In Delhi

To advertise here,contact us