ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നേരിട്ട് കാണണമെന്ന പ്രതിപക്ഷ എം പിമാരുടെ ആവശ്യത്തിന് വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാന്‍ ഔദ്യോഗിക അപേക്ഷ നല്‍കിയില്ലെന്നാണ് വിശദീകരണം. പ്രതിപക്ഷ എംപിമാരെ ഈ മാസം 15ന് കാണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. വൈകിട്ട് നാല് മണിവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും കമ്മീഷനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഔദ്യോഗികമായി അപേക്ഷിച്ചിരുന്നില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
ചില രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നതിനായി സമയം ആവശ്യപ്പെട്ടിരുന്നെങ്കിലും, തിരക്കേറിയ ഔദ്യോഗിക പരിപാടികൾ കാരണം കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. 240 എംപിമാരുടെ സംഘവുമായാണ് കൂടിക്കാഴ്ച നടത്തുന്നതെന്നും കൂടിക്കാഴ്ചയുടെ നിശ്ചയിച്ചിരിക്കുന്ന സ്ഥലം പാർലമെന്റാണെന്നുമാണ് അറിയിപ്പ് ലഭിച്ചത്. ഈ അഭ്യർഥന അസാധാരണമായതാണെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. നിലവിലുള്ള നടപടിക്രമപ്രകാരം കൂടിക്കാഴ്ചകൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിൽവെച്ചാണ് നടത്തേണ്ടതെന്നാണ് കമ്മീഷൻ്റെ വിശദീകരണം.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ കാണണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. വോട്ടുചോരി വിഷയത്തില്‍ സംസാരിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. കൂടിക്കാഴ്ചയില്ലാതെ പിന്മാറില്ലെന്നാണ് രാഹുല്‍ ഗാന്ധി ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകിയത്.
ഗ്യാനേഷ് കുമാറിനെ കാണുന്നത് വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സമീപത്ത് പ്രതിഷേധവുമായി തുടരുമെന്ന് രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളും വ്യക്തമാക്കിയിരുന്നു. തുടർന്ന് പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ആകാശവാണി ഭവന് മുന്നിലെ ആൽച്ചുവട്ടിലായിരുന്നു നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. നേതാക്കളോട് പ്രതിഷേധ സ്ഥലത്ത് നിന്നും ഒഴിയാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തയ്യാറായിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ടശേഷം മാത്രമെ മടങ്ങൂവെന്ന നിലപാടിലായിരുന്നു രാഹുൽ ഗാന്ധിയും പ്രതിഷേധക്കാരും. തുടർന്ന് ആദ്യം എംപിമാരെയും പിന്നീട് രാഹുലിനെയും പ്രിയങ്കയെയും ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു.
Content Highlights: The Election Commission has explained why the opposition's request for a meeting with Gyanesh Kumar was not communicated in advance.