ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഡല്‍ഹിയിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പാര്‍ലമെന്റ് സ്ട്രീറ്റില്‍ പ്രതിഷേധം. പ്രതിഷേധത്തില്‍ സിജെപി വക്താവ് സൗരവ് ദാസ് എത്തി. എസ്എഫ്ഐ നേതാവ് ഐഷി ഘോഷും സിപിഐഎം നേതാവ് ബൃന്ദ കാരാട്ടും പ്രതിഷേധ സ്ഥലത്ത് എത്തിയിരുന്നു പൊലീസ് പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് വിവരം.
ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്തറിന് സമീപം ശനിയാഴ്ച നടന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ, പൊലീസ് ഉദ്യോഗസ്ഥര്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന് മൂന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. എന്നാല്‍ മാധ്യമപ്രവത്തകമാരുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. എസ്ഐആര്‍ നടപടിയുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് നടപടിയെക്കുറിച്ചാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയെന്നാണ് പൊലീസ് നല്കുന്ന വിശദീകരണം.
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ ആക്രമണം മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റവും ഞെട്ടല്‍ ഉളവാക്കുന്നതുമാണെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ അടിന്തരമായി കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്നും പിസിഐ ആവശ്യപ്പെട്ടു. ഡല്‍ഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണെന്ന് ചൂണ്ടിക്കാട്ടിയ രാഹുല്‍ ഗാന്ധി സംഭവത്തില്‍ അമിത് ഷാ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. നൂറ് കണക്കിന് വനിതാ പ്രവര്‍ത്തകരെ പൊലീസ് ക്രൂരഅതിക്രമത്തിന് വിധേയമാക്കിയെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു.
Content Highlights: CJP staged a protest at Parliament Street over an allegation concerning police conduct towards women journalists while they were covering protests against Gyanesh Kumar in Delhi. CJP spokesperson Saurav Das, SFI leader Aishe Ghosh and CPM leader Brinda Karat were present, while police were reportedly holding discussions with the protesters.