ഗുജറാത്തിലെ കാണ്ഡ്‌ല തുറമുഖത്ത് രണ്ട് ചരക്കുകപ്പലുകൾ കൂട്ടിയിടിച്ചു; 21 ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു

അപകടത്തെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്

ഗുജറാത്ത്: കാണ്ഡ്‌ല തുറമുഖത്തിന് സമീപം രണ്ട് ചരക്കുകപ്പലുകള്‍ കൂട്ടിയിടിച്ചു. എംവി കെ മാക്‌സ് എംപറര്‍ എന്ന കപ്പല്‍ എംവി ട്രൂ മറൈനര്‍ എന്ന ചരക്കുകപ്പലുമായാണ് കൂട്ടിയിടിച്ചത്. മാക്‌സ് എംപറര്‍ എന്ന കപ്പലിലെ 24 ജീവനക്കാരില്‍ 21 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. 3 പേരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാനുണ്ട്. അപകടത്തെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. കപ്പലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് ജീവനക്കാര്‍ ഇപ്പോഴും മാക്‌സ് എംപറര്‍ കപ്പലില്‍ തുടരുന്നതായും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. അപകടകാരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കോസ്റ്റ് ഗാര്‍ഡ് പ്രഖ്യാപിച്ചു.

അതേസമയം, കപ്പലുകള്‍ കൂട്ടിയിടിച്ചതിന് പിന്നാലെ മലിനീകരണ പ്രതിരോധ നടപടികള്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സജീവമാക്കി. പ്രതിരോധ നടപടികളുടെ ഭാഗമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ്, കേന്ദ്ര ഏജന്‍സികള്‍, സംസ്ഥാന ഭരണകൂടം എന്നിവരുമായി ചേര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് പ്രവര്‍ത്തിച്ചുവരികയാണ്. സമുദ്രസുരക്ഷ ഉറപ്പാക്കുന്നതിനും ഗുജറാത്തിന്റെ തീരദേശ പരിസ്ഥിതി സംരക്ഷിക്കുന്നതിനും പൂര്‍ണ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

Content Highlights: Two merchant vessels collide near Kandla port in Gujarat; 21 crew members evacuated safely as the Coast Guard launches rescue and pollution response operations

To advertise here,contact us