ചെന്നൈ: രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി 44കാരനായ മകന്. എസ് പദ്മാവതി(71) ആണ് കൊല്ലപ്പെട്ടത്. മകന് പാര്‍ത്ഥസാരഥിയെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം. ട്രാക്കിനു സമീപം വീല്‍ചെയര്‍ കണ്ട് സംശയം തോന്നിയതിനെ തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ മാനവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
യേലഗിരി എക്സ്പ്രസ് ട്രെയിന്‍ തട്ടിയാണ് പത്മാവതി മരിച്ചത്. ആദ്യം അപകടമാണെന്നാണ് കരുതിയതെങ്കിലും സംഭവസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വീല്‍ചെയര്‍ കണ്ടെത്തിയതോടെ പൊലീസിന് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വില്‍ചെയറിലിരുന്ന അമ്മയെ ട്രെയിനിന് മുന്നിലേക്ക് പാര്‍ത്ഥസാരഥി തള്ളിയിടുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ആവഡിയിലെ ഹെവി വെഹിക്കിള്‍സ് ഫാക്ടറിയിലെ കരാര്‍ ജീവനക്കാരനാണ് ഇയാള്‍.
മൂന്ന് മക്കളാണ് പദ്മാവതിക്കുള്ളതെന്നും കുടുംബപ്രശ്നങ്ങളും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് ഈ കൃത്യത്തിലേക്ക് നയിച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കൊലപാതക കുറ്റത്തിന് കേസെടുത്ത പൊലീസ് ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.പദ്മാവതിക്ക് ന്യൂറോഫൈബ്രോമാറ്റോസിസ് എന്ന രോഗമുണ്ടായിരുന്നു. അവരെയും ശാരീരിക ബുദ്ധിമുട്ടുകളുള്ള മുതിര്‍ന്ന സഹോദരനെയും പരിപാലിക്കേണ്ട ഉത്തരവാദിത്തം പാര്‍ത്ഥസാരഥിക്കായിരുന്നു. രണ്ടാമത്തെ മകന് വിവാഹം കഴിച്ച് മാറി താമസിക്കുകയാണ്. ഏറ്റവും ഇളയ മകനായ പാര്‍ത്ഥസാരഥി വിവാഹം കഴിച്ച് രണ്ട് പെണ്മക്കളുടെ അച്ഛനുമാണ്. കടുത്ത മദ്യപാനിയായ ഇയാളുടെ അടുത്തു നിന്നും ഭാര്യയും മക്കളും പിണങ്ങിപ്പോയിരുന്നു. തന്റെ ബുദ്ധിമുട്ടുകള്‍ സഹിക്കവയ്യാതെയാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുത്തതെന്നാണ് കുറ്റം സമ്മതിച്ച പ്രതി പൊലീസിനോട് പറഞ്ഞത്.
ചൊവ്വാഴ്ച വൈകീട്ടാണ് രോഗിയായ അമ്മയെ വീല്‍ചെയറില്‍ ഇരുത്തി ഇയാള്‍ റെയില്‍വേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലെത്തിയത്. യേലഗിരി എക്സ്പ്രസ് പാഞ്ഞുവന്നപ്പോള്‍ അമ്മയെ വീല്‍ചെയറോടെ പാളത്തിലേക്ക് തള്ളിയിടുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ പദ്മാവതി മരിച്ചു.
Content Highlights: Elderly Woman Lose Life After Son Allegedly Pushes Her in Front of a Moving Train