മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മുൻ മാനേജരുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിൽ മഹാരാഷ്ട്ര സർക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ച് ബോംബെ ഹൈക്കോടതി. അന്വേഷണത്തിൽ ഉണ്ടായ ഓരോ പോരായ്മകളും ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമർശനം. 2020 ജൂൺ എട്ടിനാണ് സുശാന്തിന്റെ മാനേജരായിരുന്ന ദിശ സാലിയാൻ മുംബൈയിലെ മലാദിലുള്ള റെസിഡൻഷ്യൽ കെട്ടിടത്തിന്റെ പതിനാലാം നിലയിൽ നിന്ന് വീണ് മരിച്ചത്. പതിനാലാം നിലയിൽ നിന്ന് വീണിട്ടും ഒരാളുടെ പല്ലുകൾ മാത്രമേ തകരുകയുള്ളോ എന്നാണ് കോടതി ആദ്യം ഉന്നയിച്ച ചോദ്യം. ശരീരത്തിൽ ഉണ്ടായിരുന്ന രക്തക്കറ, പരിക്കുകളുടെ രീതി എന്നിവയൊന്നും എവിടെയും പരാമർശിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അത്രയും ഉയരത്തിൽ നിന്ന് ഒരാൾ താഴേക്ക് പതിച്ചാൽ തലയോട്ടിക്ക് ഒരു പരിക്കും ഏൽക്കാതെ പല്ലുമാത്രം തകരാൻ കാരണമാകുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു
അതേസമയം യുവതിക്ക് മുഖത്തും തലയോട്ടിക്കും വാരിയെല്ലിനുമടക്കം ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടർ ശിശിർ ഹൈർ മറുപടി നൽകി. വീഴ്ചയിൽ ശരീരത്തിലെവിടെയാണോ ആഘാതമുണ്ടാകുന്നത് അതിനെ ആശ്രയിച്ചാകും രക്തസ്രാവം ഉണ്ടാവുകയെന്നും അദ്ദേഹം വിശദീകരിച്ചു. മാത്രമല്ല, മൺസൂൺ കാലമായതിനാൽ ശക്തമായ മഴമൂലം തളംകെട്ടിയ രക്തം ഒലിച്ച് പോയിട്ടുണ്ടാകാമെന്നും അദ്ദേഹം വാദിച്ചു. ഉടനടി തന്നെ കോടതി ഇടപെട്ട് പ്രധാനപ്പെട്ട മറ്റ് ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടി. യുവതിയുടെ മരണം സംഭവിച്ച് ആറര മണിക്കൂറിന് ശേഷമാണ് മഴ പെയ്തതെന്നും കൃത്യമായി മഴ പെയ്ത സമയം രാവിലെ 9.40ഓടെയാണെന്നും കോടതി പറഞ്ഞു. അതേസമയം തന്നെ യുവതിയുടെ വസ്ത്രവുമായി ബന്ധപ്പെട്ടും വൈരുദ്ധ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പൊലീസിന്റെ മഹ്സറിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും യുവതിയുടെ ശരീരത്തിൽ വസ്ത്രങ്ങളില്ലായിരുന്നെന്ന് സൂചിപ്പിക്കുമ്പോൾ ആശുപത്രിയിലെയും മോർച്ചറിയിലെയും ചിത്രങ്ങളിൽ വസ്ത്രമുണ്ടെന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞു. ഇത്തരം സംശയങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ പെട്ടെന്ന് ഒരു നിഗമനത്തിൽ എത്തിച്ചേരാനല്ല ശ്രമിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
ദിശയുടെ മരണത്തിൽ ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. അന്വേഷണത്തിന് ശേഷം ദിശ ജീവനൊടുക്കിയെന്ന നിഗമനത്തിലാണ് എത്തിയത്. എന്നാൽ തന്റെ മകൾ കൂട്ടബലാത്സംഗത്തിന് ഇരയായാണ് മരിച്ചതെന്ന് കാട്ടി ദിശയുടെ പിതാവ് കഴിഞ്ഞവർഷം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ തന്റെ മകൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നെന്നും തങ്ങൾക്ക് പരാതിയൊന്നുമില്ലെന്നും ദിശയുടെ പിതാവ് 2024ൽ അഭിപ്രായപ്പെട്ടിരുന്നുവെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു. ഇതുകൂടാതെ ആദിത്യ താക്കറെയെ രാഷ്ട്രീയ നേതാവെന്ന നിലയിൽ മാത്രമേ അറിയാവുവെന്നും കേസിൽ അദ്ദേഹത്തിന് ബന്ധമൊന്നുമില്ലെന്നും ദിശയുടെ പിതാവ് മുമ്പ് പറഞ്ഞിരുന്നെന്നും പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു. അതേസമയം തന്നെ ദിശയ്ക്കൊപ്പം താമസിച്ചിരുന്ന റോഹൻ റായ് എന്ന യുവാവ്, ദിശ മാനസിക സമ്മർദത്തിൽ ആയിരുന്നെന്നും കൊലപാതകത്തിന് ഒരു സാധ്യതയില്ലെന്നും മൊഴി നൽകിയെന്നും ശിശിർ ഹൈർ ചൂണ്ടിക്കാട്ടി. മാത്രമല്ല ഈ കേസ് രാഷ്ട്രീയ മുതലെടുപ്പിന് വഴിവെക്കാൻ പാടില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ബലാത്സംഗത്തിന്റെ സൂചനകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും ശിശിർ പറഞ്ഞു. എന്നാൽ കൂടുതൽ വിശദീകരണത്തിലേക്ക് കടക്കാൻ അദ്ദേഹത്തെ കോടതി സമ്മതിച്ചില്ല.
Content Highlights: A court has raised questions regarding the demise of actor Sushant Singh Rajput’s former manager after a fall from the 14th floor.