ന്യൂഡല്ഹി: ജന്തര് മന്തറിലെ മിന്നല് പ്രതിഷേധത്തെ തുടര്ന്ന് അശുതോഷ് റാങ്കെയും സൗരവ് ദാസിനെയും റിമാന്ഡ് ചെയ്തതില് സിജെപിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. സമാധാന പരമായ സമരത്തിന്റെ ഭാഗമായി ജന്തര് മന്തറില് ത്രിവര്ണ പതാക വീശുന്നത് കുറ്റകരമല്ലെന്നായിരുന്നു രാഹുല് ഗാന്ധിയുടെ എക്സ് പോസ്റ്റ്. അതിന്റെ പേരില് യുവാക്കളെ ജയിലില് ഇടുന്നത് ഭീരുത്വത്തിന്റെ ലക്ഷണമാണ്. വിദ്യാര്ത്ഥികളും യുവാക്കളും മാധ്യമപ്രവര്ത്തകരും ഇന്ഡ്യ സഖ്യവും പല ബാനറുകള് ഉയര്ത്തും. എന്നാല് എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടിയാണ്. പൗരന്മാര്ക്ക് ഭരണഘടന നല്കുന്ന അവകാശങ്ങള് സംരക്ഷിക്കപ്പെടണമെന്നും പ്രതിപക്ഷ നേതാവ് കുറിച്ചു. ജന്തര് മന്തര് ജനങ്ങളുടേതാണെന്നും അത് തങ്ങള് തിരിച്ചുപിടിക്കുമെന്നും രാഹുല് ഗാന്ധി കൂട്ടിച്ചേര്ത്തു.
ജന്തര് മന്തറിലെ മിന്നല് സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിജെപി സഹ വക്താക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും അഞ്ച് ദിവസത്തേക്കാണ് റിമാന്ഡ് ചെയ്തത്. ഇവരെ തിഹാര് ജയിലിലേക്കാണ് കൊണ്ട് പോകുന്നത്. അജിന്ക്യ ഷിന്ഡെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജന്തര് മന്തര് ഇനി മുതല് സമര കേന്ദ്രം അല്ലെന്ന് കേന്ദ്രം ഉത്തരവിറക്കിയതിന് പിന്നാലെ വലിയ സുരക്ഷാ സന്നാഹങ്ങളായിരുന്നു ഏര്പ്പെടുത്തിയിരുന്നത്. എന്നാല് ജന്തര് മന്തര് സമര കേന്ദ്രമായി തുടരണമെന്നും സമരത്തിന് അനുമതി നല്കിയില്ലെങ്കില് വലിയ പ്രതിഷേധം ഉണ്ടാകുമെന്നും സിജെപി മുന്നറിയിപ്പ് നല്കിയിരുന്നു.
ഇതിന്റെ ഭാഗമായാണ് ഡല്ഹി പൊലീസിന്റെയും അര്ദ്ധ സൈനിക വിഭാഗത്തിന്റെയും സകല സുരക്ഷാ സംവിധാനങ്ങളെയും ഭേദിച്ച് സിജെപി പ്രവര്ത്തകര് ജന്തര് മന്തറില് എത്തിയത്. അശുതോഷ് റാങ്കയുടെയും സൗരവ് ദാസിന്റെയും നേതൃത്വത്തില് മതില് ചാടി കടന്നെത്തിയ പ്രവര്ത്തകര് ദേശീയ പതാക ഉയര്ത്തി പ്രതിഷേധിക്കുകയായിരുന്നു. പിന്നാലെ പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Content Highlights: Rahul Gandhi has expressed support for CJP after Ashutosh Ranka and Saurav Das were remanded following a sudden protest at Jantar Mantar. In a post on X, he said waving the national flag during a peaceful demonstration was not a crime and described jailing young protesters as an act of cowardice. He stressed the need to protect constitutional rights and said Jantar Mantar belongs to the people.