ന്യൂഡല്‍ഹി: പയര്‍വര്‍ഗങ്ങളുടെ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായുള്ള ആറ് വര്‍ഷത്തെ ദൗത്യം പ്രഖ്യാപിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും നടപടികള്‍ എങ്ങും എത്തിയില്ല. 2025 - 26 മുതല്‍ 2030-31 വരെ ആത്മനിര്‍ഭരത ഇന്‍ പള്‍സസ് എന്ന പേരില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണ് ഇഴയുന്നത്. ഇതിനായി വകയിരുത്തിയ 500 കോടി രൂപ ഉപയോഗിച്ചുള്ള ഒരു ഗവേഷണ പദ്ധതിക്ക് പോലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ഈ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്നാണ് കൃഷി മന്ത്രാലയം ഞായറാഴ്ച അറിയിച്ചത്.
ഗവേഷണ പദ്ധതികള്‍ക്കുള്ള അനുമതി നടപടികള്‍ നവംബര്‍ 15-നകം പൂര്‍ത്തിയാക്കാന്‍ കാബിനറ്റ് സെക്രട്ടേറിയറ്റ്, കൃഷി-കര്‍ഷക ക്ഷേമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. നടപടിക്രമങ്ങള്‍ വേഗത്തിലാക്കി വരികയാണെന്നും, സമിതി ശുപാര്‍ശ ചെയ്ത അര്‍ഹമായ പദ്ധതികള്‍ക്ക് നവംബര്‍ 15 എന്ന സമയപരിധിക്ക് മുമ്പായി 2026 ഒക്ടോബര്‍ അവസാനത്തോടെ അനുമതി ലഭിക്കുമെന്നും മന്ത്രാലയം ഞായറാഴ്ച വ്യക്തമാക്കി. എണ്ണക്കുരുക്കള്‍, പയര്‍വര്‍ഗങ്ങള്‍, പരുത്തി എന്നിവയുമായി ബന്ധപ്പെട്ട കാര്‍ഷിക ഗവേഷണങ്ങളുടെ പുനഃക്രമീകരണം അവലോകനം ചെയ്യുന്നതിനായി, കാബിനറ്റ് സെക്രട്ടറി ഡോ. ടി വി സോമനാഥന്റെ അധ്യക്ഷതയില്‍ ഒക്ടോബര്‍ 5-ന് ചേര്‍ന്ന യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ ഈ വിഷയം ഉന്നയിച്ചത്.സേവാ തീര്‍ത്ഥില്‍ നടന്ന യോഗത്തില്‍, കൃഷി സെക്രട്ടറി അതിഷ് ചന്ദ്ര, പരിസ്ഥിതി സെക്രട്ടറി നരേന്ദ്ര ഭൂഷണ്, കൃഷി ഗവേഷണ-വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി മാംഗി ലാല്‍ ജാട്ട് എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
'നാഷണല്‍ പള്‍സസ് മിഷന്' ന്റെ ഗവേഷണ വിഭാഗത്തിന് കീഴിലുള്ള പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്ക്, കൃഷി മന്ത്രാലയത്തിന് കീഴിലുള്ള 'കൃഷി, കര്‍ഷക ക്ഷേമ വകുപ്പ്' ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്ന് യോഗത്തില്‍ കാബിനറ്റ് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. 'നാഷണല്‍ മിഷന് ഓണ്‍ പള്‍സസ്' പദ്ധതിക്കായി വകയിരുത്തിയ 500 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഈ വര്‍ഷം നവംബര്‍ 15-നകം പൂര്‍ത്തിയാക്കാന്‍ കാബിനറ്റ് സെക്രട്ടേറിയറ്റ് കൃഷി മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായാണ് വിവരം.
2025 ഒക്ടോബര്‍ 1-ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതിനെത്തുടര്‍ന്ന്, 2025 ഒക്ടോബര്‍ 11-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മിഷന് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 1-ന് അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് ഈ ദൗത്യം പ്രഖ്യാപിച്ചത്. അഞ്ച് പ്രധാന കാര്യങ്ങള്‍ക്കാണ് ദൗത്യം ഊന്നല്‍ നല്‍കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ ശേഷിയുള്ള വിത്തുകള്‍ വികസിപ്പിക്കുകയും അവ വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാക്കുകയും ചെയ്യുക, വിളകളിലെ പ്രോട്ടീന്‍ അളവ് വര്‍ദ്ധിപ്പിക്കുക, ഉല്‍പ്പാദനക്ഷമത കൂട്ടുക, വിളവെടുപ്പിന് ശേഷമുള്ള സംഭരണവും പരിപാലനവും മെച്ചപ്പെടുത്തുക, കര്‍ഷകര്‍ക്ക് ലാഭകരമായ വില ഉറപ്പാക്കുക എന്നിവയാണവ.
2025-26 മുതല്‍ 2030-31 വരെയുള്ള ആറ് വര്‍ഷ കാലയളവിലാണ് ഈ ദൗത്യം നടപ്പിലാക്കുന്നത്. 11,440 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഇതില്‍ 500 കോടി രൂപ ഗവേഷണ പദ്ധതികള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. രാജ്യത്തെ പയര്‍വര്‍ഗ്ഗങ്ങളുടെ മൊത്തം ഉല്‍പ്പാദനം 2023-24-ലെ 242 ലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 2030-31-ഓടെ 350 ലക്ഷം മെട്രിക് ടണ്ണായി (45 ശതമാനം) വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ് ദൗത്യം. ഇതേ കാലയളവില്‍, പയര്‍വര്‍ഗ്ഗ കൃഷി ചെയ്യുന്ന സ്ഥലവിസ്തൃതി 275 ലക്ഷം ഹെക്ടറില്‍ നിന്ന് 310 ലക്ഷം ഹെക്ടറായി (13 ശതമാനം വര്‍ദ്ധനവ്) ഉയര്‍ത്താനും, ശരാശരി വിളവ് ഹെക്ടറിന് 881 കിലോഗ്രാമില്‍ നിന്ന് 1,130 കിലോഗ്രാമായി (28 ശതമാനം വര്‍ദ്ധനവ്) മെച്ചപ്പെടുത്താനും ഈ ദൗത്യം ലക്ഷ്യമിടുന്നു.
Content Highlights: One year after Prime Minister Narendra Modi announced the six-year Atmanirbharta in Pulses mission, the programme is yet to make significant progress. Covering the 2025–26 to 2030–31 period, the initiative aims to achieve self-sufficiency in pulses. However, no research project funded by the allocated ₹500 crore has received approval so far. The Agriculture Ministry said on Sunday that it would accelerate the pending procedures.