'ചെങ്കോട്ടയിൽ നൽകിയത് ഹോമിയോപ്പതി ഡോസ്'; ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച് നരേന്ദ്ര മോദി

ആ പ്രസ്താവന കാരണം യഥാര്‍ത്ഥ ദിമാഗി നക്‌സലുകളെ മനസ്സിലാക്കാന്‍ കഴിഞ്ഞെന്നും മോദി പറഞ്ഞു

ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് എന്നായിരുന്നു മോദി പറഞ്ഞത്. ആ പ്രസ്താവന കാരണം യഥാര്‍ത്ഥ ദിമാഗി നക്‌സലുകളെ മനസ്സിലാക്കാന്‍ കഴിഞ്ഞെന്നും മോദി പറഞ്ഞു. ഹോമിയോപ്പതി മരുന്ന് കഴിച്ചാല്‍ രോഗം മൂര്‍ച്ഛിക്കുന്ന പതിവുണ്ടെന്നും അങ്ങനെയൊരു മരുന്നാണ് താന്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ഡല്‍ഹി സര്‍വകലാശാലയിലെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ നൂറാം വാര്‍ഷിക ചടങ്ങിലാണ് മോദി പരാമര്‍ശം നടത്തിയത്. പ്രതിപക്ഷ പാര്‍ട്ടികളെ ലക്ഷ്യം വെച്ചായിരുന്നു മോദിയുടെ 'ദിമാഗി നക്സല്‍' വിമര്‍ശനം.

പാകിസ്താന്‍ ഇന്ത്യന്‍ മണ്ണില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ചാല്‍, ഇന്ത്യന്‍ സൈന്യം അവരുടെ വീടുകളില്‍ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ജമ്മു കശ്മീരില്‍ നിന്ന് വടക്കുകിഴക്കന്‍ മേഖലയിലേക്ക് സമാധാനം വര്‍ദ്ധിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ഭീകരതയുടെയും നക്‌സലിസത്തിന്റെയും പിന്‍ഭാഗം തകര്‍ന്നു. ഒരുകാലത്ത് ഇന്ത്യയുടെ നയ സ്തംഭനത്തെക്കുറിച്ച് ആശങ്കാകുലരായിരുന്ന ലോകം ഇന്ന് ഇന്ത്യയുടെ നയ തന്ത്രത്തെക്കുറിച്ച് സംസാരിക്കുന്നു. ഇന്ത്യയുടെ ജിഡിപി വളര്‍ച്ച അംഗീകരിക്കാന്‍ ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ട്', മോദി കൂട്ടിച്ചേര്‍ത്തു.

ആയുധധാരികളായ നക്‌സലുകളെ വനങ്ങളില്‍ നിന്ന് തുടച്ചുനീക്കുന്നതിലും രാജ്യത്തെ പ്രതിസന്ധിയില്‍ നിന്ന് മോചിപ്പിക്കുന്നതിലും നാം വിജയിച്ചുവെന്നാണ് നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞത്. ആയുധധാരികളായ നക്‌സലുകള്‍ ഇല്ലാതായെങ്കിലും, ദിമാഗി നക്‌സലുകള്‍ ഇപ്പോഴും ഒളിഞ്ഞിരിക്കുകയാണെന്നും മോദി പറഞ്ഞിരുന്നു. മോദിയുടെ പരാമർശത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം താന്‍ 'ദിമാഗി നക്‌സല്‍' ആയിരിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നായിരുന്നു പ്രതികരിച്ചത്.

Content Highlights: Prime Minister Narendra Modi referred to a “homeopathy dose” at the Red Fort and repeated his “Dimagi Naxal” remark during his speech.

To advertise here,contact us