ഇന്ത്യയിലെ പ്രസാധകര്‍ തങ്ങളല്ല, മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിച്ചെന്ന വാര്‍ത്ത തെറ്റ്; പെന്‍ഗ്വിന്‍ ഇന്ത്യ

വസ്തുതകള്‍ പരിശോധിക്കുന്നതും മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതും പ്രസിദ്ധീകരണ പ്രക്രിയയുടെ സ്വാഭാവിക ഭാഗമാണെന്നും പ്രസാധകര്‍ പറയുന്നു

ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പിന്നോട്ട് പോയെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി പ്രസാധകരായ പെന്‍ഗ്വിന്‍ ഇന്ത്യ രംഗത്ത്. ഇന്ത്യയിലെ പ്രസാധകര്‍ തങ്ങളല്ലെന്നാണ് പെന്‍ഗ്വിന്‍ ഇന്ത്യ നല്‍കുന്ന വിശദീകരണം. മാറ്റങ്ങള്‍ വരുത്താന്‍ വിസമ്മതിച്ചതിനാലാണ് പുസ്തകം പ്രസിദ്ധീകരിക്കാത്തത് എന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

വസ്തുതകള്‍ പരിശോധിക്കുന്നതും മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതും പ്രസിദ്ധീകരണ പ്രക്രിയയുടെ സ്വാഭാവിക ഭാഗമാണെന്നും പ്രസാധകര്‍ പറയുന്നു. എഴുത്തുകാരിയുമായി നടത്തിയ ചര്‍ച്ചകളില്‍ പുസ്തകം പ്രസിദ്ധീകരിക്കാന്‍ തങ്ങള്‍ക്ക് പൂര്‍ണ്ണ താല്പര്യമുണ്ടായിരുന്നു എന്നും അവരുമായി നടത്തിയ രഹസ്യ ചര്‍ച്ചകളുടെ വിവരങ്ങള്‍ പുറത്തുവിടില്ലെന്നും പെന്‍ഗ്വിന്‍ ഇന്ത്യ പറയുന്നു.

പെന്‍ഗ്വിന്‍ പ്രസിദ്ധീകരണത്തിൽ നിന്നും പിന്മാറിയതോടെ, ഈ പുസ്തകം ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള അവകാശം നേടാനായി നിരവധി ഇന്ത്യന്‍ പ്രസാധകര്‍ രംഗത്തുണ്ട്. ഇതില്‍ ഹാര്‍പ്പര്‍കോളിന്‍സ് കരാര്‍ ഉറപ്പിക്കുന്നതിന്റെ തൊട്ടടുത്ത ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസാധന രംഗത്തെ പ്രമുഖ സ്ഥാപനവും പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസിന്റെ ഭാഗവുമായ 'ആല്‍ഫ്രഡ് എ നോഫ്', കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ ആത്മകഥ നവംബര്‍ 10-ന് പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചു.

സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലൗ' എന്ന പുസ്തകം പെന്‍ഗ്വിന്‍ ഇന്ത്യ പ്രസിദ്ധീകരിക്കില്ലെന്ന വാര്‍ത്ത ഇന്നാണ് പുറത്ത് വന്നത്. ചില എഡിറ്റോറിയല്‍ മാറ്റങ്ങള്‍ വരുത്തണമെന്നും ചില ഭാഗങ്ങള്‍ ഒഴിവാക്കുകയും വേണമെന്ന പെന്‍ഗ്വിന്റെ അവശ്യം സോണിയാ ഗാന്ധി തള്ളിയ പശ്ചാത്തലത്തിലാണ് നടപടി എന്നായിരുന്നു വിവരം. പുസ്തകത്തില്‍ നിന്ന് ഏത് ഭാഗങ്ങള്‍ ഒഴിവാക്കുന്നതിനാണ് പ്രസാധകര്‍ ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കിയിരുന്നില്ല.

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ വലിയ സംഭവങ്ങള്‍ വിവരിക്കുന്ന പുസ്തകം പുറത്തിറങ്ങുന്നത് രാഷ്ട്രീയ രംഗത്ത് തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നാണ് നിഗമനം. രാജീവ് ഗാന്ധിയുമായുള്ള വിവാഹം, രാജീവ് ഗാന്ധിയുടെ മരണം, അതിനു ശേഷം രാഷ്ട്രീയത്തിലേക്കുള്ള കടന്നു വരവ് എന്നിവയെല്ലാം പുസ്തകത്തില്‍ വിവരിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രസാധകര്‍ പിന്നോട്ട് പോയത് എന്തുകൊണ്ടാണെന്ന ചര്‍ച്ച നിലനില്‍ക്കുന്നതിനിടെയാണ് വിശദീകരണവുമായി പ്രസാധകര്‍ തന്നെ രംഗത്ത് വന്നത്.

Content Highlights: Penguin India has clarified reports surrounding the publication of Sonia Gandhi’s book, stating that it is not the publisher of the book in India. The publisher said fact-checking and suggesting changes are a normal part of the publishing process and denied that it withdrew from publication because of the author’s refusal to make changes.

To advertise here,contact us