ചെന്നൈ: 2029ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യെ ഉയര്‍ത്തിക്കാട്ടുന്ന ടിവികെ നിലപാടില്‍ എതിര്‍പ്പ് വ്യക്തമാക്കി കോണ്‍ഗ്രസ്. ടിവികെ മന്ത്രിസഭയിലെ കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജി ഭീഷണി ഉയര്‍ത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാവിയില്‍ ഇന്ത്യയെ നയിക്കുന്നത് ടിവികെ അധ്യക്ഷനും സ്ഥാപകനുമായ വിജയ് ആയിരിക്കുമെന്ന ടിവികെ നേതാക്കളുടെയും മന്ത്രിമാരുടെയും പ്രസ്താവനയാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചതെന്നാണ് റിപ്പോർട്ട്.
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ അംഗീകരിക്കാന്‍ ടിവികെയ്ക്ക് കഴിയില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്നും കോൺഗ്രസ് മന്ത്രിമാർ രാജിവയ്ക്കുമെന്ന് ടൂറിസം മന്ത്രി രാജേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ് 30ന് മാർത്താണ്ഡത്ത് നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കോൺഗ്രസ് നേതാവ് കൂടിയായ രാജേഷ് കുമാർ വ്യക്തമാക്കുന്നത്. രാജ്യം ഇനി നയിക്കാന്‍ പോകുന്നത് വിജയ് ആണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും പാര്‍ലമെന്റില്‍ 272 പേരുടെ പിന്തുണ അതിന് ആവശ്യമാണെന്നും മന്ത്രിമാര്‍ ചൂണ്ടിക്കാട്ടുന്നു.
വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് പിസിസി അധ്യക്ഷനും രംഗത്ത് വന്നിരുന്നു. തമിഴ്നാട് മന്ത്രിമാരുടെ ഇത്തരം പ്രസ്താവനകള്‍ ആരാധനാ 'മനോഭാവ'ത്തില്‍ നിന്നുണ്ടാകുന്നതാണെന്നായിരുന്നു തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ മാണികം ടാഗോറിൻ്റെ പ്രതികരണം. വിജയ്യെ തല്‍സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത് തെരഞ്ഞെടുപ്പ് തന്ത്രമാണെന്നും നരേന്ദ്ര മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ രാഹുല്‍ ഗാന്ധിക്ക് പകരം മറ്റൊരാളില്ലെന്ന് കോണ്‍ഗ്രസ് എംപി ജോതിമണിയും പ്രതികരിച്ചിരുന്നു.
നേരത്തെ നിയമസഭയിലാണ് ചില ടിവികെ എംഎല്‍എമാർ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വിജയ് വരണമെന്ന തരത്തില്‍ ആദ്യം പ്രസ്താവന നടത്തിയത്. ഇതിനിടെ രാജ്യത്തുടനീളം വിജയ്ക്ക് പിന്തുണ നല്കുന്ന നിരവധി പേരുണ്ടെന്ന് തമിഴ്നാട് മന്ത്രിയായ ടിവികെ നേതാവ് നിര്‍മല്‍ കുമാറും പ്രതികരിച്ചിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും ഈ സമയം ഇത്തരം ചര്‍ച്ചകള്‍ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പിന്നീടിത് പൊതു ചർച്ചയായി മാറുകയായിരുന്നു. വിജയ്യെ ഉയർത്തിക്കാണിച്ച് പോസ്റ്ററുകളും പ്രൊമോഷണല്‍ വീഡിയോകളും ഇതിന് പിന്നാലെ പ്രചരിക്കുകയും ചെയ്തു. തമിഴ്നാടിന് പുറത്ത് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും വിജയ്യെ പിന്തുണയ്ക്കുന്ന പ്രൊമോഷണല്‍ വീഡിയോകള്‍ ഹിറ്റാണ്.
തമിഴ്നാട്ടില്‍ ടിവികെ മന്ത്രിസഭയെ കോൺഗ്രസ് പിന്തുണയ്ക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി സ്ഥാനത്തിൻ്റെ പേരിൽ ചര്‍ച്ച ഉയര്‍ന്ന് വരുന്നത് സര്‍ക്കാരിന്റെ നിലനില്പ്പിനെഅത് ബാധിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്. നിലവിൽ കോൺഗ്രസ് പിന്തുണയോടെയാണ് നിയമസഭയിൽ കേവലം ഭൂരിപക്ഷമില്ലാത്ത് ടിവികെ ഭരണം നടത്തുന്നത്. ഇതിനിടെ പ്രധാനമന്ത്രി ആരായിരിക്കണം എന്നതില്‍ ഇന്ത്യ ടുഡേ ദേശവ്യാപകമായി നടത്തിയ സര്‍വെ ഫലം പുറത്ത് വന്നതും വിജയ് അനുകൂല ചർച്ചക്ക് ഇടയാക്കിയിരുന്നു. സര്‍വേയില്‍ 9ശതമാനം പേരുടെ പിന്തുണ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വിജയ്ക്ക് ലഭിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുള്ള പിന്തുണയിൽ സർവേയിൽ മൂന്നാമതായിരുന്നു വിജയ്. 49 ശതമാനം പേര് നരേന്ദ്ര മോദിയെ പിന്തുണച്ചപ്പോള്‍ 27 ശതമാനം പേര് രാഹുല്‍ ഗാന്ധിയെയാണ് തെരഞ്ഞെടുത്തത്.
Content Highlights: Tensions have emerged between TVK and Congress over the 2029 Prime Ministerial candidate. Tamil Nadu Tourism Minister S. Rajesh Kumar said Congress ministers would resign from the TVK-led government if Rahul Gandhi is not accepted as the alliance's candidate