ചെന്നൈ: ടിവികെയ്ക്കെതിരായ സഖ്യത്തിൽ എഐഎഡിഎംകെയുമായി കൈകോർക്കാൻ രാഷ്ട്രീയ എതിരാളിയായ ഡിഎംകെയെ വെല്ലുവിളിച്ച് എഐഎഡിഎംകെ ജനറൽ സെക്രട്ടറിയും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായ എടപ്പാടി കെ പളനിസ്വാമി. ചൊവ്വാഴ്ച ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടിവികെയ്ക്കെതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നുണ്ടോയെന്ന ചോദ്യത്തിനായിരുന്നു എടപ്പാടി കെ പളനിസ്വാമിയുടെ പ്രതികരണം. 'അതെ. ഞങ്ങളും ടിവികെയ്ക്കെതിരാണ്. മറ്റേതെങ്കിലും പാർട്ടി ഞങ്ങളോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്വാഗതം ചെയ്യുന്നു. ഞങ്ങളുടെ സഖ്യം നിലവിലുള്ള രീതിയിൽ തന്നെ തുടരും. മറ്റ് പാർട്ടികൾ വന്നാൽ അവർക്കും ചേരാം എന്നായിരുന്നു പളനിസ്വാമിയുടെ മറുപടി. 'പുതിയ പാർട്ടികൾ ഞങ്ങളോടൊപ്പം ചേരാൻ വന്നാൽ അവർക്ക് ചേരാം. ഡിഎംകെ വരുമോ? ഡിഎംകെ വരുമോ എന്ന ചോദ്യം ചോദിക്കാമോ?' എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചിരുന്നു.
എഐഎഡിഎംകെയും ഡിഎംകെയും തമ്മിൽ സഖ്യചർച്ചകളൊന്നും നടക്കുന്നില്ലെന്ന് ഡിഎംകെ ഓർഗനൈസിങ് സെക്രട്ടറി ആർ എസ് ഭാരതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഭാവിയിൽ ഇരു പാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ടിവികെ-എഐഎഡിഎംകെ സഖ്യസാധ്യതകൾ സംബന്ധിച്ച ചർച്ചകൾ സജീവമായിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ദീർഘകാല സഖ്യകക്ഷികളായിരുന്ന ഡിഎംകെയും കോൺഗ്രസും തമ്മിൽ ഭിന്നതയുണ്ടാകുകയും കോൺഗ്രസ് വിജയ്യുടെ ടിവികെയുമായി ചേർന്ന് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ എഐഎഡിഎംകെയിലും ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായിരുന്നു. എഐഎഡിഎംകെയി ആറ് എംഎൽഎമാർ വിജയ്യുടെ പാർട്ടിയിൽ ചേർന്നതോടെ പാർട്ടി ഏതാണ്ട് രണ്ടായി വിഭജിക്കപ്പെട്ട നിലയിലാണ്. ഈ സാഹചര്യത്തിലാണ് പളനിസ്വാമിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.
ഇതിനിടെ അഴിമതി, വിലക്കയറ്റം, ക്രമസമാധാന നില, ലഹരിമരുന്ന് ഉപയോഗം, കർഷകർ നേരിടുന്ന പ്രശ്നങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ വിജയ് സർക്കാർ പരാജയപ്പെട്ടുവെന്നും പളനിസ്വാമി ആരോപിച്ചു. നിയമസഭയിൽ പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി നേരിട്ട് മറുപടി നൽകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിങ്കളാഴ്ച നിയമസഭാ നടപടികൾക്കിടെ വിജയ് നടത്തിയ പരാമർശങ്ങളെച്ചൊല്ലി ഡിഎംകെ നിയമസഭാ സ്പീക്കറുടെ ചേംബറിന് മുന്നിൽ ധർണ നടത്തിയ പശ്ചാത്തലത്തിലാണ് പളനിസ്വാമിയുടെ വിമർശനം. പ്രതിഷേധത്തെ തുടർന്ന് സഭാ നടപടികൾ തടസപ്പെട്ടു. ഇതോടെ ഡിഎംകെ എംഎൽഎമാരെ മാർഷൽമാരെ ഉപയോഗിച്ച് പുറത്താക്കാൻ സ്പീക്കർ നിർദേശം നൽകിയിരുന്നു. നിയമസഭയിൽ നിരവധി പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോയെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ പളനിസ്വാമി പറഞ്ഞു. സഭാ നടപടികൾ വിജയ് കൈകാര്യം ചെയ്ത രീതിയെയും തമിഴ്നാട്ടിലെ നിലവിലെ സാഹചര്യങ്ങളെയും അദ്ദേഹം വിമർശിച്ചു. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ സർക്കാർ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
നിലവിലെ ഭരണത്തിന് കീഴിൽ അഴിമതി പലമടങ്ങ് വർധിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. എഫ്ക്യുഎൽ ഫണ്ടുമായി ബന്ധപ്പെട്ട് വൻ തട്ടിപ്പ് നടന്നതായും ലക്ഷക്കണക്കിന് ആളുകൾക്ക് ഒരു സ്വകാര്യ കമ്പനിയുടെ ഇടപാടിലൂടെ പണം നഷ്ടപ്പെട്ടതായും പളനിസ്വാമി പറഞ്ഞു. കേസിൽ ആരോപണവിധേയർക്കെതിരെ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തെ മോശമാകുന്ന ക്രമസമാധാന നിലയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പൊലീസ് വകുപ്പിനെക്കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചെങ്കിലും പൊലീസ് ഉദ്യോഗസ്ഥർക്കായി പുതിയ പ്രഖ്യാപനങ്ങളൊന്നും നടത്തിയില്ലെന്നും പളനിസ്വാമി പറഞ്ഞു. നഗരഭരണ വകുപ്പ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ചുമതലയിലാണെങ്കിലും അതുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമസഭയിൽ മറ്റൊരു മന്ത്രിയാണ് മറുപടി നൽകിയതെന്നും അദ്ദേഹം വിമർശിച്ചു. ജനങ്ങളെ ബാധിക്കുന്ന പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം ടിവികെ സർക്കാർ അനാവശ്യ കാര്യങ്ങൾക്കായി വൻതുക ചെലവഴിക്കുകയും പഴയ കാര്യങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യുകയുമാണെന്നും പളനിസ്വാമി ആരോപിച്ചു.
തിങ്കളാഴ്ച നിയമസഭയിൽ നടന്ന രൂക്ഷമായ വാക്പോരിന് പിന്നാലെയാണ് സഭയിൽ സംഘർഷാവസ്ഥ ഉടലെടുത്തത്. മുൻ ഡിഎംകെ സർക്കാരിനെതിരെ വിജയ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാൻ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന് ഉടൻ അവസരം നൽകാതിരുന്നതിനെ തുടർന്ന് ഡിഎംകെ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ രേഖകൾ, സാർക്കറിയ കമ്മീഷൻ എന്നിവ പരാമർശിച്ച വിജയ്, മുൻ ഡിഎംകെ സർക്കാരുകളുടെ കാലത്ത് നടന്നതായി ആരോപിക്കുന്ന ക്രമക്കേടുകളെയും അഴിമതിയെയും കുറിച്ചും തന്റെ പ്രസംഗത്തിനിടെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഡിഎംകെ ഈ ആരോപണങ്ങൾ നിഷേധിക്കുകയും അതിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
Content Highlights: AIADMK leader Edappadi K Palaniswami challenges Tamil Nadu Chief Minister M K Stalin and the DMK to join forces against actor-turned-politician Vijay, raising questions over possible political alliances ahead of the Tamil Nadu Assembly elections.