ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റഷ്യന്‍ പ്രസിഡന്റ് ഭാരത് മണ്ഡപത്തില്‍ എത്തി. ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ഇന്ന് രാവിലെയാണ് പുടിന് ഇന്ത്യയിലെത്തിയത്. വ്യാപാരം, പ്രതിരോധം, നിക്ഷേപം, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഊര്‍ജ സഹകരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും. പുടിന് തിരുക്കുറലിൻ്റെ റഷ്യൻ പരിഭാഷ നരേന്ദ്ര മോദി സമ്മാനിച്ചു.
2030 ഓടെ 100 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം, വ്യാവസായിക സഹകരണം വികസിപ്പിക്കല്‍, റെയില്‍ മേഖലയിലും തുരങ്കനിര്‍മ്മാണത്തിലും സഹകരണം, ഉരുക്ക് മൂല്യ ശൃംഖല വികസിപ്പിക്കല്‍ എന്നിവയും ചര്‍ച്ചയാകും. റഷ്യന്‍ വിപണിയിലേക്കുള്ള വ്യാവസായിക പ്രവേശനം കൂടുതല്‍ എളുപ്പമാക്കുന്നതിനും ചര്‍ച്ചയില്‍ ഊന്നല്‍ നല്‍കും.
ബ്രഹ്മോസ് മിസൈലുകളുടെ നവീകരണം, ശേഷിക്കുന്ന എസ്400 സംവിധാനങ്ങളുടെ വിതരണം, റഷ്യയുടെ എസ്യു-57 യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എന്നിവയും കൂടിക്കാഴ്ചയില്‍ പ്രധാന വിഷയങ്ങളാകുമെന്നാണ് സൂചന. ഉയര്‍ന്നതല പ്രതിനിധി സംഘത്തോടെയാണ് പുടിന് ഇന്ത്യയിലെത്തിയത്. 2022 ഫെബ്രുവരിയില്‍ യുക്രെയ്ന് യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യയ്ക്ക് പുറത്തുനടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പുടിന് നേരിട്ട് പങ്കെടുക്കുന്നത് ഇതാദ്യമാണ്.
സെപ്റ്റംബര്‍ 12, 13 തീയതികളില്‍ ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിലാണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ഇറാനിലെയും യുക്രെയ്നിലെയും യുദ്ധങ്ങളും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണത്തിന് കീഴിലെ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഉച്ചകോടി നടക്കുന്നത്.
Content Highlights: PM Modi meets Putin in Delhi; trade, defence, energy, BrahMos, S-400 and Su-57 talks on agenda