ഖര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധികലശം നടത്തിയെന്ന പരാതി; ഒടുവില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്

ഉത്തരാഖണ്ഡിലെ ഹൽദ്വാനി പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധികലശം നടത്തിയെന്ന പരാതിയില്‍ ഒടുവില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. ഉത്തരാഖണ്ഡിലെ ഹൽദ്വാനി പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്. ഭാരതീയ ന്യായ സംഹിതയിലെ 196, 299 എന്നീ വകുപ്പുകളും എസ്‌സി/എസ്ടി ആക്ടിലെ 3(1)(r) വകുപ്പും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഉത്തരാഖണ്ഡ് പൊലീസിന് ഏകദേശം എണ്‍പതോളം പരാതികളായിരുന്നു ലഭിച്ചത്.

സംഭവത്തില്‍ കേസെടുക്കാത്തതില്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് എംപിമാര്‍ അടക്കം പ്രതിഷേധിച്ചിരുന്നു. കൊടിക്കുന്നില്‍ സുരേഷ്, ശശികാന്ത് സെന്തില്‍, മല്ലു രവി, വര്‍ഷ ഗയ്ക്‌വാദ്, കോൺഗ്രസിൻ്റെ മൈനോരിറ്റി ആന്‍ഡ് ആദിവാസി വിഭാഗം കോര്‍ഡിനേറ്റര്‍ കെ രാജു, എസ്‌സി വിഭാഗത്തിന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രാജേന്ദ്ര പോള്‍ ഗൗതം എന്നിവരായിരുന്നു പ്രതിഷേധിച്ചത്. മൂന്നര മണിക്കൂറുകളോളം ഇവരുടെ പ്രതിഷേധം നീണ്ടു. സീറോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ മടങ്ങില്ലെന്നായിരുന്നു നേതാക്കളുടെ നിലപാട്. ഇതിന് പിന്നാലെ ഉത്തരാഖണ്ഡില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ എംപിമാരെ അറിയിക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട് തെളിവ് കാണിക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. ഇതോടെ ഉത്തരാഖണ്ഡില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ കോപ്പി ഉദ്യോഗസ്ഥര്‍ എംപിമാരെ കാണിച്ചു. ഇതിന് പിന്നാലെയാണ് എംപിമാര്‍ പൊലീസ് സ്റ്റേഷന്‍ വിട്ടത്.

താന്‍ പ്രസംഗിച്ചവേദി ബിജെപി പ്രവര്‍ത്തകര്‍ ശുദ്ധീകരിച്ചെന്ന ഗുരുതര ആരോപണവുമായി ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിമൂന്നിനായിരുന്നു ഖര്‍ഗെ രംഗത്തെത്തിയത്. ഓഗസ്റ്റ് എട്ടിന് ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്ന റാലിക്ക് പിന്നാലെ താന്‍ പ്രസംഗിച്ച വേദി ശുദ്ധീകരിച്ചെന്നായിരുന്നു ഖര്‍ഗെ പറഞ്ഞത്. രാജ്യസഭയിലായിരുന്നു ഖര്‍ഗെയുടെ പ്രതികരണം. താന്‍ ദലിതനായതുകൊണ്ടാണ് ശുദ്ധികലശം നടത്തിയതെന്നും ഇപ്പോഴും തൊട്ടുകൂടായ്മയുണ്ടെന്നും ഖര്‍ഗെ പറഞ്ഞിരുന്നു. ജനാധിപത്യ സംവിധാനത്തിന് ചേരുന്നതാണോ ഇത്തരം പ്രവൃത്തികള്‍ എന്ന് ചോദിച്ച ഖര്‍ഗെ ഇങ്ങനെയുള്ളവര്‍ എങ്ങനെ ഭരണഘടന സംരക്ഷിക്കുമെന്നും ആഞ്ഞടിച്ചിരുന്നു. ഖര്‍ഗെയുടെ പ്രതികരണത്തിന് പിന്നാലെ മന്ത്രി ജെ പി നദ്ദ സഭയില്‍ ഖേദം പ്രകടിപ്പിക്കുകയും സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്നും പറഞ്ഞിരുന്നു. ദളിത് വിഭാഗത്തില്‍പ്പെട്ട ഖര്‍ഗെയെ അപമാനിക്കുന്ന നടപടിയാണ് ഉത്തരാഖണ്ഡിലുണ്ടായതെന്നായിരുന്നു കോണ്‍ഗ്രസ് പ്രതികരിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതരിെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിന് ഖര്‍ഗെ നദ്ദയ്ക്ക് കത്തയച്ചിരുന്നു.

Content highlights- Police have registered an FIR after a complaint alleged that a purification ritual was conducted at a venue where Congress president Mallikarjun Kharge had delivered a speech

To advertise here,contact us