ജന്തര്‍ മന്തറില്‍ സംഘര്‍ഷം, സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് നീക്കി പൊലീസ്; പ്രതിഷേധിച്ച് സിജെപി

അഭിജീത് ദീപ്‌കെ വീട്ടുതടങ്കലിലാണെന്ന് സിജെപി പ്രവർത്തകർ പറഞ്ഞു

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ നിരാഹാര സമരം നടത്തുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിന് പിന്നാലെ സിജെപി പ്രവർത്തകർ പ്രതിഷേധിച്ചു.

അപ്രതീക്ഷിത നീക്കങ്ങളായിരുന്നു പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. സമാധാനപരമായി മുന്നോട്ട് പോയ സമരമാണ് പൊലീസിന്റെ ഇടപെടലിലൂടെ സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. സോനം വാങ്ചുക്കിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയാണെന്നാണ് പൊലീസിന്റെ വിശദീകരണം. സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ അടക്കമുള്ള നേതാക്കല്‍ സ്ഥലത്ത് ഇല്ലാത്ത സമയത്തായിരുന്നു പൊലീസിന്റെ നടപടിയുണ്ടായത്.

നിരാഹാര സമരം നടത്തുകയായിരുന്ന സോനം വാങ്ചുക്കിനെ സര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കാനിരിക്കെയായിരുന്നു പൊലീസിൻ്റെ നടപടി ഉണ്ടായത്. പൊലീസും കേന്ദ്ര സേനയും സമരപ്പന്തലിലേക്ക് ഇരച്ചെത്തുകയായിരുന്നു. പൊലീസിൻ്റെ അപ്രതീക്ഷിത നടപടിയിൽ സിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. അഭിജീത് ദീപ്‌കെ വീട്ടുതടങ്കലിലാണെന്ന് സിജെപി പ്രവർത്തകർ പറഞ്ഞു. തീർത്തും സമാധാനപരമായ സമരം പൊലീസ് ഇടപെട്ട് സംഘർഷത്തിലേക്ക് നയിച്ചതായാണ് പ്രതിഷേധക്കാർ പറയുന്നത്. വലിയ പൊലീസ് സന്നാഹത്തോടെ വെള്ള ബെഡ്ഷീറ്റ് കൊണ്ട് മൂടിയാണ് സോനം വാങ്ചുക്കിനെ സമര പന്തലിൽ നിന്ന് നീക്കിയത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു, വാങ്ചുക്കിൻ്റെ സമരം ഇന്ന് 21-ാം ദിവസത്തിലേക്ക് കടന്നിരുന്നു. സോനത്തിൻ്റെ ആരോഗ്യനിലയിൽ ആശങ്ക ഉയർന്നിരുന്നു. 20 ദിവസം കൊണ്ട് സോനത്തിൻ്റെ ശരീരഭാരം 9.5 കിലോയായിരുന്നു കുറഞ്ഞത്.

സോനം വാങ്ചുക്കിന് നേരെ ആക്രമണശ്രമം ഉണ്ടായെന്നാരോപിച്ച് അഭിജീത് ദീപ്‌കെ ഇന്നലെ രംഗത്തെത്തിയിരുന്നു. ഇന്നലെ രാത്രി ചിലര്‍ വാങ്ചുക്കിന് നേരെ ചില വസ്തുക്കള്‍ വലിച്ചെറിഞ്ഞെന്നാണ് ദീപ്‌കെ പറഞ്ഞത്. എന്നാല്‍ ആക്രമണത്തില്‍ സോനം വാങ്ചുക്കിന് ഒന്നും സംഭവിച്ചില്ലെന്നും അദ്ദേഹം സുരക്ഷിതനാണെന്നും ദീപ്‌കെ പറഞ്ഞിരുന്നു. പ്രതിഷേധ സ്ഥലത്ത് തുടര്‍ച്ചയായി അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിച്ചിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നും ദീപ്കെ പറഞ്ഞിരുന്നു.

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂണ്‍ 20-ാം തീയതിയായിരുന്നു സിജെപി ജന്തര്‍ മന്തറില്‍ സമരം ആരംഭിച്ചത്. ഇതിന് പിന്നാലെ ജൂണ്‍ 27നായിരുന്നു സോനം വാങ്ചുക്ക് സമരപ്പന്തലില്‍ എത്തി നിരാഹാര സമരം ആരംഭിച്ചത്. സിജെപിയുടെ സമരം 27-ാം ദിവസത്തിലേക്ക് കടന്നു. സിപിഐഎം, സിപിഐ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും കോണ്‍ഗ്രസ് നേതാവ് ശശി തരൂരും അടക്കം നിരവധി പേരാണ് സിജെപിക്കും സോനം വാങ്ചുക്കിനും പിന്തുണ പ്രഖ്യാപിച്ചത്. നിരവധി പേര്‍ പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലില്‍ എത്തുന്നുണ്ട്.

Content Highlights:Police forcibly removed activist Sonam Wangchuk during a protest at Jantar Mantar in Delhi after tensions escalated

To advertise here,contact us