'പ്രിവിലേജ്ഡായ അശുതോഷിനും സൗരവിനും തെരുവിലിറങ്ങേണ്ട ആവശ്യമില്ലായിരുന്നു, പക്ഷേ രാജ്യം നന്നാകാൻ അവർ അത് ചെയ്തു'

പ്രിവിലേജ്ഡ് ആയ സാഹചര്യത്തില്‍ നിന്നു വന്ന് ഭാഗ്യമില്ലാത്ത മനുഷ്യര്‍ക്ക് വേണ്ടി പോരാടാന്‍ അവര്‍ തീരുമാനിച്ചു എന്നതാണ് തനിക്ക് അവരില്‍ ഏറ്റവും മതിപ്പുളവാക്കുന്ന കാര്യമെന്നും ദീപ്‌കെ

ന്യൂഡല്‍ഹി: സിജെപി നേതാക്കളായ അശുതോഷ് റാങ്കയെയും സൗരവ് ദാസിനെയും കുറിച്ച് വൈകാരിക കുറിപ്പുമായി സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. വലിയ ശമ്പളത്തിലുള്ള ജോലി വരെ ഉപേക്ഷിച്ചാണ് ഇരുവരും പോരാടാനിറങ്ങിയതെന്ന് അഭിജീത് കുറിച്ചു. അവര്‍ക്ക് തെരുവിലിറങ്ങേണ്ട ആവശ്യമില്ലായിരുന്നു എന്നും എന്നാല്‍ രാജ്യത്തെ മികച്ചതാക്കാന്‍ അവര്‍ എല്ലാം ഉപേക്ഷിച്ചെന്നും അഭിജീത് എക്‌സില്‍ കുറിച്ചു.

'വര്‍ഷങ്ങള്‍ക്ക് മുമ്പ് ലണ്ടണില്‍ വലിയ ശമ്പളത്തിലുള്ള കോര്‍പ്പറേറ്റ് ജോലി അശുതോഷിന് ലഭിച്ചു. സൗരവ് രാജ്യത്തിന്റെ നിയമ വ്യവസ്ഥയെ കുറിച്ച് എഴുതി നല്ല ജീവിതം നയിച്ചു. രണ്ട് പേരും മികച്ച കരിയറും സാമ്പത്തിക ഭദ്രതയുമുള്ളവരായിരുന്നു. എന്നാല്‍ ഈ രാജ്യത്തെ മികച്ച സ്ഥലമാക്കി മാറ്റാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ ഇരുവരും ഇതെല്ലാം ഉപേക്ഷിച്ചു. അവരുടെ സുഖകരമായ ജീവിതം ഉപേക്ഷിച്ച് തെരുവിലിറങ്ങി അനിശ്ചിതത്വങ്ങള്‍ നേരിടാനും ഒടുവില്‍ ജയിലില്‍ പോകാനും അവര്‍ക്ക് യാതൊരു ആവശ്യവുമുണ്ടായില്ല. എന്നാലും അവര്‍ അത് ചെയ്തു', ദീപ്‌കെ പറഞ്ഞു.

പ്രിവിലേജ്ഡ് ആയ സാഹചര്യത്തില്‍ നിന്നും വന്നിട്ടും ഭാഗ്യമില്ലാത്ത മനുഷ്യര്‍ക്ക് വേണ്ടി പോരാടാന്‍ അവര്‍ തീരുമാനിച്ചു എന്നതാണ് തനിക്ക് അവരില്‍ ഏറ്റവും മതിപ്പുളവാക്കുന്ന കാര്യമെന്നും ദീപ്‌കെ പറഞ്ഞു. അവരുടെ ജീവിതം ആസ്വദിച്ച് ഇതുവരെ കാണാത്ത മനുഷ്യരുടെ പ്രശ്‌നങ്ങളെ കുറിച്ച് ചിന്തിക്കാതെ ജീവിക്കാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നു. അവരില്‍ നിന്നും ആരും അത് പ്രതീക്ഷിക്കുന്നുമില്ല. പക്ഷേ മറ്റുള്ള മനുഷ്യരെ കുറിച്ച് ആത്മാര്‍ത്ഥമായ ചിന്തയുള്ളതിനാല്‍ അവര്‍ അത് ചെയ്‌തെന്നും ദീപ്‌കെ പറഞ്ഞു.

'എന്നെ സംബന്ധിച്ച് ഒരു മനുഷ്യന് വേണ്ട ഏറ്റവും മികച്ച ഗുണവും അതാണ്. നിങ്ങള്‍ക്ക് അറിയാത്ത മനുഷ്യര്‍ക്ക് വേണ്ടി നിലക്കൊള്ളുക, തന്റേതല്ലാത്ത പോരാട്ടങ്ങളില്‍ പങ്കുചേരുക, മറ്റൊരാള്‍ക്ക് മികച്ച ജീവിതം ലഭിക്കാന്‍ വേണ്ടി തന്റേതെല്ലാം പണയപ്പെടുത്തുക, അശുതോഷും സൗരവും അത്തരത്തിലുള്ള മനുഷ്യരാണ്', ദീപ്‌കെ പറഞ്ഞു.

അതേസമയം ജന്തര്‍ മന്തറിലെ മിന്നല്‍ സമരത്തെ തുടര്‍ന്ന് റിമാന്‍ഡിലായ സൗരവിന്റെയും അശുതോഷിന്റെയും ജാമ്യ ഹര്‍ജി കോടതി പരിഗണിക്കുകയാണ്. ജന്തർ മന്തറിൽ നിരോധനാജ്ഞ ലംഘിച്ച് അതിക്രമിച്ചു കയറുകയും മിന്നൽ പ്രതിഷേധം നടത്തുകയും ചെയ്ത കേസിലായിരുന്നു അറസ്റ്റ്. ഇരുവരുടെയും കൂടെ അറസ്റ്റിലായ അജിന്‍ക്യ ഷിന്‍ഡെയ്ക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. അശുതോഷ് റാങ്കയുടെയും സൗരവ് ദാസിന്റെയും നേതൃത്വത്തില്‍ മതില്‍ ചാടി കടന്നെത്തിയ പ്രവര്‍ത്തകര്‍ ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിക്കുകയായിരുന്നു.

Content Highlights: CJP founder Abhijit Deepke has shared an emotional note about CJP leaders Ashutosh Rangay and Saurav Das. The note focuses on the two leaders, but the specific details and context of the message were not included in the provided news text

To advertise here,contact us