ന്യൂഡൽഹി: ഒടുവിൽ ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ധർമേന്ദ്ര പ്രധാന്റെ രാജി. ധർമേന്ദ്ര പ്രധാൻ രാജിവെക്കേണ്ടതില്ലെന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തു. ഇതോടെ കേന്ദ്ര സർക്കാർ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു. ദേശീയ വിദ്യാഭ്യാസ നയം ശക്തമായി നടപ്പിലാക്കുന്നതിനായിട്ടാണ് ആർഎസ്എസ് പശ്ചാത്തലമുള്ള ധർമേന്ദ്ര പ്രധാനെ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായി ബിജെപി നിയോഗിച്ചതെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.
ഉത്തരവാദിത്വം നല്ല നിലയിൽ പൂർത്തിയാക്കിയെന്നായിരുന്നു രാജിക്ക് പിന്നാലെ ധർമേന്ദ്ര പ്രധാൻ പ്രതികരിച്ചത്. ചോദ്യപ്പേപ്പർ ചോർച്ചയിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു. യുവാക്കൾ ആണ് ഇന്ത്യയുടെ ശക്തിയെന്നും ധർമേന്ദ്ര പ്രധാൻ കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ ഐക്യം നിലനിർത്താനാണ് രാജി.
ജനാധിപത്യ സംവിധാനത്തിൽ ആരും ഭയപ്പെടേണ്ടതില്ലെന്ന സന്ദേശമാണിതെന്നായിരുന്നു സിജെപി സ്ഥാപകൻ അഭിജീത്ത് ദീപ്കെയുടെ പ്രതികരണം. ദില്ലി പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
"ഒടുവിൽ ധർമേന്ദ്ര പ്രധാൻ രാജി വെച്ചിരിക്കുന്നു. സർക്കാരിന്റെ നിലപാടുകൾക്ക് മുന്നിൽ വഴങ്ങാൻ തയ്യാറാകാത്ത ജനങ്ങളുടെ മുന്നിൽ ഈ ഭരണകൂടത്തിന് മുട്ടുമടക്കേണ്ടിവന്നതിന്റെ തെളിവാണ് ഈ രാജി. ജനാധിപത്യ സംവിധാനത്തിൽ ആരും ഭയപ്പെടേണ്ടതില്ലെന്ന സന്ദേശമാണിത്", അഭിജീത്ത് ദീപ്കെ പറഞ്ഞു. ആത്മഹത്യ ചെയ്ത വിദ്യാർത്ഥികൾക്ക് വേണ്ടി സമര വേദിയിൽ മൗന പ്രാർത്ഥന നടത്തുകയും ചെയ്തു.
മോദി മുട്ടുമടക്കിയെന്നും മോദിയുടെ അവസാനത്തിന്റെ ആരംഭമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ റിപ്പോർട്ടറിനോട് പ്രതികരിച്ചു. മോദിക്ക് വാശിയും അഹങ്കാരവുമായിരുന്നു. എന്തും സാധ്യമാകും എന്ന ധാരണ തെറ്റെന്ന് അദ്ദേഹത്തിന് ബോധ്യമായെന്നും കെ സി പ്രതികരിച്ചു.
ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരുകോടി നഷ്ടപരിഹാരം, പ്രതിഷേധക്കാർക്കെതിരെ നിയമനടപടി പാടില്ല എന്നീ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ധർമേന്ദ്ര പ്രധാന്റെ രാജിയുമായി ബന്ധപ്പെട്ട ആവശ്യത്തിൽ ഇന്ന് തീരുമാനം അറിയിക്കാം എന്നായിരുന്നു കേന്ദ്രം അറിയിച്ചിരുന്നത്. ഇതിനിടെയാണ് മന്ത്രി രാജി സമർപ്പിച്ചിരിക്കുന്നത്.
എബിവിപിയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ധർമേന്ദ്ര പ്രധാൻ ബിജെപിയുടെ യുവജനവിഭാഗമായ ഭാരതീയ ജനതാ യുവമോർച്ചയിൽ വിവിധ ഉത്തരവാദിത്വങ്ങൾ വഹിച്ചു. ഒഡീഷയിൽ ബിജെപിയുടെ പ്രധാന നേതാക്കളിൽ ഒരാളായി വളർന്നു.
രാജ്യസഭാംഗമായും ലോക്സഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
2004-ൽ ദിയോഗർ മണ്ഡലത്തിൽ നിന്നാണ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് രാജ്യസഭാംഗമായും പ്രവർത്തിച്ചു.
പെട്രോളിയം & പ്രകൃതിവാതക മന്ത്രി, സ്റ്റീൽ മന്ത്രി, നൈപുണ്യ വികസനവും സംരംഭകത്വവും മന്ത്രി എന്നീ സ്ഥാനങ്ങള് വഹിച്ചിട്ടുണ്ട്.
1997-ൽ ഒഡിഷയിൽ കോൺഗ്രസ് ഭരണകാലത്ത് ചോദ്യപേപ്പർ ചോർന്നപ്പോൾ, അവിടത്തെ സെക്രട്ടേറിയറ്റിന് മുന്നിൽ ആയിരത്തിയഞ്ഞൂറോളം വിദ്യാർത്ഥികളെ അണിനിരത്തി സമരം നയിച്ച എബിവിപി ദേശീയ സെക്രട്ടറിയായിരുന്നു ധർമേന്ദ്ര പ്രധാൻ.
Content Highlights: dharmendra pradhan resigned