മുംബൈ: ഭരണനടപടികൾ കൂടുതൽ വ്യക്തതയോടെ ക്രമീകരിക്കാനുള്ള പരിഷ്കാരമെന്ന നിലയിൽ മഹാരാഷ്ട്ര സർക്കാർ പുതിയതായി വിജ്ഞാപനം ചെയ്ത 'മഹാരാഷ്ട്ര ഗവൺമെന്റ് റൂൾസ് ഓഫ് ബിസിനസ്, 2026' രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന് 'വീറ്റോ അധികാരം' നൽകുന്നതാണ് പുതിയ നീക്കം എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. മുഖ്യമന്ത്രിക്ക് കൂടുതൽ അധികാരം നൽകുന്ന ഇതിലെ പുതിയ ചട്ടമാണ് ഇപ്പോൾ ചർച്ചായാകുന്നത്. പൊതുതാൽപ്പര്യം ചൂണ്ടിക്കാട്ടി ഏത് മന്ത്രിയുടെ തീരുമാനവും തിരുത്താൻ പുതിയചട്ടം മുഖ്യമന്ത്രിക്ക് അധികാരം നൽകുന്നു. എന്നാൽ ഈ അധികാരം വിനിയോഗിക്കുമ്പോൾ തീരുമാനത്തിന്റെ കാരണങ്ങൾ രേഖാമൂലം വ്യക്തമാക്കണമെന്നും ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്.
അതത് വകുപ്പുകളുടെ പ്രാഥമിക ഉത്തരവാദിത്തം ബന്ധപ്പെട്ട മന്ത്രിക്കുതന്നെയായിരിക്കുമെങ്കിലും ഒരു തീരുമാനം പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് അത് തിരുത്താൻ നിർദേശിക്കാനുള്ള അന്തിമ അധികാരം മുഖ്യമന്ത്രിക്കുണ്ടാകും എന്നതാണ് പുതിയ ചട്ടത്തിലെ പ്രധാന സവിശേഷത. ഇത് മന്ത്രിമാരുടെ അധികാരം ഇല്ലാതാക്കുന്നില്ലെങ്കിലും മന്ത്രിമാരുടെ സ്വതന്ത്രാധികാരവും മുഖ്യമന്ത്രിയുടെ മേൽനോട്ടാധികാരവും തമ്മിലുള്ള സന്തുലിതാവസ്ഥ മുഖ്യമന്ത്രിക്ക് അനുകൂലമായി മാറുന്നതായാണ് വിലയിരുത്തപ്പെടുന്നത്. ഏത് വകുപ്പിൽ നിന്നുമുള്ള ഫയലുകളോ രേഖകളോ ആവശ്യപ്പെടാൻ മുഖ്യമന്ത്രിയ്ക്ക് അധികാരമുണ്ടെന്ന് പുതിയ ചട്ടങ്ങളിൽ വ്യക്തമായി നിർവ്വചിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ ബന്ധപ്പെട്ട മന്ത്രിയും വകുപ്പ് സെക്രട്ടറിയും ഫയലുകൾ നിർബന്ധമായും കൈമാറണം.ഇതോടെ പ്രധാനപ്പെട്ട വകുപ്പുതല തീരുമാനങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ നേരിട്ട് പരിശോധിക്കാനുള്ള അധികാരവും മുഖ്യമന്ത്രിക്ക് ലഭിച്ചതായാണ് വിലയിരുത്തപ്പെടുന്നത്.
