ജന്തര്‍ മന്തര്‍ സമരത്തില്‍ പങ്കെടുക്കുകയോ സന്ദര്‍ശിക്കുകയോ ചെയ്യരുത്; വിലക്കുമായി കൂടുതല്‍ സര്‍വ്വകലാശാലകള്‍

ജനാധിപത്യപരമായ അവകാശങ്ങള്‍ വിനിയോഗിച്ചതിന് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്താന്‍ നിങ്ങള്‍ക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ജന്തര്‍ മന്തറില്‍ നടക്കുന്ന സമരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും വിലക്കി കൂടുതല്‍ സര്‍വ്വകലാശാലകള്‍. ഉത്തരാഖണ്ഡിലെ റൂര്‍ക്കി ഐഐടിക്ക് പിന്നാലെ ഡല്‍ഹി, ജെഎന്‍യു സര്‍വ്വകലാശാലകളാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ജെഎന്‍യു പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. അധ്യാപകരോ വിദ്യാര്‍ത്ഥികളോ മറ്റുജീവനക്കാരോ ജന്തര്‍മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുകയോ കാണാന്‍ പോവുകയോ പാടില്ലെന്നും മുന്നറിയിപ്പുണ്ട്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിലും നിയന്ത്രണങ്ങളുണ്ട്. യൂണിവേഴ്‌സിറ്റി മാര്‍ഗനിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചു.

ഡൽഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ വിലക്കിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. ജനാധിപത്യ അവകാശം വിനിയോഗിച്ചതിന് വിദ്യാര്‍ത്ഥികളെ യൂണിവേഴ്‌സിറ്റി ഭീഷണിപ്പെടുത്തുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. നിങ്ങള്‍ക്ക് എങ്ങനെയാണ് ഇതിന് ധൈര്യം വന്നത്. സമയം വരുമ്പോള്‍ ഇതിനെല്ലാം നിങ്ങളാണ് ഉത്തരവാദികളാകുക എന്ന് ദയവായി ഓര്‍ക്കുകയെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.

Content Highlights: More universities have restricted teachers and students from participating in the protests at Jantar Mantar against the alleged NEET question paper leak.

To advertise here,contact us