ചെന്നൈ: മുടിയിലൂടെ പടരുന്ന പകര്‍ച്ചവ്യാധിയില്‍നിന്ന് രക്ഷനേടാന്‍ മൊട്ടയടിക്കുന്ന സ്ത്രീകള്‍ക്ക് 15,000 രൂപ വീതം തമിഴ്നാട് സര്‍ക്കാര്‍ നല്‍കുമെന്ന് വ്യാജ വാഗ്ദാനം. സേലം ജില്ലയിലെ മൂന്ന് സ്ത്രീകൾ തട്ടിപ്പിനിരയായി. ഫോൺ കോൾ വഴിയായിരുന്നു സ്ത്രീകൾക്ക് വാഗ്ദാനം എത്തിയത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് വിളിച്ചയാളാണ് മൊട്ടയടിക്കൽ പദ്ധതിയെക്കുറിച്ച് പറഞ്ഞതെന്നാണ് സ്ത്രീകൾ പറഞ്ഞത്. കുടുംബാംഗങ്ങളുടെ പേരും മറ്റ് വിവരങ്ങളും അയാൾ പറഞ്ഞു. ഇതിൽ വിശ്വസിച്ചാണ് പണം നൽകിയതെന്നും തട്ടിപ്പിനിരയായവർ പറഞ്ഞു.
കൊവിഡിന് സമാനമായ പകര്‍ച്ചവ്യാധി മുടിയിലൂടെ പടരുന്നെന്നും രോഗം തടയാന്‍ എത്രയും വേഗം മൊട്ടയടിക്കണമെന്നുമാണ് അയാൾ പറഞ്ഞത്. മൊട്ടയടിക്കുന്ന സ്ത്രീകള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ 15,000 രൂപ വീതം സാമ്പത്തിക സഹായം നല്‍കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് 45,000 രൂപയും ലാപ്ടോപ്പും നല്‍കുമെന്നും വിശ്വസിപ്പിച്ചു. വീട്ടിലെ പുരുഷന്മാർക്ക് 60,000 രൂപയാണ് തലയൊന്നിന് വാഗ്ദാനം നല്‍കിയതെന്നും സ്ത്രീകൾ പറഞ്ഞു.
അടുത്ത ദിവസങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഗ്രമാത്തില്‍ എത്തുമെന്നും മൊട്ടയടിച്ചവര്‍ക്ക് മാത്രം പണം നല്‍കുമെന്നും ഫോണ്‍ കോളിലൂടെ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് മൊട്ടയടിച്ചത്. മൊട്ടയടിച്ച ശേഷം ഫോണ്‍ വിളിച്ചയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
Content Highlights: Three women became victims of a fraud claiming to offer ₹15,000 from the Tamil Nadu government for shaving their heads to prevent infectious diseases.