ഈ തീരുമാനത്തിന്റെ രാഷ്ട്രീയ പ്രസക്തി ഏറെ വലുതാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും തമ്മിലുള്ള അധികാര സമവാക്യങ്ങളെക്കുറിച്ചാണ് ഇപ്പോൾ ചർച്ച ഉയരുന്നത്. നിയമപരമായ പഴുതടയ്ക്കാനാണോ അതോ സഖ്യസർക്കാരിനുള്ളിൽ മുഖ്യമന്ത്രിയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താനാണോ പുതിയ ചട്ടങ്ങൾ കൊണ്ടുവന്നത് എന്ന ചോദ്യമാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നത്. സഖ്യസർക്കാരിൽ ഓരോ കക്ഷിയുടെയും മന്ത്രിമാർ തങ്ങളുടെ വകുപ്പുകളിൽ ഗണ്യമായ രാഷ്ട്രീയ സ്വാധീനം പുലർത്താറുണ്ട്. അതിനാൽ തന്നെ പുതിയ ചട്ടങ്ങൾ മഹായുതി സഖ്യ സർക്കാരിനെ എങ്ങനെ ബാധിക്കും എന്ന രാഷ്ട്രീയ കൗതുകവും ചിലർ ഉന്നയിക്കുന്നുണ്ട്. എന്നാൽ ഇതിനെ ഭരണപരവും നിയമപരവുമായ പരിഷ്കാരമെന്നാണ് സർക്കാർ വിശേഷിപ്പിക്കുന്നത്.
മഹാരാഷ്ട്ര സർക്കാരിൻ്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന 'റൂൾസ് ഓഫ് ബിസിനസ്' പുതിയ ആശയമല്ല. ഭരണഘടനയുടെ ആർട്ടിക്കിൾ 166 പ്രകാരം സർക്കാർ പ്രവർത്തനരീതി നിയന്ത്രിക്കുന്ന ചട്ടങ്ങൾ സംസ്ഥാനത്ത് നേരത്തേ തന്നെ നിലവിലുണ്ട്. എന്നാൽ 2026ലെ പുതിയ ചട്ടങ്ങളിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അധികാരപരിധി കൂടുതൽ വ്യക്തമായി നിർവചിക്കുന്നുണ്ട്. 2023ലെ ബോംബെ ഹൈക്കോടതി സുപ്രധാനമായ ഒരു കേസിൽ നടത്തിയ വിധിയുടെ പശ്ചാത്തലത്തിലാണ് 'മഹാരാഷ്ട്ര ഗവൺമെന്റ് റൂൾസ് ഓഫ് ബിസിനസ്, 2026' വിജ്ഞാപനം ചെയ്തിരിക്കുന്നത്.
അന്ന് മുഖ്യമന്ത്രിയായിരുന്ന ഏക്നാഥ് ഷിൻഡെ ചന്ദ്രപൂർ ജില്ലാ സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്കുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് മന്ത്രി എടുത്ത ഒരു തീരുമാനം സ്റ്റേ ചെയ്തിരുന്നു. എന്നാൽ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് ആ ഉത്തരവ് റദ്ദാക്കുകയും അന്നത്തെ റൂൾസ് ഓഫ് ബിസിനസ് പ്രകാരം ബന്ധപ്പെട്ട മന്ത്രിയുടെ സ്വതന്ത്ര തീരുമാനത്തിൽ ഇടപെടാൻ മുഖ്യമന്ത്രിക്ക് അധികാരമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും അധികാരങ്ങൾക്കിടയിൽ വ്യക്തമായ അതിരുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പുതിയ ചട്ടങ്ങളിലൂടെ അതേ അധികാരം സർക്കാർ നിയമപരമായി വ്യക്തമായി ഉൾപ്പെടുത്തിയിരിക്കുകയാണ്. 2023ൽ കോടതി ചോദ്യം ചെയ്തിരുന്ന മുഖ്യമന്ത്രിയുടെ ഇടപെടൽ അധികാരമാണ് ഇപ്പോൾ പുതിയ ചട്ടങ്ങൾ വഴി ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നത്.
Content Highlights: Maharashtra Chief Minister Devendra Fadnavis is set to gain greater authority over cabinet decisions, with a reported veto power to review or overturn decisions taken by ministers. The move could significantly strengthen the Chief Minister’s position within the Maharashtra government.