

ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ പ്രസംഗത്തിനിടെ മുഖ്യമന്ത്രി വിജയ് കൈകൊണ്ട് താടിയെല്ലിൽ തട്ടി ആംഗ്യം കാട്ടിയ സംഭവത്തില്‍ പ്രതികരണവുമായി ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്. അടിയന്തരാവസ്ഥ കാലത്ത് നേരിട്ട പ്രയാസങ്ങള്‍ ചരിത്രരേഖകളില്‍ കുറിച്ചിട്ടുള്ള ഒരിക്കലും മാറ്റം വരുത്താന്‍ കഴിയാത്ത വസ്തുതയാണെന്നും താന്‍ ഏറ്റുവാങ്ങിയ മര്‍ദനത്തിന്റെ പാടുകള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നും വിജയ്ക്ക് മറുപടിയായി എം കെ സ്റ്റാലിന് പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പത്തു മിനിറ്റ് നീളുന്ന വീഡിയോ സന്ദേശത്തിലൂടെയാണ് സ്റ്റാലിന്റെ പ്രതികരണം.
'തമ്പീ… വിജയ്, നീ പറഞ്ഞത് സത്യമാണ്, അതില്‍ കള്ളമൊന്നുമില്ല. അടിയന്തരാവസ്ഥ കാലത്ത് മിസ ചട്ടവുമായി ബന്ധപ്പെട്ട് പൊലീസ് എന്നെ തേടി വീട്ടിലെത്തിയപ്പോള്‍, ഞാന്‍ വീട്ടിലില്ലായിരുന്നു. അന്ന് മകന് വീട്ടിലില്ലെന്നും വന്നാല്‍ ഫോണ്‍ ചെയ്ത് അറിയിക്കാമെന്ന് കലൈഞ്ജര്‍ മറുപടി നല്കി. പിറ്റേദിവസം വീട്ടിലെത്തിയപ്പോള്‍ അദ്ദേഹം പൊലീസിനെ വിവരം അറിയിച്ചു. അങ്ങനെ ജയിലില്‍ ഒരുപാട് കഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നു. പത്തുപേരുള്ള തടവറിയിലാണ് പാര്‍പ്പിച്ചത്. എല്ലാവര്‍ക്കുമായി ഒരു യൂറിനലാണ് ഉണ്ടായിരുന്നത്. ദുര്‍ഗന്ധം വമിക്കുന്ന അവിടെയാണ് എല്ലാവരും ഉറങ്ങുന്നത്. രാത്രി ഉറങ്ങാന്‍ അനുവദിക്കാതെ പൊലീസ് ലാത്തികൊണ്ട് മര്‍ദിക്കും. ബൂട്ടിട്ട് ചവിട്ടും. അവിടുള്ള ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നവരെ ഉപയോഗിച്ചും ഞങ്ങളെ മര്‍ദിക്കുമായിരുന്നു. അങ്ങനെയാണ് സഹോദരന് ചിട്ടി ബാബുവിനെ നഷ്ടമായത്. ആ മര്‍ദനത്തില്‍ എന്റെ താടിയെല്ലിന് പരിക്കേറ്റിരുന്നു. നിങ്ങള്‍ താടിക്ക് കൈകള്‍ താങ്ങി ആംഗ്യം കാണിച്ചില്ലേ? അതില്‍ വാസ്തവമുണ്ട്. ഇന്നും അന്നത്തെ മര്‍ദനത്തിന്റെ പാടുകള്‍ എന്റെ ശരീരത്തിലുണ്ട്. ഇല്ലെന്ന് പറയില്ല. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് തമിഴര്‍ക്കും തമിഴ്നാടിനുമായി പോരാടിയവര്‍ക്ക് ഇത്തരം അടിച്ചമര്‍ത്തലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നതും പ്രയാസങ്ങള്‍ അനുഭവിക്കുന്നതും ഞങ്ങള്‍ക്ക് പുതുമയല്ല', വീഡിയോയില്‍ സ്റ്റാലിന് പറഞ്ഞു.
അതേസമയം വിജയ് സോഷ്യല്‍ മീഡിയ ഉപയോഗിച്ച് മോശം ഭരണത്തെ മറികടക്കാന്‍ റീലുകളും പ്രശസ്തിയും ഉപയോഗിക്കുകയാണെന്നും സ്റ്റാലിന് ആരോപിച്ചു. അസംബ്ലിയെ വിജയ് റീലുകള്‍ ചിത്രീകരിക്കുന്ന ഇടമാക്കി മാറ്റി. ഭരണം സിനിമ ചിത്രീകരണം പോലെയാണ് നടത്തുന്നത്. പലതരം റീലുകള്‍ പങ്കുവച്ച് മുഴുവന്‍ ജനതയെയും വിജയ് ചതിക്കുകയാണെന്നും സ്റ്റാലിന് വിമര്‍ശിച്ചു.
മുന്‍ സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് സംസാരിക്കുന്നതിനിടെയാണ് തന്റെ താടി, കൈ കൊണ്ട് ഉയര്‍ത്തിപ്പിടിക്കുന്നത് പോലൊരു ആംഗ്യം വിജയ് കാണിച്ചത്. ഇത് മുന്‍ മുഖ്യമന്ത്രിയെ പരിഹസിച്ചതാണെന്ന് ആരോപണം ഉയര്‍ന്നു. നടന്നത് ബോഡി ഷെയിമിങ് ആണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. ഇതോടെ വിജയ് തന്നെ വിശദീകരണവുമായി എത്തി. അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അത്തരത്തില്‍ വ്യാഖ്യാനിക്കരുതെന്നും എക്സില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് വിജയ് വിശദീകരിച്ചത്.
Content Highlights: Tamil Nadu Chief Minister MK Stalin responded to actor and politician Vijay, stating that history cannot be changed. Stalin referred to the scars he still bears