ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ചുള്ള അര്‍ധരാത്രിയിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സോഷ്യല്‍മീഡിയ ലൈവിന് താഴെ വിമര്‍ശനം ശക്തം. ഇത്രയും നാള് നിങ്ങള്‍ എവിടെയായിരുന്നുവെന്ന ചോദ്യം ഉയര്‍ന്നു. യുവാക്കള്‍ തെരുവില്‍ ക്രൂരമായി ആക്രമിക്കപ്പെടുമ്പോള്‍ ചര്‍ച്ചയ്ക്കായി സര്‍ക്കാര്‍ മുന്നോട്ട് വന്നില്ലെന്നും അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇതെല്ലാം ഒഴിവാക്കാമായിരുന്നുവെന്നും രഞ്ജിനി ഹരിദാസ് അഭിപ്രായപ്പെട്ടു.
'ഫ്രണ്ട്സ്' എന്ന് അഭിസംബോധന ചെയ്തായിരുന്നു പ്രധാനമന്ത്രി ലൈവ് ആരംഭിച്ചത്. എന്നാല്‍ 'ഞാന്‍ നിങ്ങളുടെ സുഹൃത്ത്' അല്ലെന്ന് കമന്റ് ചെയ്ത് യുവാക്കള്‍ രംഗത്തെത്തി. നമ്മള് ബെസ്റ്റീസ് ആവേണ്ടിയിരുന്നവരായിരുന്നുവെന്നും അത് സംഭവിച്ചില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. പാറ്റകള്‍ കൂട്ടത്തോടെ വന്നതോടെ ആ പ്രമുഖ ഇന്‍ഫ്ളുവന്‍സര്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ അടുത്തേക്ക് സൂം ചെയ്ത് തീര്‍ത്തും വിരസമായ ഒരു വീഡിയോ ചെയ്യേണ്ടി വന്നുവെന്ന പരിഹാസവും ഉയര്‍ന്നു. 'നിര്‍ത്തൂ'വെന്നായിരുന്നു വിദ്യാര്‍ത്ഥി നേതാവ് ഐഷ ഘോഷ് പറഞ്ഞത്.
പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ധ്രുവ് റാത്തിയും രംഗത്തെത്തി. കണ്ണുകളുടെ ചലനം നോക്കൂ. രണ്ട് മിനിറ്റ് പോലും ടെലിപ്രോംപ്റ്റര്‍ ഇല്ലാതെ ഒറ്റവാക്ക് പോലും പറയാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെന്നായിരുന്നു ധ്രുവ് റാത്തിയുടെ വിമര്‍ശനം. നിങ്ങളുടെ മന്ത്രിമാരാണ് കൊള്ള നടത്തിയതെന്നും എന്നാല്‍ ഇപ്പോഴും ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്നും ഒരാള്‍ കുറിച്ചു. നിങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ സമാധാനവും പുരോഗതിയുമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ രാജിവെക്കണമെന്നും നിരവധി പേര് കമന്റ് ചെയ്തു.
ഇന്നലെ അര്‍ധരാത്രിയായിരുന്നു നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഗൗരവമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലൈവിലൂടെ അറിയിച്ചത്. പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകളില്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ രൂപീകരിക്കുന്നതിനും കര്‍ശന ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള കരട് നിയമം ഇന്ന് കേന്ദ്ര മന്ത്രിസഭ പരിഗണിക്കുമെന്നും വീഡിയോ ലൈവില്‍ പറഞ്ഞിരുന്നു. ബില്‍ എത്രയും വേഗം പാസാക്കാനുള്ള ശ്രമമുണ്ടാകുമെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.
Content Highlights: Prime Minister Narendra Modi's late-night social media live has drawn widespread criticism in the comments section over the alleged NEET question paper leak.