‘പപ്പ പുഞ്ചിരിച്ചുകൊണ്ട് പ്രിയപ്പെട്ട സോണിയയെ നോക്കുന്നുണ്ടാകും’; ഹൃദയസ്പർശിയായ കുറിപ്പുമായി രാഹുല്‍ ഗാന്ധി

ആറു പതിറ്റാണ്ടിന്റെ ജീവിതാനുഭവങ്ങളും രാഷ്ട്രീയ മാറ്റങ്ങളും പറയുന്ന സോണിയയുടെ പുസ്തകം പുറത്തിറങ്ങാനിരിക്കെ, പുസ്തകത്തിന്റെ കവര്‍ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി സന്തോഷം രേഖപ്പെടുത്തിയത്

ന്യൂഡല്‍ഹി: രാജീവ് ഗാന്ധിയുടെ ജന്മദിനത്തില്‍ സോണിയാ ഗാന്ധിയെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ കുറിപ്പ് വൈറലാവുന്നു. സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലൗ' എന്ന പുസ്തകത്തെക്കുറിച്ചാണ് പരാമര്‍ശം. രാജീവ് ഗാന്ധിയുടെ വിയോഗ ശേഷം സോണിയാ ഗാന്ധി അനുഭവിച്ച ബുദ്ധിമുട്ടുകള്‍ തനിക്കും പ്രിയങ്കയ്ക്കും മാത്രമേ അറിയൂവെന്നും രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ആറു പതിറ്റാണ്ടിന്റെ ജീവിതാനുഭവങ്ങളും രാഷ്ട്രീയ മാറ്റങ്ങളും പറയുന്ന സോണിയയുടെ പുസ്തകം പുറത്തിറങ്ങാനിരിക്കെ, പുസ്തകത്തിന്റെ കവര്‍ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി സന്തോഷം രേഖപ്പെടുത്തിയത്. 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലൗ' എന്ന പുസ്തകം ഈ വര്‍ഷം നവംബര്‍ 10ന് പുറത്തിറങ്ങാനിരിക്കെയാണ് രാഹുലിന്റെ വൈകാരിക കുറിപ്പ്.

'അമ്മയെയും പപ്പയെയും ഞാന്‍ അവസാനമായി ഒരുമിച്ച് കണ്ടത് 35 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. പപ്പ പോയ നാള്‍ മുതല്‍, ജീവിതം മുന്നിലേക്ക് കൊണ്ടുവന്ന എല്ലാ പ്രതിസന്ധികളെയും നിങ്ങൾ അചഞ്ചലമായ ധൈര്യത്തോടും അന്തസ്സോടും കൂടി നേരിടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. നിങ്ങള്‍ എന്തൊക്കെയാണ് അനുഭവിച്ചതെന്നും, പപ്പയ്ക്ക് ശേഷമുള്ള നിങ്ങളുടെ ജീവിതം എത്രത്തോളം ദുഷ്‌കരമായിരുന്നുവെന്നും എനിക്കും പ്രിയങ്കയ്ക്കും മാത്രമേ ശരിക്കും അറിയൂ. നിങ്ങളെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ ഒടുവില്‍ നിങ്ങളുടെ കഥ 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലൗ' വായിക്കാന്‍ പോകുന്നു എന്നതില്‍ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. സ്വകാര്യത ഇഷ്ടപ്പെടുന്ന ഒരാളായ നിങ്ങള്‍ക്ക്, നിങ്ങളുടെ മനോഹരമായ കഥ ലോകത്തോട് പറയുക എന്നത് എത്രത്തോളം പ്രയാസകരമായിരുന്നുവെന്ന് എനിക്കറിയാം. ഇന്ന്, അദ്ദേഹത്തിന്റെ ജന്മദിനത്തില്‍, പപ്പ പുഞ്ചിരിച്ചുകൊണ്ട് തന്റെ പ്രിയപ്പെട്ട സോണിയയെ അഭിമാനത്തോടെ നോക്കുന്നത് എനിക്ക് കാണാം' എന്നാണ് രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചത്. അച്ഛന്‍ ഇപ്പോള്‍ അഭിമാനത്തോടെ അമ്മയെ നോക്കിക്കാണുന്നുണ്ടാവുമെന്നും രാഹുല്‍ ഗാന്ധി കുറിപ്പിൽ പറഞ്ഞിരുന്നു.

സോണിയാ ഗാന്ധിയുടെ ബിലോങ്ങിംഗ്: എ ജേര്‍ണി ഓഫ് ലവ് എന്ന ആത്മകഥ നവംബര്‍ 10ന് പ്രസിദ്ധീകരിക്കുമെന്ന് പ്രസാധകരായ ആല്‍ഫ്രഡ് എ നോഫ് അറിയിച്ചു.

കാര്യങ്ങള്‍ തുറന്നുപറയാന്‍ മടിച്ചിരുന്ന സോണിയ ഗാന്ധി, ഈ പുസ്തകത്തിലൂടെ തന്റെ അവിസ്മരണീയമായ ജീവിതമാണ് വിവരിക്കുന്നത്. യുദ്ധാനന്തര ഇറ്റലിയിലെ ബാല്യം മുതല്‍, തന്നെ ഇന്ത്യയിലെത്തിച്ച പ്രണയകഥയും അവര്‍ പുസ്തകത്തില്‍ പങ്കുവക്കുന്നു. ഒപ്പം തന്റെയും താന്‍ ദത്തെടുത്ത നാടിന്റെയും ഭാവി മാറ്റിമറിച്ച തീരാനഷ്ടങ്ങളും ഇതില്‍ ഉള്‍പ്പെടുന്നതായി പുസ്തകത്തിന്റെ സംഗ്രഹത്തില്‍ പറയുന്നു.

ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയും കരുത്തുറ്റ വ്യക്തിത്വവുമായിരുന്ന ഇന്ദിരാഗാന്ധിയുമായുള്ള സോണിയയുടെ കൂടിക്കാഴ്ചയും ഹിന്ദി സംസാരിക്കാനും സാരി ധരിക്കാനും ഇന്ത്യന്‍ ഭക്ഷണവിഭവങ്ങള്‍ ആസ്വദിക്കാനും പഠിക്കുന്നതിലൂടെ രാജീവിനൊപ്പം സോണിയ പുതിയ ജീവിതം ആരംഭിച്ചതും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

നേരത്തെ, രാജീവ് ഗാന്ധിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ജീവചരിത്രവും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ അടങ്ങിയ മറ്റൊരു പുസ്തകവും സോണിയാ ഗാന്ധി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും തമ്മിലുള്ള സ്വകാര്യ കത്തിടപാടുകള്‍ അടങ്ങിയ രണ്ട് വാല്യങ്ങളുടെ എഡിറ്റിംഗ് നിര്‍വഹിച്ചതും സോണിയാ ഗാന്ധിയായിരുന്നു.

Content Highlights: Only Priyanka and I truly know what Sonia Gandhi went through after Rajiv Gandhi’s death, Rahul Gandhi says in an emotional note as her memoir Belonging: A Journey of Love prepares for release

To advertise here,contact us