ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സത്യനികേതനില്‍ ഹോസ്റ്റൽ കെട്ടിടം തകര്‍ന്ന് ഏഴ് പേര് മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കെട്ടിടത്തില്‍ അറ്റകുറ്റപ്പണി നടത്തുന്ന കോണ്ട്രാക്ടര് സനോജ് ആണ് ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ നിന്നും അറസ്റ്റിലായത്. ഇതോടെ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം നാലായി. സനോജിനെ ഉടന്‍ തന്നെ ഡല്‍ഹിയില്‍ എത്തിക്കും. ഹോസ്റ്റല്‍ ലീസിനെടുത്ത സുധാന്‍ശു ഒളിവിലാണ്. ഇയാള്‍ ഒരു ലക്ഷം രൂപയാണ് ഓരോ മാസം കെട്ടിടഉടമയ്ക്ക് നല്കി കൊണ്ടിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് കെട്ടിടം ലീസിന് നല്‍കിയത്.
കഴിഞ്ഞ പത്തുദിവസത്തോളമായി കെട്ടിടത്തിന്റെ ബേസ്മെന്റില്‍ അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്നു. മഴയെ തുടര്‍ന്ന് വെള്ളവും മാലിന്യങ്ങളും അടിഞ്ഞുകൂടിയതിനെ തുടര്‍ന്നായിരുന്നു പ്രവൃത്തികള്‍ ആരംഭിച്ചത്. ഏറ്റവും താഴെത്ത നിലയിലും നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നുണ്ടായിരുന്നു.
സംഭവത്തില്‍ പ്രതികളായ കെട്ടിട ഉടമ ഹരിറാം, ഭാര്യ ഊര്‍മിള എന്നിവരെ ഡല്‍ഹി കോടതി 14ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇവരുടെ മകന് മഹേഷ് രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്. സംഭവദിവസം പ്രദേശവാസികളില്‍ നിന്നും വിവരം അറിഞ്ഞ മഹേഷും കുടുംബവും രാജസ്ഥാനിലെ ഭിവാഡിയിലെ ഇയാളുടെ ഭാര്യയുടെ വീട്ടിലേക്ക് മാറിയിരുന്നു. അവിടെ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. അസി. സബ് ഇന്‍സ്പെക്ടര്‍ പ്രഫുല്‍ തോപ്പോയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഹോസ്റ്റല്‍ ഡേസ് എന്ന് പേരുള്ള ആണ്‍കുട്ടികള്‍ക്കായി പിജി സൗകര്യം ഒരുക്കിയിരുന്ന കെട്ടിടമാണ് ഞായറാഴ്ച തകര്‍ന്നത്. 15മുറികളാണ് ഇതില്‍ ഉണ്ടായിരുന്നത്. ഒരു മുറിയില്‍ രണ്ട് മുതല്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ വരെയായിരുന്നു താമസിച്ചിരുന്നത്. താഴത്തെ നിലയില്‍ ഒരു മെഡിക്കല്‍ ഷോപ്പും പ്രവര്‍ത്തിച്ചുവരികയായിരുന്നു. മോത്തിലാല്‍ നെഹ്റു കോളേജ്, ആത്മാ റാം സനാതന്‍ ധര്‍മ്മ കോളേജ്, ശ്രീ വെങ്കടേശ്വര കോളേജ് എന്നിവിടങ്ങളില്‍ പഠിക്കുന്നവരായിരുന്നു താമസക്കാരിലേറെയും. ഒരാളില്‍ നിന്ന് 12,000 രൂപ വരെയായിരുന്നു വാടക ഈടാക്കിയിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
Content Highlights: One more person has been arrested in connection with the hostel building collapse accident in Delhi. The arrest is part of the ongoing investigation into the incident