'ഇന്ന് ഞാൻ സുഖമായി ഉറങ്ങും'; സസ്‌പെൻഡ് ചെയ്യപ്പെട്ട ഇൻസ്റ്റഗ്രാം അക്കൗണ്ട് തിരികെ കിട്ടിയതായി അഭിനവ് ബിഷ്ത്

സമരവേദിയില്‍ നിന്നും അഭിനവ് പങ്കുവെച്ച ദൃശ്യങ്ങളും റീലുകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു

ന്യൂഡല്‍ഹി: സസ്പെൻഡ് ചെയ്യപ്പെട്ട ഇൻസ്റ്റഗ്രാം അക്കൗണ്ട് തിരിച്ച് കിട്ടിയതായി ജന്തർ മന്തറിലെ സിജെപി സമര വേദിയിൽ നിന്ന് വൈറലായ കോണ്ടൻ്റ് ക്രിയേറ്ററും വിദ്യാർത്ഥിയുമായ അഭിനവ് ബിഷ്ത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തിരിച്ച് കിട്ടിയെന്നും തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി എന്നുമാണ് അഭിനവ് പറഞ്ഞത്. 'ഒടുവില്‍ എന്റെ അക്കൗണ്ട് തിരിച്ച് കിട്ടി. എന്റെ മുഖം കണ്ടാല്‍ നിങ്ങള്‍ക്കറിയാം, ഇന്നലെ രാത്രി മുതല്‍ ഞാന്‍ ഉറങ്ങിയിട്ടേയില്ല. ഇന്ന് ഞാന്‍ സുഖമായി ഉറങ്ങും. എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി. നിങ്ങള്‍ കാരണമാണ് എനിക്കെന്റെ അക്കൗണ്ട് തിരിച്ച് കിട്ടിയത്. ഞാന്‍ നിങ്ങളെ എല്ലാവരെയും ഒരുപാട് സ്‌നേഹിക്കുന്നു' എന്നാണ് അഭിനവ് പറഞ്ഞത്.

സമരവേദിയില്‍ നിന്നും അഭിനവ് പങ്കുവെച്ച ദൃശ്യങ്ങളും റീലുകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. @issac1rl എന്നതായിരുന്നു അഭിനവിന്റെ ഇന്‍സ്റ്റഗ്രാം ഐഡി. സിജെപി പ്രതിഷേധത്തിലെ പ്രധാനമന്ത്രിക്കെതിരായ അപകീര്‍ത്തി പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ഡല്‍ഹി പൊലീസ് നടപടി ആരംഭിച്ചിരുന്നു. അധിക്ഷേപ വീഡിയോകള്‍ പങ്കുവെച്ച അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണ്. സമര വേദിയില്‍ നിന്നുള്ള ജെന്‍സി പ്രതിഷേധ രീതികള്‍ അഭിനവിന്റെ പേജിലൂടെ ലക്ഷക്കണക്കിനാളുകളിലേക്ക് എത്തിയിരുന്നു. ജെൻ സി പ്രതിഷേധ രീതിയെന്ന നിലയിലായിരുന്നു റീലുകൾ വെെറലായത്. പിന്നാലെയാണ് അഭിനവിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ടത്.

Content Highlights: Viral CJP Viral student Abhinav gets his Instagram account back following restoration; expresses gratitude through social media.

To advertise here,contact us